Home » നമ്മുടെ കോഴിക്കോട് » മാനാഞ്ചിറ-വെള്ളിമാട്കുന്ന് റോഡ്:ഭൂമി ഏറ്റെടുക്കൽ തുടങ്ങി

മാനാഞ്ചിറ-വെള്ളിമാട്കുന്ന് റോഡ്:ഭൂമി ഏറ്റെടുക്കൽ തുടങ്ങി

ഏറെ നാളത്തെ കാത്തിരിപ്പിനൊടുവിൽ വഴിമുട്ടിനിൽക്കുന്ന മാനാഞ്ചിറ-വെള്ളിമാട്കുന്ന് റോഡ് വികസനത്തിന് പുതുജീവൻ നൽകിക്കൊണ്ട് സർക്കാർഭൂമി ഏറ്റെടുക്കൽ പ്രവൃത്തിക്ക്‌ തുടക്കമായി.

വിവിധ സർക്കാർസ്ഥാപനങ്ങളുടെ 2.86 ഏക്കറോളം ഭൂമി ഏറ്റെടുക്കുന്നതിന്റെ ആദ്യപടിയായി എൻ.ജി.ഒ. ക്വാർട്ടേഴ്‌സ് ജങ്ഷനുസമീപം ഗവ. ലോ കോളേജിന്റെ മതിലിന്റെ ഒരുവശം പൊളിച്ചു. മുൻവശം മൂന്നുമീറ്ററോളം വീതിയിലും 15 മീറ്ററോളം നീളത്തിലും മണ്ണെടുത്തുകൊണ്ടാണ് ബുധനാഴ്ച രാവിലെ ഒമ്പതുമണിയോടെ വികസനപ്രവർത്തനങ്ങൾക്ക് പ്രാരംഭം കുറിച്ചത്.
ലോ കോളേജിന്റെ കരിങ്കൽഭിത്തിക്കുമീതെ കെട്ടിയുയർത്തിയ ചെങ്കല്ലുകൊണ്ടുള്ള മുകൾഭാഗം പൊതുമരാമത്ത് റോഡ്‌സ് വിഭാഗത്തിന്റെ നേതൃത്വത്തിൽ പൊളിച്ചു. ലോ കോളേജിന്റെ മതിൽ വൈകാതെ പൂർണമായും പൊളിച്ചുനീക്കും.
ഗേറ്റും കോളേജ് അങ്കണത്തിലെ ഷെഡ്ഡും പൊളിച്ചുമാറ്റിയശേഷം ഇവയെല്ലാം പുനർനിർമിച്ചുനൽകും. വരുംദിവസങ്ങളിൽ സിവിൽസ്റ്റേഷൻ, എ.ഡി.എം. ബംഗ്ലാവ്, ഡി.ഡി.ഇ. ഓഫീസ്, ഡിസാസ്റ്റർ മാനേജ്‌മെന്റ് കെട്ടിടം, നടക്കാവ് യു.പി. സ്കൂൾ, ടി.ടി.ഐ, മൃഗാസ്പത്രി, പൊതുമരാമത്തുവകുപ്പ് കെട്ടിടം, സിവിൽസ്റ്റേഷൻ യു.പി. സ്കൂൾ എന്നിവിടങ്ങളിലും സ്ഥലമേറ്റെടുത്ത് റോഡിന് വീതികൂട്ടും. പൊളിച്ചുമാറ്റിയ മൃഗാസ്പത്രിയുടെ മതിൽ അധികംവൈകാതെതന്നെ പുനർനിർമിച്ചുനൽകുമെന്ന് പൊതുമരാമത്തുവകുപ്പ് അറിയിച്ചിട്ടുണ്ട്.

സർക്കാർസ്ഥാപനങ്ങളുടെ ഭൂമി ഏറ്റെടുത്തുള്ള നിർമാണപ്രവൃത്തിക്കിടെ പൊളിക്കുന്ന ചുറ്റുമതിലുകൾ പുനർനിർമിക്കാൻ നിലവിൽ നാലുകോടിരൂപയാണ് അനുവദിച്ചിരിക്കുന്നത്. 2015 ഡിസംബറിൽ വകയിരുത്തിയ തുകയ്ക്കുള്ള സാങ്കേതികാനുമതി കഴിഞ്ഞവർഷം മേയിലാണ് ലഭ്യമായിരുന്നത്.

പിന്നീട് തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടവും ടെൻഡർ നടപടികളിലുള്ള കോടതി ഇടപെടലും മരങ്ങൾ ലേലം ചെയ്യുന്നതിലുള്ള മെല്ലെപ്പോക്കും റോഡുവികസനം അനിശ്ചിതത്വത്തിലാക്കിയിരുന്നു. ഇക്കഴിഞ്ഞ എട്ടിന് ജില്ലാ കളക്ടർ യു.വി. ജോസിന്റെ അധ്യക്ഷതയിൽ കളക്ടറുടെ ചേംബറിൽ വിളിച്ചുചേർത്ത യോഗത്തിൽ ലോ കോളേജിന്റെ ഭൂമിയേറ്റെടുക്കൽ സംബന്ധിച്ച അനിശ്ചിതത്വത്തിന് പരിഹാരമായതോടെയാണ് വികസനപ്രവൃത്തിക്ക്‌ പുതുജീവൻ കൈവന്നത്.

Leave a Reply