ഒഴിഞ്ഞ പ്ലാസ്റ്റിക് കൂടുകള്‍ വീടുകളില്‍ ഒഴിയാബാധയാവുന്നതിന് പരിഹാരവുമായി വേങ്ങേരി അഗ്രിക്കോയുടെ പുതിയ പദ്ധതി. കടകളില്‍ നിന്ന് സാധനങ്ങള്‍ വാങ്ങുമ്പോള്‍ ബാക്കിയാവുന്ന പ്ലാസ്റ്റിക് കൂടുകള്‍ ഇനി അവര്‍ തിരിച്ചെടുക്കും. അഗ്രിക്കോയുടെ കീഴിലുള്ള 21 വിപണന കേന്ദ്രങ്ങളില്‍ നിന്ന് സാധനങ്ങള്‍ വാങ്ങുമ്പോള്‍ കിട്ടുന്ന പ്ലാസ്റ്റിക് കവറുകളും ബോട്ടിലുകളും കാരീബാഗുകളും ഉപഭോക്താക്കളില്‍ നിന്ന് ഇന്നു മുതല്‍ അവര്‍ തിരിച്ചുവാങ്ങും.
പ്ലാസ്റ്റിക് കവറുകള്‍ നാടിനും ജനങ്ങള്‍ക്കും ബാധ്യതയാക്കാതെ തിരിച്ചെടുത്ത് റീസൈക്ലിംഗ് യൂണിറ്റിലേക്ക് കയറ്റി അയച്ച് സംസ്കരിച്ചെടുക്കുന്ന ‘സീറോ വേസ്റ്റ് സീറോ ബഡ്ജറ്റ്’ പദ്ധതിക്ക് വേങ്ങേരി അഗ്രിക്കോ സഹകരണ കാര്‍ഷികോത്പ്പന്ന സംസ്കരണ വിപണന സംഘം തുടക്കം കുറിക്കും.
വെള്ളിമാടുകുന്നിലെ സിറ്റി സൂപ്പര്‍മാര്‍ക്കറ്റ്, വേങ്ങേരി നിറവ് എന്നിവരുമായി ചേര്‍ന്നാണ് പദ്ധതി നടപ്പിലാക്കുന്നത്. ഉപയോഗിച്ച ശേഷമുള്ള പ്ലാസ്റ്റിക് ബാഗുകളും കവറുകളും എല്ലാ വെള്ളിയാഴ്ചകളിലും ഉപഭോക്താക്കള്‍ക്ക് അഗ്രിക്കോ വിപണന കേന്ദ്രത്തിലെത്തിക്കാം. അഗ്രിക്കോയുടെ 21 വിപണന കേന്ദ്രങ്ങളിലും ഇതിനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്.
കേരളത്തില്‍ തന്നെ പരിസ്ഥിതി സൗഹാര്‍ദ്ദപരമായ ഇത്തരത്തിലുള്ള ആദ്യ ചുവടുവെപ്പാണ് ഇത്. പല സാധനങ്ങളും അഗ്രിക്കോ വിപണന കേന്ദ്രങ്ങളില്‍ നിന്ന് റീപാക്ക് ചെയ്താണ് വില്പനയ്ക്കു വെക്കുന്നതെന്നതുകൊണ്ട് ഇവിടെ നിന്നു നല്കുന്ന പ്ലാസ്റ്റിക് കവറുകള്‍ തിരിച്ചറിയാന്‍ എളുപ്പമാണ്. 50 മൈക്രോണിനു മുകളിലുള്ള പ്ലാസ്റ്റിക് കവറുകളാണ് ഇവിടെ നിന്ന് നല്‍കാറുള്ളത്. ഇവിടെ നിന്ന് നല്കുന്ന പ്ലാസ്റ്റിക് ബിഗ് ഷോപ്പറുകള്ക്ക് പണം ഈടാക്കാറില്ല. ആളുകള്‍ ബിഗ് ഷോപ്പറുകള്‍ കൂടുതല്‍ വാങ്ങുന്നത് അവസാനിപ്പിക്കാനായി ഇനി മുതല്‍ ഇത്തരം ബിഗ് ഷോപ്പറുകള്ക്ക് പണം ഈടാക്കുകയും ഇവ ആവശ്യം കഴിഞ്ഞ് തിരിച്ചേല്പ്പിക്കുമ്പോള് ബിഗ് ഷോപ്പറിനായി ഈടാക്കിയ പണം സാധനത്തിന്റെ ബില്ലില്‍ കുറവു വരുത്തി നല്‍കുകയും ചെയ്യുന്ന സംവിധാനവും ആലോചിക്കുന്നുണ്ടെന്ന് അഗ്രിക്കോ സഹകരണ വിപണന കേന്ദ്രം ചെയര്മാന് കെ.കെ. ചന്ദ്രഹാസന്‍ പറഞ്ഞു. നഗരസഭയ്ക്ക് വലിയ ബാധ്യതയായ പ്ലാസ്റ്റിക് മാലിന്യങ്ങള്‍ കുറയ്ക്കാന്‍ വ്യാപാരി- വ്യവസായി സംഘടനകളും സൂപ്പര്‍ മാര്‍ക്കറ്റുകളും മാളുകളും ഈ പദ്ധതി ഏറ്റെടുക്കുകയാണെങ്കില്‍ സംസ്ഥാനത്ത് പരിസ്ഥിതി സംരക്ഷണത്തിനുള്ള വലിയൊരു മുന്നേറ്റമായി മാറും.