Home » ഇൻ ഫോക്കസ് » ഐപിഎല്‍ കിരീടത്തിൽ മുത്തമിട്ട് മുംബൈ ഇന്ത്യൻസ്

ഐപിഎല്‍ കിരീടത്തിൽ മുത്തമിട്ട് മുംബൈ ഇന്ത്യൻസ്

ഐപിഎല്‍ കലാശപ്പോരില്‍ പുണെ സൂപ്പര്‍ ജയന്റിനെ ഒരു റണ്ണിന് വീഴ്ത്തി മുംബൈ ഇന്ത്യന്‍സിന് കിരീടം. അവസാന പന്തുവരെ ആവേശം നിറഞ്ഞുനിന്ന മല്‍സരത്തില്‍, 129 റണ്‍സെന്ന സ്‌കോര്‍ പ്രതിരോധിച്ചാണ് മുംബൈ മൂന്നാം കിരീടത്തിലേക്കെത്തിയത്. നാലു വിക്കറ്റ് ബാക്കിയുണ്ടായിട്ടും പുണെയുടെ പോരാട്ടം 20 ഓവറില്‍ 128 റണ്‍സിലൊതുക്കിയാണ് മുംബൈ ആവേശജയം നേടിയത്. ഒന്നാം ക്വാളിഫയറില്‍ ഉള്‍പ്പെടെ സീസണില്‍ മൂന്നു തവണയും മുംബൈയെ മറികടന്ന പുണെയ്ക്ക്, നാലാം മുഖാമുഖത്തില്‍ തലനാരിഴയ്ക്ക് വിജയം നഷ്ടമായി.

നാല് ഓവറില്‍ 26 റണ്‍സ് വഴങ്ങി മൂന്നു വിക്കറ്റ് വിഴ്ത്തിയ മിച്ചല്‍ ജോണ്‍സന്‍, നാല് ഓവറില്‍ 26 റണ്‍സ് വഴങ്ങി രണ്ടു വിക്കറ്റ് വീഴ്ത്തിയ ജസ്പ്രീത് ബുംറ എന്നിവരുടെ പ്രകടനം മുംബൈ വിജയത്തില്‍ നിര്‍ണായകമായി. വിക്കറ്റ് നേടിയില്ലെങ്കിലും റണ്‍സ് വഴങ്ങുന്നതില്‍ പിശുക്കിയ മലിംഗ, ക്രുനാല്‍ പാണ്ഡ്യ, കാണ്‍ ശര്‍മ എന്നിവരും ടീമിന്റെ വിജയത്തിലേക്ക് നിര്‍ണായക സംഭാവനകള്‍ നല്‍കി. അതേസമയം, ഒരറ്റത്തു വിക്കറ്റുകള്‍ കൊഴിയുമ്പോഴും അര്‍ധസെഞ്ചുറിയുമായി പൊരുതിയ പുണെ ക്യാപ്റ്റന്‍ സ്റ്റീവ് സ്മിത്തിന്റെ (50 പന്തില്‍ 51) ഇന്നിങ്‌സ് നിഷ്ഫലമായി. ടീമിന്റെ കൂട്ടത്തകര്‍ച്ചയ്ക്കിടയിലും മികച്ച ബാറ്റിങ് കാഴ്ചവച്ച മുംബൈ താരം ക്രുനാല്‍ പാണ്ഡ്യയാണ് കളിയിലെ കേമന്‍. ഗുജറാത്തിന്റെ മലയാളി താരം ബേസില്‍ തമ്പി ഐപിഎല്‍ പത്താം സീസണിലെ ‘എമേര്‍ജിങ് പ്ലയറായി’ തിരഞ്ഞെടുക്കപ്പെട്ടത് കേരളത്തിനും അഭിമാനകരമായി.

ആവേശം ആകാശം തൊട്ട ഫൈനല്‍ പോരിന്റെ ക്ലൈമാക്‌സ് ഇങ്ങനെ: മിച്ചല്‍ ജോണ്‍സനെറിഞ്ഞ അവസാന ഓവറില്‍ പുണെയ്ക്ക് വിജയത്തിലേക്കു വേണ്ടിയിരുന്നത് 11 റണ്‍സ്. അര്‍ധസെഞ്ചുറിയുമായി പുണെയുടെ പോരാട്ടം നയിക്കുന്ന ക്യാപ്റ്റന്‍ സ്റ്റീവ് സ്മിത്തും മികച്ച ഫോമിലുള്ള മനോജ് തിവാരിയും ക്രീസില്‍ നില്‍ക്കെ പുണെയ്ക്ക് വിജയം ഉറപ്പെന്നു കരുതിയ നിമിഷങ്ങള്‍. അവസാന ഓവറിന്റെ ആദ്യ പന്ത് ബൗണ്ടറി കടത്തിയ തിവാരി ഈ വിശ്വാസത്തെ ഊട്ടിയുറപ്പിച്ചു.

എന്നാല്‍, രണ്ടാം പന്തില്‍ തിവാരിയേയും മൂന്നാം പന്തില്‍ സ്മിത്തിനെയും മടക്കിയ മിച്ചല്‍ ജോണ്‍സന്‍ മല്‍സരത്തിന് വഴിത്തിരിവുണ്ടാക്കി. നാലാം പന്തു നേരിട്ട വാഷിങ്ടന്‍ സുന്ദറിന് പന്തില്‍ തൊടാനായില്ലെങ്കിലും ഒറു റണ്‍ ഓടിയെടുത്തു. അ!ഞ്ചാം പന്തില്‍ ഡാന്‍ ക്രിസ്റ്റ്യന്‍ നല്‍കിയ ക്യാച്ച് അവസരം ഹാര്‍ദിക് പാണ്ഡ്യ കൈവിട്ടതോടെ പുണെയ്ക്ക് രണ്ടു റണ്‍സുകൂടി.

ഇതോടെ, അവസാന പന്തില്‍ പുണെയ്ക്ക് വിജയത്തിലേക്ക് വേണ്ടിയിരുന്നത് നാലു റണ്‍സ്. മല്‍സരം ടൈ ആക്കാന്‍ മൂന്നു റണ്‍സ്. പന്തു നേരിട്ട ഡാന്‍ ക്രിസ്റ്റ്യന് അവസാന പന്തില്‍ നേടാനായത് രണ്ടു റണ്‍സ് മാത്രം. മൂന്നാം റണ്ണിനുള്ള ശ്രമത്തില്‍ ക്രിസ്റ്റ്യന്‍ റണ്ണൗട്ടാവുകയും ചെയ്തു. ഫലം, ഒരു റണ്ണിന്റെ ആവേശജയവുമായി മുംബൈ മൂന്നാം വട്ടവും ഐപിഎല്‍ കിരീടത്തില്‍ മുത്തമിട്ടു.

Leave a Reply