Home » കലാസാഹിതി » ആട്ടക്കളം » ഇതുഭൂമിയാണ് പുനര്‍ജനിക്കുന്നു

ഇതുഭൂമിയാണ് പുനര്‍ജനിക്കുന്നു

വിഖ്യാതനാടകകാരന്‍ കെ.ടി. മുഹമ്മദിന്റെ പ്രശസ്തനാടകം ‘ഇതുഭൂമിയാണ്’ വീണ്ടുംവേദിയിലെത്തുന്നു. കെ.ടി. യുടെ ശിക്ഷണത്തില്‍ നാടകവേദിയിലെത്തിയ ഉമേഷ് കൊല്ലമാണ് നാടകത്തിന്റെ പുനരാവിഷ്‌കരണത്തിന് നേതൃത്വം നല്‍കുന്നത്. കെ.ടി.യുടെ പ്രൊഫഷണല്‍ നാടകട്രൂപ്പായ കലിംഗയുടെ നിരവധിവേദികളില്‍ ഇതേനാടകത്തില്‍ ഹസ്സന്‍കോയക്ക് രംഗഭാഷനല്‍കിയ സുധാകരന്‍ തിക്കോടിയാണ് ഇവിടെയും ഇതേകഥാപാത്രമായെത്തുന്നത്.

കൊയിലാണ്ടി പെരുവട്ടൂര്‍ സൗഹാര്‍ദയാണ് നാടകത്തിന്റെ അവതാരകര്‍. മെയ് 13-ന് എട്ടിനാണ് സൗഹാര്‍ദയുടെ ദശവാര്‍ഷിഘോഷത്തോടനുബന്ധിച്ച് നാടകമവതരിപ്പിക്കുന്നത്. നാടകപ്രവര്‍ത്തകരായ എന്‍.വി. ബിജു, രഘുനാഥ് കീഴാരിക്കല്‍, ബേബിക്കുട്ടന്‍ കൊയിലാണ്ടി, ഹരി കുറുവങ്ങാട്, അന്‍പുശെല്‍വി, ശൈലജ കുന്നോത്ത്, ഷീന പി. നായര്‍ എന്നിവരാണ് കഥാപാത്രങ്ങള്‍ക്ക് ജീവന്‍ നല്‍കുന്നത്. 1953-ലാണ് വിവാദം കൊടുങ്കാറ്റുയര്‍ത്തിയ നാടകം ആദ്യമായി അരങ്ങിലെത്തിയത്. മതമൗലികവാദികളുടെ എതിര്‍പ്പിനെ മറികടന്ന് പ്രധാനകഥാപാത്രത്തെ അരങ്ങിലെത്തിച്ചത് സിനിമാതാരം കെ.പി. ഉമ്മറായിരുന്നു. അന്ന് ഉമ്മറിനും കെ.ടി. മുഹമ്മദിനും പ്രായം പതിനെട്ട്. നിലമ്പൂര്‍ ആയിഷ, കെ.ടി സെയ്ത്, സീനത്ത്, വില്യാപ്പള്ളിരാജന്‍ തുടങ്ങി നിരവധി കലാകാരന്മാര്‍ വിവിധകഥാപാത്രങ്ങളുമായി അരങ്ങിലെത്തി. നൂറുകണക്കിന് വേദികളിലാണ് നാടകം അരങ്ങേറിയത്. കലിംഗയുടെ രീതി പിന്‍പറ്റി ലൈവ് മ്യൂസിക്കാണ് നാടകാവതരണത്തിന്റെ പ്രത്യേകത. വിജയകുമാര്‍ മൂടാടിയും രാമകൃഷ്ണന്‍ പന്തലായനിയുമാണ് സംഗീതപശ്ചാത്തലമൊരുക്കുന്നത്. പ്രത്യേക ദീപവിന്യാസങ്ങളൊന്നുമില്ലാതെ പച്ചയായ ജീവിതയാഥാര്‍ഥ്യങ്ങളെ കെ.ടി.യുടെ രീതിയില്‍ത്തന്നെ അവതരിപ്പിക്കുകയാണ് ചെയ്യുന്നതെന്ന് നാടകപുനരാവിഷ്‌കാരം നടത്തിയ ഉമേഷ്‌കൊല്ലംപറഞ്ഞു. കെ.ടി.യുടെ മുഴുവന്‍ കഥാപാത്രങ്ങളെയും നാട്ടുമ്പുറത്തുകാര്‍ക്ക് പരിചയപ്പെടുത്തുന്നതിനായി മറ്റുനാടകങ്ങളും അരങ്ങിലെത്തിക്കുമെന്നും അദ്ദേഹം പറഞ്ഞു. നാടകത്തിന്റെ റിഹേഴ്‌സല്‍ പെരുവട്ടൂര്‍ ഉജ്ജയിനിയില്‍ നടന്നുവരുന്നു.

Leave a Reply