സ്ത്രീകൾക്കും കുട്ടികൾക്കുമെതിരെയുള്ള അതിക്രമങ്ങൾ പെരുകുമ്പോഴും സംസ്ഥാന വനിത കമീഷന്റെ പ്രവർത്തനം അവതാളത്തിൽ. കമീഷന് അധ്യക്ഷയില്ലാതായിട്ട് രണ്ടുമാസം പിന്നിടുകയാണ്. കാലാവധി പൂർത്തിയായതിനെ തുടർന്ന് ചെയർപേഴ്സൺ കെ.സി. റോസക്കുട്ടിയും അംഗം നൂബിന റഷീദും രണ്ടുമാസം മുമ്പാണ് സ്ഥാനം ഒഴിഞ്ഞത്. പകരം നിയമനം നടക്കാത്തത് കമീഷെൻറ സിറ്റിങ് ഉൾപ്പെടെയുള്ളവയെ ബാധിക്കുന്നു. സ്ത്രീകളുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ സമയോചിത ഇടപെടൽ നടത്തേണ്ട കമീഷെൻറ ദൈനംദിന പ്രവർത്തനങ്ങളും കേസുകളിന്മേലുള്ള തീരുമാനങ്ങളും ഇഴയുകയാണ്.
കേസ് അന്വഷണങ്ങൾക്ക് വനിത പൊലീസുകാരില്ലെന്നതും ആക്ഷേപത്തിനിടയാക്കുന്നു. മിനിസ്റ്റീരിയൽ ജീവനക്കാരുടെ കുറവ് പ്രതിസന്ധി സൃഷ്ടിക്കുകയാണ്. ഇതുകാരണം, കഴിഞ്ഞ മാസങ്ങളിൽ നടന്ന കമീഷൻ അദാലത്തുകളുടെ തുടർനപടി ഇഴഞ്ഞുനീങ്ങുകയാണ്.
അതേസമയം, അധ്യക്ഷ ഉൾപ്പെടെ രണ്ട് സ്ഥാനങ്ങളിലേക്കുള്ള നിയമനം വൈകാതെ നടക്കുമെന്നാണ് അറിയുന്നത്. സി.പി.എം കേന്ദ്ര കമ്മിറ്റി അംഗം എം.സി. ജോസഫൈെൻറ പേര് കമീഷൻ അധ്യക്ഷ സ്ഥാനത്തേക്ക് പരിഗണിക്കുന്നതായാണ് അറിയുന്നത്. സി.പി.െഎ പ്രതിനിധി എം.എസ്. താരയെയാണ് മറ്റൊരു ഒഴിവിലേക്ക് പരിഗണിക്കുന്നത്.