ഐസിസി ഏകദിന റാങ്കിങ്ങിലെ ലിസ്റ്റില്‍ ആദ്യ പത്തിനുള്ളില്‍ ഇന്ത്യയില്‍ നിന്ന് വിരാട് കൊഹ്ലി മാത്രം. ബാറ്റ്സ്മാന്മാരുടെ റാങ്കിങ്ങില്‍ മൂന്നാം സ്ഥാനത്താണ് ഇന്ത്യന്‍ ക്യാപ്റ്റന്‍. അതേ സമയം ബൗളര്‍മാരുടെ റാങ്കിങ്ങില്‍ ആദ്യ പത്തിനുള്ളില്‍ ഇന്ത്യന്‍ താരങ്ങളാരും സ്ഥാനം പിടിച്ചില്ല.
874 പോയിന്റുമായി ദക്ഷിണാഫ്രിക്കയുടെ എബി ഡിവില്ലിയേഴ്സാണ് ബാറ്റ്സ്മാന്മാരുടെ പട്ടികയില്‍ ഒന്നാമത്. ഓസ്ട്രേലിയയുടെ ഡേവിഡ് വാര്‍ണര്‍ (871) രണ്ടാമതാണ്. മൂന്നാമതുള്ള കൊഹ്ലിക്ക് 852 പോയിന്റാണുള്ളത്. രോഹിത് ശര്‍മ്മ 12ാം റാങ്കിലും എം.എസ് ധോണി 13ാം റാങ്കിലുമാണുള്ളത്. ഓപ്പണിങ് ബാറ്റ്സ്മാന് ശിഖര്‍ ധവാന് 15ാം സ്ഥാനത്തുണ്ട്.
ദക്ഷിണാഫ്രിക്കയുടെ തന്നെ കഗിസൊ റബാഡയാണ് ബൗളര്‍മാരുടെ പട്ടികയില്‍ ഒന്നാമതുള്ളത്. 724 പോയിന്റുള്ള റബാഡക്ക് തൊട്ടുപിന്നില്‍ രണ്ട് പോയിന്റിന്റെ വ്യത്യാസത്തില്‍ ഇമ്രാന് താഹിറുണ്ട്. 701 പോയിന്റുമായി മിച്ചല്‍ സ്റ്റാര്‍ക്കാണ് മൂന്നാമത്.
ഇടങ്കയ്യന്‍ സ്പിന്നറായ അക്സര്‍ പട്ടേലാണ് ഇന്ത്യന്‍ ബൗളര്‍മാരില്‍ മുന്നില്‍. ന്യൂസിലന്‍ഡിന്റെ മാറ്റ് ഹെന്റിയ്ക്കൊപ്പം 11ാം റാങ്കിലാണ് അക്സര്‍ പട്ടേല്‍. അമിത് മിശ്ര 13ാം സ്ഥാനത്തും അശ്വിന് 18ാം റാങ്കിലുമാണ്. ഓള്‍റൗണ്ടര്‍മാരുടെ പട്ടികയില്‍ ബംഗ്ലാദേശ് താരം ഷക്കീബുല്‍ ഹസ്സനാണ് ഒന്നാമത്.