Home » നമ്മുടെ കോഴിക്കോട് » സുരക്ഷാക്രമീകരണം: അന്തിമഘട്ട പരിശോധന ഇന്നുമുതല്‍

സുരക്ഷാക്രമീകരണം: അന്തിമഘട്ട പരിശോധന ഇന്നുമുതല്‍

എതിര്‍പ്പുമായി വ്യാപാരികള്‍

സുരക്ഷാ ക്രമീകരണങ്ങളുണ്ടായില്ലെങ്കില്‍ അത്തരക്കാരുടെ പേരില്‍ കര്‍ശന നടപടിയുണ്ടാകുമെന്ന് കളക്ടര്‍ യു.വി. ജോസ്

മിഠായിത്തെരുവിലെ കടകളിലെ സുരക്ഷാക്രമീകരണങ്ങള്‍ ഉറപ്പുവരുത്താന്‍ മേയ് 15 മുതല്‍ 19 വരെ അന്തിമഘട്ട പരിശോധന നടത്തും.

അതേസമയം ഉദ്യോഗസ്ഥരുടെ അന്യായമായ പരിശോധനയെ വ്യാപാരികള്‍ എതിര്‍ക്കുമെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന പ്രസിഡന്റ് ടി. നസിറുദ്ദീന്‍ പറഞ്ഞു. നേരത്തേ നോട്ടീസ് നല്‍കിയുള്ള പരിശോധനകളെ മാത്രമേ അംഗീകരിക്കുകയുള്ളൂ. അല്ലെങ്കില്‍ തടയും. വ്യാപാരികള്‍ക്ക് ഗുണകരമായ കാര്യങ്ങള്‍ക്കാണ് പരിശോധനയെന്നത് ബോധ്യപ്പെടുത്തേണ്ടത് ഉദ്യോഗസ്ഥരുടെ കടമയാണ്.

അങ്ങനെയല്ലാത്ത പരിശോധനകളുമായി സഹകരിക്കില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയനെയും കളക്ടറെയും അറിയിച്ചിട്ടുണ്ട്. മൂന്നാറിലെ പരിശോധനയെ സി.പി.എം. എങ്ങനെയാണ് എതിര്‍ത്തത്. ആ രീതിയില്‍ തന്നെയാണ് വ്യാപാരികളും എതിര്‍ക്കുക. തുണിക്കടയില്‍ ഫുഡ് ഇന്‍സ്‌പെക്ടര്‍മാര്‍ കയറേണ്ട ആവശ്യമില്ല. അങ്ങനെയുള്ള ഏത് നീക്കത്തെയും എതിര്‍ക്കുമെന്നും നസിറുദ്ദീന്‍ പറഞ്ഞു.

ഇനിയും സുരക്ഷാ ക്രമീകരണങ്ങളുണ്ടായില്ലെങ്കില്‍ അത്തരക്കാരുടെ പേരില്‍ കര്‍ശന നടപടിയുണ്ടാകുമെന്ന് കളക്ടര്‍ യു.വി. ജോസ് പറഞ്ഞു. ജില്ലാ ഭരണകൂടത്തിന്റെ നിര്‍ദേശങ്ങളെ എതിര്‍ക്കാന്‍ കഴിയില്ല. കാരണം ചെറിയ കാര്യങ്ങളേ വ്യാപാരികളോട് ചെയ്യാന്‍ പറഞ്ഞിട്ടുള്ളൂ. അവര്‍ നിര്‍ദേശിച്ച കാര്യങ്ങളെല്ലാം ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ ചെയ്തുകൊടുത്തിട്ടുണ്ട്. വ്യാപാരികളുടെ ഉത്തരവാദിത്വം അവരും നിറവേറ്റണം. നിയമം പാലിക്കാത്ത കടകളെ പ്രവര്‍ത്തിക്കാന്‍ അനുവദിക്കില്ലെന്ന് തന്നെയാണ് തീരുമാനമെന്നും അദ്ദേഹം പറഞ്ഞു.

സുരക്ഷാ ക്രമീകരണങ്ങള്‍ മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ടുള്ളതാണെന്ന് ഉറപ്പുവരുത്താനായി നേരത്തേ പരിശോധനകള്‍ നടന്നിരുന്നു. ചില കടകള്‍ക്ക് നോട്ടീസും നല്‍കി.

മിഠായിത്തരുവ് മോടികൂട്ടലിന്റെ ആദ്യഘട്ടപണി 25-നകം പൂര്‍ത്തിയാക്കുമെന്ന് നേരത്തേ അധികൃതര്‍ വ്യക്തമാക്കിയിരുന്നു. ഭാവിയില്‍ ഒരു തീപ്പിടിത്തം ഉണ്ടാകാതിരിക്കാനുള്ള മുന്‍കരുതല്‍ ഒരുക്കുകയാണ് ലക്ഷ്യം. മിഠായിത്തെരുവിനെ അന്താരാഷ്ട്ര നിലവാരമുള്ള പൈതൃകത്തെരുവാക്കാനാണ് ഉദ്ദേശ്യം. അഴുക്കുചാലിന്റെ പണിയാണ് ഇപ്പോള്‍ നടക്കുന്നത്. വൈദ്യുതി-ടെലിഫോണ്‍ കേബിളുകള്‍, വെള്ളത്തിന്റെ പൈപ്പ് എന്നിവ ഭൂമിക്കടിയിലൂടെയാക്കും.

Leave a Reply