ഇസ്രായേല്‍ അധിനിവേശവും പലസ്തീന്റെ ചെറുത്തു നില്പും കേരളത്തെ ആരും പറഞ്ഞ് പഠിപ്പിക്കേണ്ട. എന്നാല്‍ പലസ്തീന്റെ പ്രതിരോധത്തിന്റെ പാഠങ്ങള്‍ പറയാന്‍ മലയാളത്തിന്റെ മണ്ണിലേക്ക് പലസ്തീന് നാടക പ്രവര്‍ത്തകരെത്തിയപ്പോള്‍ കോഴിക്കോട് ഇരു കൈയ്യും നീട്ടി സ്വീകരിച്ചു. പലസ്തീന് നാടക സംഘത്തിനൊപ്പം ഡല്‍ഹിയിലെ ജന നാട്യ മഞ്ചിലെ കലാകാരും കൂടി ചേര്‍ന്നപ്പോള്‍ ഹിന്ദിയിലും അറബിയിലുമായി അവതരിപ്പിച്ച ആദ്യത്തെ നാടകത്തിന് സാക്ഷ്യം വഹിക്കുകയായിരുന്നു കോഴിക്കോട്ടെ നാടക ആസ്വാദകര്‍.
കോഴിക്കോട് ടാഗോര്‍ ഹാളില്‍ അരങ്ങേറിയ നാടകം പലസ്തീനിലെ ജനീന് അഭയാര്‍ത്ഥി ക്യാമ്പില്‍ നിന്നെത്തിയ നാടക പ്രവര്‍ത്തകരാണ് അവതരിപ്പിച്ചത്. ഇന്ത്യയിലെ വിവിധ സ്ഥലങ്ങളില്‍ തെരുവു നാടകം അവതരിപ്പിക്കുക എന്ന ഉദ്ദേശ്യത്തോടെ എത്തിയ കലാകാരന്മാര്ക്കൊപ്പം ഇന്ത്യയിലെ മറ്റൊരു നാടകഗ്രൂപ്പ് കൂടി കൈകോര്‍ക്കുകയായിരുന്നു. ഇരു രാജ്യങ്ങളുടെയും ചരിത്രങ്ങളും മൂല്യങ്ങളുമെല്ലാം കോര്‍ത്തിണക്കി ആക്ഷേപഹാസ്യരൂപത്തിലാണ് നാടകം ഒരുക്കിയിരിക്കുന്നത്. ഇരു രാജ്യങ്ങളുടെയും ചരിത്രങ്ങളും മൂല്യങ്ങളും തങ്ങളുടെ നാടകത്തിലൂടെ വരച്ചിടുകയും യുദ്ധമെന്ന വിനാശത്തിനെതിരെ ആക്ഷേപ ഹാസ്യ രൂപത്തില്‍ പ്രതികരിക്കുകയുമാണ് ലക്ഷ്യമെന്ന് നാടക സംവിധായകന് നബീല്‍ അല്‍ റാഈ പറഞ്ഞു. തങ്ങളുടെ സ്വത്വത്തെ കണ്ടെത്താനുള്ള യാത്രയാണിതെന്നാണ് അഭിനേതാക്കളുടെ പക്ഷം.
പലസ്തീന് വിഷയത്തില്‍ ഇസ്രായേലിന് കുടപിടിക്കുന്ന അമേരിക്കന്‍ നിലപാടിനെയും അതിന് ബലിയാടാകുന്ന ഇന്ത്യന്‍ പ്രധാനമന്ത്രിയെയും ഹാസ്യരൂപേണ കലാകാരന്മാര് വേദിയില്‍ അവതരിപ്പിച്ചപ്പോള്‍ രണ്ട് കൈയ്യും നീട്ടിയാണ് ആസ്വാദകര്‍ പ്രചോദനമേകിയത്. നാടകവുമായി ഇന്ത്യയിലേക്ക് പുറപ്പെടുമ്പോള്‍ ജനീനിലെ നാട്ടുകാര്‍ നിറഞ്ഞ പിന്തുണയാണ് അറിയിച്ചതെന്ന് അഭിനേതാക്കള്‍ പറയുന്നു. എല്ലാം നഷ്ടപ്പെട്ടപ്പോള്‍ പുതിയൊരു ജീവിതമാണ് കലയിലൂടെ തങ്ങള്‍ക്ക് ലഭിക്കുന്നതെന്നും അതിരുകളെ കീറി മുറിക്കുന്ന ശാന്തിയുടെ ആശയമാണിതെന്നും ജന നാട്യ മഞ്ചിലെ അംഗമായ സുധാന്‍വാ ദേശ്പാണ്ഡെ പറഞ്ഞു.