കേരളത്തിലെ കേന്ദ്രസര്‍വകലാശാലയ്ക്ക് ശ്രീനാരായണ ഗുരുവിന്റെ പേരിടണമെന്ന നിര്‍ദേശം കേന്ദ്രം തള്ളി. അതേസമയം പാര്‍ലമെന്റ് മന്ദിരത്തിനുള്ളില്‍ ഗുരുവിന്റെ പ്രതിമ സ്ഥാപിക്കുന്ന കാര്യം സജീവമായി പരിഗണിക്കും.
പുതുതായി തുടങ്ങുന്ന എല്ലാ കേന്ദ്ര വിദ്യാഭ്യാസസ്ഥാപനങ്ങള്‍ക്കും അതത് സംസ്ഥാനങ്ങളുടെയോ സ്ഥലങ്ങളുടെയോ പേരിടുക എന്ന നയമാണ് നടപ്പാക്കുന്നതെന്ന് മാനവശേഷിമന്ത്രി പ്രകാശ് ജാവദേക്കര്‍, കൊടിക്കുന്നില്‍ സുരേഷ് എം.പി.യെ അറിയിച്ചു. വിഷയം നേരത്തേ ലോക്സഭയില്‍ ഉന്നയിച്ചതിന് കഴിഞ്ഞദിവസം രേഖാമൂലം നല്കിയ മറുപടിയിലാണ് അദ്ദേഹം ഇക്കാര്യം വിശദീകരിച്ചത്. ഏതെങ്കിലും ഒരു സ്ഥാപനത്തിന് മഹദ്വ്യക്തിയുടെ പേരുനല്കിയാല് മറ്റിടങ്ങളില്‍നിന്നും അതുപോലുള്ള ആവശ്യങ്ങളുയരുമെന്ന് മന്ത്രി പറഞ്ഞു. പാര്‍ലമെന്റില്‍ ഗുരുവിന്റെ പ്രതിമ സ്ഥാപിക്കുന്നകാര്യത്തില്‍ തീരുമാനമെടുക്കാന്‍ പ്രധാനമന്ത്രിയുടെ ഓഫീസ് പാര്‍ലമെന്ററികാര്യ മന്ത്രാലയത്തോട് ആവശ്യപ്പെട്ടു. പ്രധാനമന്ത്രിയുടെ ഓഫീസിന്റെ നിര്‍ദേശമനുസരിച്ച് മന്ത്രലായം ലോക്സഭാ സെക്രട്ടേറിയറ്റിന് വിഷയം കൈമാറി. പ്രതിമകളുടെ കാര്യം തീരുമാനിക്കുന്ന സമിതി ഇനി അത് പരിശോധിച്ച് അന്തിമതീരുമാനമെടുക്കും.
ലോക്സഭാ സ്പീക്കറാണ് സമിതിയുടെ അധ്യക്ഷ. വിഷയം ലോക്സഭാ സെക്രട്ടേറിയറ്റിന് വിട്ടിട്ടുണ്ടെന്ന് പാര്‍ലമെന്ററികാര്യ മന്ത്രാലയം കെ.വി. തോമസ് എം.പി.യെ അറിയിച്ചു. ഗുരുവിന്റെ പ്രതിമ പാര്‍ലമെന്റ് മന്ദിരത്തില്‍ സ്ഥാപിക്കണമെന്നാവശ്യപ്പെട്ട് കെ.വി.തോമസ് നേരത്തേ പ്രധാനമന്ത്രിക്ക് കത്തയച്ചിരുന്നു.