കൊച്ചി മെട്രോയിൽ മുഖ്യമന്ത്രി പിണറായി വിജയൻ ശനിയാഴ്ച യാത്ര നടത്തും. 17ന് പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യുന്നതിന് മുന്നോടിയായി പരിശോധനയുടെ ഭാഗമായാണ് മുഖ്യമന്ത്രിയുടെ യാത്ര. രാവിലെ 11ന് ആദ്യ സ്റ്റേഷനായ ആലുവയിൽനിന്ന് പാലാരിവട്ടം വരെയാണ് മുഖ്യമന്ത്രി യാത്ര ചെയ്യുക.
മെട്രോയുടെ ഭാഗമായി തയാറാക്കിയ സൗരോർജ വൈദ്യുതി പദ്ധതിയുടെ ഉദ്ഘാടനം രാവിലെ 11.30ന് ആലുവ മെട്രോ സ്റ്റേഷനില്‍ അദ്ദേഹം നിര്‍വഹിക്കും. മുട്ടം യാർഡിലെ ഓപറേഷനൽ കൺട്രോൾ സെൻററും അദ്ദേഹം സന്ദർശിക്കും. രാജ്യത്തെ മറ്റുമെട്രോ പദ്ധതികൾക്ക് മുന്നിൽ നിരവധി വ്യത്യസ്തതയുമായി എത്തുന്ന കൊച്ചി മെട്രോയുടെ പ്രധാന പ്രത്യേകതകളിലൊന്നാണ് സോളാർ പദ്ധതി. മികച്ച പരിസ്ഥിതിസൗഹൃദ മെട്രോയെന്ന ലക്ഷ്യത്തിെൻറ ഭാഗമായാണ് സ്റ്റേഷനുകളിലും മെട്രോ യാര്‍ഡിലും സോളാര്‍ പാനലുകള്‍ സ്ഥാപിച്ചത്.
ആദ്യഘട്ടത്തില്‍ സര്‍വിസ് തുടങ്ങുന്ന 11സ്റ്റേഷനുകളിലെ മേല്‍ക്കൂരകളിലും മുട്ടം യാര്‍ഡ് കെട്ടിടത്തിലുമാണ് സോളാര്‍ പാനലുകള്‍ സ്ഥാപിച്ചിട്ടുള്ളത്. നിലവിെല സോളാര്‍ പാനലുകളില്‍നിന്ന് ഏകദേശം 2.4 മെഗാവാട്ട് വൈദ്യുതി ഉല്പാദിപ്പിക്കാൻ കഴിയും. പേട്ട വരെയുള്ള ബാക്കി 11 സ്റ്റേഷനുകളില്‍കൂടി പാനലുകള്‍ സ്ഥാപിക്കുമ്പോള്‍ ഇത് നാല് മെഗാവാട്ടായി ഉയരും. പദ്ധതിയുടെ രണ്ടാംഘട്ടം മൂന്നുമാസത്തിനകം തുടങ്ങും.