രണ്ടായിരം പേര്‍ക്കുള്ള തൊഴിലവസരവുമായി കോഴിക്കോട് ബൈപാസില്‍ സര്‍ക്കാര്‍ സൈബര്‍ പാര്‍ക്ക് പ്രവര്‍ത്തനമാരംഭിക്കുന്നു. ഉദ്ഘാടനം 29ന് വൈകിട്ട് 4.30ന് മുഖ്യമന്ത്രി പിണറായി വിജയന് നിര്‍വഹിക്കും. അഞ്ചുനിലകളിലായി 2.88 ലക്ഷം ചതുരശ്ര അടിയാണ് ഐടി സംരംഭങ്ങള്‍ക്കായി പാര്‍ക്കില്‍ ലഭ്യമാകുന്നത്. ഇതിനോടകം മൂന്നുകമ്പനികള്‍ പാര്‍ക്കില്‍ പ്രവര്‍ത്തനം തുടങ്ങിയിട്ടുണ്ട്. കൂടുതല്‍ കമ്പനികളുമായി ചര്‍ച്ചകള്‍ നടക്കുന്നു. 6000 ചതുരശ്ര അടിയില്‍ സ്റ്റാര്‍ട്ടപ്പുകള്‍ക്കായി പുതിയൊരു കെട്ടിടത്തിനും പാര്‍ക്കിനുള്ളില്‍ സ്ഥലം കണ്ടെത്തിയിട്ടുണ്ട്.
പാര്‍ക്കില്‍ പൂര്‍ത്തിയായിരിക്കുന്ന ആദ്യ കെട്ടിടത്തില്‍ ഒന്നാം നിലയിലും രണ്ടാം നിലയിലും ജോലിചെയ്തു തുടങ്ങാന്‍ പാകത്തിന് എല്ലാസൗകര്യങ്ങളും തയാറായ പ്ലഗ് ആന്‍ഡ് പ്ലേ ഇടങ്ങളാണ്. ഒന്നാം നിലയില്‍ 2000 മുതല്‍ 4000 ചതുരശ്ര അടിവരെ വിസ്തീര്‍ണമുള്ള ആറ് ഓഫിസുകളുണ്ട്. ഓഫെയ്റ്റ് ടെക്നോളീസ്, ബിനാം സൊല്യൂഷന്‍സ്, മിനി മലിസ്റ്റര് എന്നീ കമ്പനികള്‍ ഇവിടെ പ്രവര്‍ത്തനം തുടങ്ങിക്കഴിഞ്ഞു. 10,000 ചതുരശ്ര അടിയുള്ള കഫെറ്റീരിയ, ലോബി, കോണ്‍ഫറന്‍സ് ഹാള്‍, പ്രാര്‍ഥനാമുറി എന്നിവയും ഒന്നാംനിലയിലുണ്ട്. 800-900 ചതുരശ്ര അടി വിസ്തീര്‍ണമുള്ള 19 ഓഫിസുകള്‍ക്കുള്ള ഇടങ്ങളാണ് രണ്ടാം നിലയിലുള്ളത്. മൂന്ന്, നാല്, അഞ്ച് നിലകള്‍ വന്‍കിട കമ്പനികളെ ഉദ്ദേശിച്ചാണ്. ഓരോ കമ്പനിക്കും ആവശ്യമായ രീതിയില്‍ ഓഫിസ് സജ്ജീകരിക്കാവുന്ന വാം ഷെല്‍ സ്പേസാണ് ഈ മൂന്നുനിലകളിലും ലഭ്യമായത്.
2011ല്‍ തറക്കല്ലിട്ടെങ്കിലും 2014 ഫെബ്രുവരിയിലാണ് പാര്‍ക്കില്‍ ആദ്യകെട്ടിടത്തിന്റെ നിര്‍മാണം തുടങ്ങിയത്. സൈബര്‍ പാര്‍ക്കിന്റെ മാസ്റ്റര്‍ പ്ലാന്‍ അനുസരിച്ച് 30 ഏക്കറില്‍ ആറു കെട്ടിടങ്ങളിലായി 25 ലക്ഷം ചതുരശ്ര അടിയാണ് ഐടി സംരംഭങ്ങള്‍ക്കായി ലഭ്യമാക്കാനുദ്ദേശിക്കുന്നത്. പാര്‍ക്കില്‍ പ്രത്യേക സാമ്പത്തിക മേഖലയ്ക്കു പുറത്തുള്ള 10 ഏക്കറോളം സ്ഥലത്ത് സ്കൂള്‍, ഷോപ്പിങ് മാള്‍ എന്നിവയും ഭാവിയില്‍ സ്ഥാപിക്കാന്പദ്ധിയുണ്ട്.ആദ്യഘട്ടത്തില്‍2000തൊഴിലവസരങ്ങളുണ്ടാകുമ്പോള്‍ ഇതിന്റെ ഇരട്ടിയോളം അനുബന്ധ തൊഴിലുകളും സൃഷ്ടിക്കപ്പെടുമെന്നാണു കണക്കുകൂട്ടല്‍. സൈബര്‍ പാര്‍ക്കിന്റെ ഊര്ജാവശ്യങ്ങളെ മുന്‍നിര്‍ത്തി പാര്‍ക്കിന്റെ ക്യാംപസില്‍ നല്കുന്ന ഒരേക്കര്‍ സ്ഥലത്ത് കെഎസ്ഇബിയുടെ 20 മെഗാവാട്ടിന്റെ സബ്സ്റ്റേഷന് നിര്‍മാണം പൂര്‍ത്തിയായി വരികയാണ്.
ലാഭമുണ്ടാക്കുക എന്നതിലുപരി കോഴിക്കോടിന്റെ ഐടി വികസനത്തിന് വഴിതുറക്കുക എന്നാണ് സൈബര്‍ പാര്‍ക്ക് തുടങ്ങുന്നതിലൂടെ സംസ്ഥാന സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുക എന്നതും സര്‍ക്കാര്‍ പദ്ധതിയിടുന്നുണ്ട്. പ്ലഗ് ആന്‍ഡ് പ്ലേ ഏരിയയില്‍ ചതുരശ്ര അടിക്ക് 45 രൂപയും വാംഷെല് സ്പേസിന് 25 രൂപയുമാണ് കമ്പനികള്‍ നല്‍കേണ്ടത്. ഇത് നിലവില്‍ ലഭ്യമായ ഏറ്റവും കുറഞ്ഞതുകയാണ്.
സംസ്ഥാന സര്‍ക്കാരിന്റെ മുടക്കുമുതല്‍ 30 വര്‍ഷംകൊണ്ടു തിരികെപ്പിടിക്കാനാണുദ്ദേശിക്കുന്നത്. ഐടി സംരംഭങ്ങളെ പ്രോല്‍സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെ ഏറ്റവും ആകര്‍ഷകമായ തുകയാണ് സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നതെന്ന് സൈബര്‍ പാര്‍ക്ക് ജനറല്‍ മാനേജര്‍ (മാര്‍ക്കറ്റിങ്) സി. നിരീഷ് പറഞ്ഞു. പുതിയ സംരംഭകര്‍ക്ക് ഇതു പ്രോല്സാഹനമാകുമെന്നാണു കരുതുന്നതെന്നും പറഞ്ഞു. സര്‍ക്കാര്‍ സൈബര്‍ പാര്‍ക്കിനുസമീപം പ്രവര്‍ത്തിക്കുന്ന യുഎല്‍ സൈബര്‍ പാര്‍ക്കില്‍ നിലവില്‍ 24 കമ്പനികള്‍ എത്തിയിട്ടുണ്ട്. 2.4 ലക്ഷം ചതുരശ്ര അടിയാണ് ഇവിടെ ലഭ്യമായിട്ടുള്ളത്.സര്‍ക്കാര്‍ സൈബര്‍ പാര്‍ക്ക്, യുഎല്‍ സൈബര്‍ പാര്‍ക്ക്, കാഫിറ്റ് എന്നിവയിലായി അഞ്ചുവര്‍ഷത്തിനുള്ളില്‍ 10,000 ഐടി തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാനാകുമെന്നാണ് പ്രതീക്ഷ. എല്ലാ ഐടി സംരംഭങ്ങളെയും മുന്‍നിര്‍ത്തി നഗരത്തെ ഐടി കേന്ദ്രമെന്ന നിലയില്‍ വളര്‍ത്തുകയാണ് സര്‍ക്കാര്‍ ലക്ഷ്യം.