Home » ന്യൂസ് & വ്യൂസ് » കശാപ്പ് നിയന്ത്രണം: പ്രത്യേക നിയമസഭാ സമ്മേളനം തുടങ്ങി

കശാപ്പ് നിയന്ത്രണം: പ്രത്യേക നിയമസഭാ സമ്മേളനം തുടങ്ങി

കശാപ്പിനായി കന്നുകാലികളെ വില്‍ക്കുന്നതു തടഞ്ഞ കേന്ദ്രസര്‍ക്കാരിന്റെ വിജ്ഞാപനം ചര്‍ച്ചചെയ്യാന്‍ പ്രത്യേക നിയമസഭാ സമ്മേളനം തുടങ്ങി.വിജ്ഞാപനത്തിനെതിരെ മുഖ്യമന്ത്രി പ്രമേയം അവതരിപ്പിച്ചു. കശാപ്പ് നിയന്ത്രണം മൂലം സംസ്ഥാനത്ത് ഉണ്ടായേക്കാവുന്ന ഗുരുതര സാഹചര്യത്തെകുറിച്ച് ചര്‍ച്ച ചെയ്യുന്നതിനാണ് പ്രത്യേക സമ്മേളനം. ഒരു ദിവസം മാത്രം നീണ്ടു നില്‍ക്കുന്ന സമ്മേളനത്തില്‍ ചര്‍ച്ചകള്‍ക്കൊടുവില്‍ ഇക്കാര്യത്തില്‍ സംസ്ഥാനത്തിന്റെ കടുത്ത വിയോജിപ്പ് പ്രകടിപ്പിക്കുന്ന പ്രമേയവും പാസാക്കും.

കേന്ദ്ര വിജ്ഞാപനത്തിലെ ചട്ടങ്ങള്‍ക്ക് നിയമപരമായ സാധുതയില്ലെന്നും പൗരന്റെ മൗലികാവകാശങ്ങള്‍ ഹനിക്കുന്നതാണെന്നും കഴിഞ്ഞ ദിവസം മുഖ്യമന്ത്രി അഭിപ്രായപ്പെട്ടിരുന്നു. കശാപ്പിന് നിയന്ത്രണം ഏര്‍പ്പെടുത്തിയതിനെ നിയമപരമായി നേരിടാന്‍ കഴിഞ്ഞ ദിവസം ചേര്‍ന്ന മന്ത്രിസഭാ യോഗത്തില്‍ തീരുമാനമായിരുന്നു. ഹൈക്കോടതിയേയോ സുപ്രിം കോടതിയേയോ സമീപിക്കാനാണ് സര്‍ക്കാര്‍ തീരുമാനം. ഭരണഘടനാ വിദഗ്ധനെ വെച്ച് കേസ് നടത്തിക്കാനും ഇക്കാര്യത്തില്‍ നിയമവകുപ്പ്, എജി മുതിര്‍ന്ന അഭിഭാഷകന്‍ എന്നിവരുടെ നിര്‍ദ്ദേശവും പരിഗണിക്കാനും മന്ത്രിസഭ തീരുമാനിച്ചു. വിജ്ഞാപനത്തെ കുറിച്ച് ചര്‍ച്ച ചെയ്യാന്‍ രാജ്യത്തെ എല്ലാ മുഖ്യമന്ത്രിമാരുടേയും യോഗം കേരളത്തില്‍ വിളിച്ച് ചേര്‍ക്കാനും കഴിഞ്ഞ ദിവസത്തെ മന്ത്രിസഭാ യോഗത്തില്‍ ധാരണയായിട്ടുണ്ട്. മെയ് മാസം 23 നാണ് കേന്ദ്രസര്‍ക്കാര്‍ വിജ്ഞാപനം പുറത്തിറക്കിയത്. 26 നാണ് ഇത് സംബന്ധിച്ച വാര്‍ത്തകള്‍ പുറത്തുവന്നത്. തുടര്‍ന്ന് വിജ്ഞാപനത്തിനെതിരെ വന്‍പ്രതിഷേധമാണ് ഉയര്‍ന്നത്. സംസ്ഥാന വ്യാപകമായി പ്രതിഷേധ പ്രകടനങ്ങള്‍ നടന്നു. വിജ്ഞാപനം കേരളത്തില്‍ നടപ്പിലാക്കില്ലെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. ഇത് നടപ്പിലാക്കുന്നതിന്റെ പ്രായോഗിക ബുദ്ധിമുട്ടുകള്‍ ചൂണ്ടിക്കാട്ടി മുഖ്യമന്ത്രി പ്രധാനമന്ത്രിക്ക് കത്തയച്ചിട്ടുണ്ട്.

Leave a Reply