Home » ന്യൂസ് & വ്യൂസ് » കെ എസ് ആര്‍ ടി സിയില്‍ കിളിയോ ?

കെ എസ് ആര്‍ ടി സിയില്‍ കിളിയോ ?

കോഴിക്കോട്….കോഴിക്കോട്….ങാ ഉള്ളോട്ട് നിക്ക്… പറയുന്നത് പ്രൈവറ്റ് ബസ്സിലെ ക്ലീനറല്ല ഈ ശബ്ദം വരുന്നത് കെ എസ് ആര്‍ ടി സി ബസ്സില്‍ നിന്നാണ്…

സലീം നടുവണ്ണൂർ എഴുതുന്നു

കോഴിക്കോട്ടേക്കുള്ള കെ.എസ്.ആർ.ടി.സി ബസ് യാത്രയിൽ അപ്രതീക്ഷിതമായാണ് രാജേട്ടനെ കണ്ടത്. ഓരോ സ്റ്റോപ്പിലും സ്ഥലപ്പേര് വിളിച്ച് ആളെ കയറ്റുകയും ഇറക്കുകയും ചെയ്യുന്ന ഒരാൾ.. കൂടെയുള്ള സുഹൃത്താണ് പിന്നെ രാജേട്ടന്റെ വിശേഷങ്ങൾ പറഞ്ഞ് തന്നത്. ബസ്സിൽ കയറിയാൽ ഒരു സീറ്റിന് വേണ്ടി അടിപിടി കൂടുന്ന യാത്രക്കാരുള്ള ഒരു കാലത്താണ് അറുപത് വയസ്സുകാരനായ ഒരാൾ ഒരു ലാഭവും പ്രതീക്ഷിക്കാതെ കുറച്ച് മണിക്കൂറുകൾ സേവന സന്നദ്ധനായി ബസ്സിന്റെ ഡോറിൽ നിൽക്കുന്നത്. അതും കെ.എസ്.ആർ.ടി.സി ബസ്സിൽ.

തിരക്ക് പിടിച്ച യാത്രയിൽ ചുണ്ടിൽ പുഞ്ചിരിയുമായി ബസ്സിന്റെ ഡോറിൽ നിൽക്കുന്ന രാജേട്ടൻ. കോഴിക്കോട് ടൗണിൽ അത്ര വരുമാനമൊന്നുമില്ലാത്ത ഒരു സ്ഥാപനത്തിലെ ജോലിക്കാരൻ.പുതുതായി യാത്ര ചെയ്യുന്ന യാത്രക്കാർക്ക് രാജേട്ടൻ അത്ഭുതമാണ്. എന്നാൽ പതിവ് യാത്രക്കാർക്ക് ഇതൊരു പുതിയ കാഴ്ച്ചയല്ല. കുറ്റ്യാടിയിൽ നിന്ന് കോഴിക്കോട്ടേക്ക് വരുന്ന കെ.എസ്.ആർ.ടി.സി ബസ്സിൽ നടുവണ്ണൂർ ബസ് സ്റ്റാൻഡ്‌ തുടങ്ങി കോഴിക്കോട് മാവൂർ റോഡിലിറങ്ങും വരെ ഒരു സ്വകാര്യ ബസ്സിലെ കിളിയുടെ ജാഗ്രതയോടെ യാത്രക്കാരെ കയറ്റുകയും ഇറക്കുകയും ചെയ്യുന്ന രാജേട്ടൻ.

ഇത് ഇന്നും ഇന്നലെയും തുടങ്ങിയതല്ല. വർഷങ്ങളായി രാജേട്ടൻ ഈ സേവന പ്രവർത്തനം സ്വയം ഏറ്റെടുത്തിട്ട്. മാവൂർ റോഡിലെ ഗൾഫ് ബസാറിലെ ഒരു സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരനാണ് രാജൻ. ബസ്സിൽ ഏറ്റവും തിരക്കുള്ള രാവിലെ 9 മണി സമയത്താണ് രാജേട്ടൻ കണ്ടക്ടർക്ക് കൈത്താങ്ങാവുന്നത്. വൈകിട്ട് ടൗണിൽ നിന്ന് തിരിച്ച് പോകുമ്പോഴും ഇതേ സേവനം തന്നെ. കെ.എസ്.ആർ.ടി.സി ബസ് ഡ്രൈവർക്കും കണ്ടക്ടർക്കും രാജൻ സുപരിചിതനും. നടുവണ്ണൂരിലെത്തിയാൽ ഇത് കാരണം കണ്ടക്ടർക്കാണ് ഏറെ സമാധാനം.തിരക്കുള്ള ബസ്സിൽ ആളെ നോക്കി കയറ്റാനും ടിക്കറ്റ് കൊടുക്കാനും കണ്ടക്ടർ പാട് പെടുമ്പോൾ രാജൻ ഇവർക്ക് വലിയ ആശ്വാസവും.

ഹൃദ്യമായ ചിരിയോടെ ഓരോ സ്റ്റോപിലെത്തുമ്പോഴും വലിയ ഉച്ചത്തിൽ പേര് വിളിച്ച് ആളുകളെ ഇറക്കുകയും കയറ്റുകയും ചെയ്യും. ടിക്കറ്റ് എടുത്ത് യാത്ര ചെയ്യുന്ന രാജൻ ബസ്സിൽ സീറ്റുണ്ടെങ്കിലും ഇരിക്കാതെ താൻ സ്വയമേറ്റെടുത്തക്ലീനർ ജോലിയിൽ മുഴുകും.കെ.എസ്.ആർ.ടി.സി യിൽ മാത്രമാണ് യാത്രയും.സ്റ്റാൻഡിൽ തന്റെ സുഹൃത്തുക്കളെ കെ.എസ്.ആർ.ടി.സി ബസ്സിൽ കയറാൻ നിർബന്ധിക്കുകയും ചെയ്യും. നല്ലൊരു കലാകാരൻ കൂടിയാണ് കാവുന്തറ താമസിക്കുന്ന രാജൻ കാവിൽ. കലാകാരൻമാരുടെ സംഘടനയായ നൻമയിൽ അംഗമായ രാജൻ നാടകത്തിൽ അഭിനയിക്കുകയും ചെയ്തിട്ടുണ്ട്. കവിതയും ഭക്തിഗാനങ്ങളും എഴുതുകയും ചെയ്യുന്നു.

തിങ്കൾ മുതൽ ശനി വരെയാണ് രാജന്റെ ഈ സേവന പ്രവർത്തനം. ആരും നിർബന്ധിച്ചിട്ടല്ല ഈ പ്രവ്രത്തി ചെയ്യുന്നതെന്നും യാത്രക്കാരുടെ ബുദ്ധിമുട്ട് കണ്ടറിഞ്ഞാണ് ഈ ക്ലീനർ പണിയെന്നും രാജേട്ടൻ.പ്രായമായ യാത്രക്കാരെ ബുദ്ധിമുട്ടില്ലാതെ കയറ്റുകയും ഇറക്കുകയും ചെയ്യുമ്പോൾ രാജേട്ടന്റെ മുഖത്ത് വിരിയുന്നത് ധന്യത മാത്രം…

രാജേട്ടൻ ഒരു പ്രതീക്ഷയാണ്.തിരക്ക് പിടിച്ച് പായുന്ന ബസ്സിൽ അതിലും തിരക്കുള്ള യാത്രക്കാരുള്ള ഒരു കാലത്ത് ഒരു പക്ഷെ ഇത് പോലുള്ള ആളുകളെ കാണാൻ പോലും നമുക്ക് സമയമില്ല. ആ തിരക്കുകൾക്ക് ഒന്നും തട്ടാതെ എല്ലാ ദേശങ്ങളെയും പേര് വിളിച്ച് രാജേട്ടൻ യാത്രക്കാരെ ഉണർത്തുന്നു.സുഹൃത്തെ ഒരു പുഞ്ചിരിയെങ്കിലും ഇവരെ പോലെയുള്ളവർക്കായി സമ്മാനിക്കുക. ഒരു പക്ഷെ അതായിരിക്കും ആ ദിവസത്തെ നമ്മുടെ ഏറ്റവും വലിയ നീക്കിയിരിപ്പ്……

Leave a Reply