ചൈനീസ് അതിര്‍ത്തിക്കു സമീപം വ്യോമസേനയുടെ സുഖോയ്-30 വിമാനം തകര്‍ന്നുവീണ് മരിച്ച പൈലറ്റ് ലെഫ്റ്റനന്റ് എസ്.അച്ചുദേവി(26)ന് ഇന്ന് നാട് വിട നൽകും. അസമില്‍നിന്ന് വ്യോമസേനയുടെ പ്രത്യേക വിമാനത്തില്‍ വെള്ളിയാഴ്ച രാവിലെ ഒന്‍പതോടെ തിരുവനന്തപുരത്ത് എത്തിച്ച അച്ചുവിന്റെ മൃതദേഹം ശനിയാഴ്ച രാവിലെ 9.30-ന് ശംഖുംമുഖം വ്യോമസേനാതാവളത്തിൽ സൈനികബഹുമതികള്‍ നല്കിയ ശേഷം മൃതദേഹം പ്രത്യേക വിമാനത്തില്‍ കോഴിക്കോട്ടേക്കു കൊണ്ടുപോകും. തുടർന്ന് വൈകുന്നേരം മൂന്ന് മണിക്ക് സമ്പൂർണ്ണ ബഹുമതികളോടെ വീട്ടുവളപ്പിൽ സംസ്കരിക്കും.
അച്ചുദേവിന് വ്യോമസേന സമ്പൂര്‍ണ ബഹുമതി നല്‍കും. യുദ്ധവിമാന പരിശീലനത്തിന്റെ ഭാഗമായി നടത്തുന്ന ഓപ്പറേഷണല്‍ ട്രെയിനിങ് മിഷനിടെയാണ് അപകടമുണ്ടായത്. അച്ചുവിന്റെ വിയോഗം സേനയ്ക്കും വന്‍ നഷ്ടമാണെന്ന് വ്യോമസേനാധികൃതര്‍ പറഞ്ഞു. ശനിയാഴ്ച കോയമ്പത്തൂര്‍ സുളുര്‍ എയര്‍ഫോഴ്സ് സ്റ്റേഷനില്നിന്നെത്തുന്ന അറുപതംഗ ഉദ്യോഗസ്ഥരാണ് അച്ചുദേവിന് പൂര്‍ണ സൈനികബഹുമതി നല്കുന്ന ചടങ്ങില്‍ പങ്കെടുക്കുക.