ജനുവരി 15ന് തിയറ്ററിലേക്ക് എത്തുകയാണ് പൃഥ്വിരാജ് നായകനാകുന്ന പുതിയ ചിത്രം പാവാട. മുഴുകുടിയനും അലസനുമായ ഒരു ചെറുപ്പക്കാരന്റെ കഥ എന്നതാണ് പാവാടയെ കുറിച്ച് അണിയറക്കാര്‍ വെളിപ്പെടുത്തിയിരിക്കുന്നത്. പുറത്ത് വിട്ട പോസ്റ്ററുകളും ട്രെയിലറുകളും പാട്ടും കണ്ടാല്‍ ജോയിക്ക് ആടു തോമയുമായി എവിടെയോ എന്തൊക്കെയോ ചില സാമ്യങ്ങള്‍ കണ്ടെത്താനാകും.
ആടു തോമയെ അറിയാത്തവരായി മലയാള സിനിമാ പ്രേക്ഷകരില്‍ ആരുമുണ്ടാകില്ല. ആടിന്റെ ചങ്കിലെ ചോര കുടിക്കുന്ന, മുണ്ട് പറിച്ച് ഇടിക്കുന്ന സ്ഫടികത്തിലെ മോഹന്‍ലാല്‍ അവതരിപ്പിച്ച അതേ ആടു തോമ തന്നെ. 1995ല്‍ പുറത്തിറങ്ങിയ സ്ഫടികത്തില്‍ ആടുതോമയെ നന്നാക്കാനായി ശ്രമിക്കുന്ന നന്മ നിറഞ്ഞ ഒരു വൈദികനുണ്ടായിരുന്നു. ഫാദര്‍ ഒറ്റപ്ലാക്കന്. കരമന ജനാര്ദ്ദനന് നായര്‍ അവതരിപ്പിച്ച ഫാദറിന്റെ ലോഹയൊക്കെ എടുത്തണിഞ്ഞ് പള്ളിയിലച്ചനുമായി ചെറിയ ചെറിയ കശപിശകളുണ്ടാക്കുന്ന ആടുതോമ.
പത്ത് വര്‍ഷങ്ങള്‍ക്കിപ്പുറം പാമ്പ് ജോയി എന്ന പൃഥ്വിരാജ് കഥാപാത്രത്തിനൊപ്പം പള്ളിയിലച്ചന്റെ വേഷത്തില്‍ വീണ്ടും കരമന എത്തുകയാണ്. ഇത്തവണ കരമന ജനാര്ദ്ദനന് നായര്‍ക്ക് പകരം അദ്ദേഹത്തിന്റെ മകന് കരമന സുധീറാണ് ജോയിയെ നന്നാക്കാന്‍ അച്ചനായി വേഷമിടുന്നത്. നായകനെ ശാസിക്കുകയും ഉപദേശിക്കുകയും നേര്‍വഴി നടത്താന്‍ ശ്രമിക്കുകയും ചെയ്യുന്ന വൈദികവേഷമാണ് സീനിയര്‍ കരമനയും ജൂനിയര്‍ കരമനയും അവതരിപ്പിച്ചത്.