Home » ന്യൂസ് & വ്യൂസ് » രജനീകാന്തിനെ ബിജെപിയിലേക്ക് സ്വാഗതം ചെയ്ത് അമിത് ഷായും ഗഡ്കരിയും

രജനീകാന്തിനെ ബിജെപിയിലേക്ക് സ്വാഗതം ചെയ്ത് അമിത് ഷായും ഗഡ്കരിയും

പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി തമിഴ് സൂപ്പര്‍താരം രജനീകാന്ത് ഉടന്‍ കൂടിക്കാഴ്ച നടത്തുമെന്ന് റിപ്പോര്‍ട്ട്. സൂപ്പര്‍താരം ബിജെപിയുമായി അടുക്കുന്നുവെന്ന സൂചനകള്‍ ശക്തമാക്കിയാണ് പുതിയ അഭ്യൂഹം പ്രചരിക്കുന്നത്. കൂടിക്കാഴ്ചയ്ക്ക് സമ്മതം തേടി ബിജെപി നേതാക്കള്‍ താരത്തെ ബന്ധപ്പെട്ടതായി വിവിധ കേന്ദ്രങ്ങളെ ഉദ്ധരിച്ച് ഇന്ത്യന്‍ എക്‌സ്പ്രസാണ് റിപ്പോര്‍ട്ട് ചെയ്തത്. ഡല്‍ഹിയിലായിരിക്കും കൂടിക്കാഴ്ചയെന്നാണ് വിവരം. രജനീകാന്ത് രാഷ്ട്രീയത്തില്‍ പ്രവേശിച്ചാല്‍ ബിജെപിയിലേക്കു സ്വാഗതം ചെയ്യുമെന്ന് വ്യക്തമാക്കി പാര്‍ട്ടി ദേശീയ അധ്യക്ഷന്‍ അമിത് ഷായും രംഗത്തുവന്നത് അഭ്യൂഹങ്ങള്‍ക്ക് ആക്കം കൂട്ടിയിട്ടുണ്ട്.

ഇന്ത്യ ടുഡേ ടിവി സംഘടിപ്പിച്ച ചടങ്ങില്‍ പങ്കെടുക്കുമ്പോഴാണ്, രജനീകാന്തിന്റെ രാഷ്ട്രീയ പ്രവേശനത്തെക്കുറിച്ചും അമിത് ഷാ മനസ്സു തുറന്നത്. രജനീകാന്ത് എപ്പോഴാണ് രാഷ്ട്രീയത്തില്‍ പ്രവേശിക്കുന്നതെന്നത് താനെങ്ങനെയാണ് തീരുമാനിക്കുക എന്നു ചോദിച്ച ഷാ, നല്ലവരായ എല്ലാവരും രാഷ്ട്രീയത്തിലേക്കു വരുന്നതിനെ ബിജെപി സ്വാഗതം ചെയ്യുമെന്നും വ്യക്തമാക്കി. മോദി-രജനി കൂടിക്കാഴ്ചയേക്കുറിച്ച് പ്രചരിക്കുന്ന അഭ്യൂഹങ്ങളോട് അമിത് ഷായുടെ പ്രതികരണമിങ്ങനെ: മോദിജിയുമായി കൂടിക്കാഴ്ച നടത്താന്‍ ആയിരങ്ങളാണ് എത്തുന്നത്. എല്ലാ മേഖലകളിലും പ്രവര്‍ത്തിക്കുന്ന നല്ലവരായ വ്യക്തികള്‍ മോദിജിയെ കാണാന്‍ എത്തുന്നുണ്ട്. അവര്‍ അദ്ദേഹത്തെ കാണുകതന്നെ വേണം – ഷാ പറഞ്ഞു.

അതേസമയം, രജനീകാന്തിനെ ബിജെപിയിലേക്കു ക്ഷണിച്ച് കേന്ദ്രമന്ത്രി കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരിയും രംഗത്തെത്തി. രാഷ്ട്രീയത്തെക്കുറിച്ച് ചിന്തിക്കുമ്പോള്‍ ബിജെപിയെക്കുറിച്ചും ചിന്തിക്കുക എന്നാണ് എനിക്ക് അദ്ദേഹത്തോടു പറയാനുള്ളത്. പാര്‍ട്ടിയില്‍ രജനീകാന്തിന് വളരെ കൃത്യമായ സ്ഥാനമുണ്ടെന്നും ഗഡ്കരി പറഞ്ഞു. അതേസമയം, തമിഴ്‌നാട്ടിലെ മുഖ്യമന്ത്രി സ്ഥാനാര്‍ഥിയായി പാര്‍ട്ടി അദ്ദേഹത്തെ ഉയര്‍ത്തിക്കാട്ടുമോ എന്ന ചോദ്യത്തിന്, അതു നേതൃത്വം തീരുമാനിക്കേണ്ട വിഷയമാണെന്നായിരുന്നു ഗഡ്കരിയുടെ മറുപടി.

Leave a Reply