Home » നമ്മുടെ കോഴിക്കോട് » സ്‌കൂളുകളിലെ കായിക വികസനത്തിന് പ്രത്യേക പദ്ധതികളുമായി കോഴിക്കോട് കോര്‍പറേഷന്‍

സ്‌കൂളുകളിലെ കായിക വികസനത്തിന് പ്രത്യേക പദ്ധതികളുമായി കോഴിക്കോട് കോര്‍പറേഷന്‍

സ്‌കൂളുകളിലെ കായിക വികസനത്തിനായി പുതിയ അധ്യയന വര്‍ഷത്തില്‍ കോഴിക്കോട് കോര്‍പറേഷന്റെ പ്രത്യേക പദ്ധതികള്‍. 20 സ്‌കൂളുകള്‍ക്ക് 33,000 രൂപയുടെ സ്‌പോര്‍ട്‌സ് കിറ്റ് നല്‍കാന്‍ തീരുമാനമാനിച്ചതായി കോര്‍പറേഷന്‍ വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷന്‍ എം. രാധാകൃഷ്ണന്‍ അറിയിച്ചു. അഞ്ചുസ്‌കൂളുകള്‍ക്ക് 1.5 ലക്ഷം രൂപവീതം വിലയുള്ള ജംപിങ് മാറ്റുകളും നല്‍കും.

കഴിഞ്ഞവര്‍ഷവും അഞ്ചുസ്‌കൂളുകള്‍ക്ക് ജംപിങ് മാറ്റുകള്‍ നല്‍കിയിരുന്നു. ഓരോ സ്‌കൂളിലും കുറഞ്ഞത് ഒരു കായിക ഇനമെങ്കിലും വികസിപ്പിക്കാനും പദ്ധതിയുണ്ട്. 15 ലക്ഷമാണ് ഇതിനായി മാറ്റിവച്ചിരിക്കുന്നത്. ഈ വര്‍ഷം 25 സ്‌കൂളുകളില്‍ ക്രിക്കറ്റ്, ഫുട്‌ബോള്‍, ബാഡ്മിന്റന്‍, ബാസ്‌കറ്റ്‌ബോള്‍, വോളിബോള്‍ എന്നിങ്ങനെ ഏതെങ്കിലും ഒരു ഇനം വികസിപ്പിക്കാനുള്ള പദ്ധതിയാണൊരുങ്ങുന്നത്. ഓരോ ഇനത്തിനും ആവശ്യമായ ഭൗതിക സാഹചര്യങ്ങളും പരിശീലനവും ഏര്‍പ്പെടുത്താന്‍ ശ്രമിക്കും.
ഇതിനായി സ്‌പോര്‍ട്‌സ് കൗണ്‍സിലിന്റെയും നഗരത്തിലെ കായിക പരിശീലകരുടെയും അക്കാദമികളുടെയും എസ്എസ്എയുടെയും സഹകരണം ലഭ്യമാക്കും.

നഗരത്തിന്റെ വിവിധ ഭാഗങ്ങളിലായി അഞ്ചുസ്‌കൂളുകളില്‍ ഫുട്‌ബോളിനു പ്രത്യേക പരിശീലനം നല്‍കും. നടക്കാവ് ജിവിഎച്ച്എസ്എസിനെ ഇതില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ബാക്കിയുള്ള സ്‌കൂളുകളെയും ഉടന്‍ തീരുമാനിക്കും. വിദ്യാര്‍ഥികളുടെ നീന്തല്‍പഠനത്തിനും ഈ വര്‍ഷം പ്രാധാന്യം നല്‍കും. യുവാക്കളുടെയും കുട്ടികളുടെയും കായികമികവ് ലക്ഷ്യമിട്ട് നഗരത്തിലെ സ്‌പോര്‍ട്‌സ് അക്കാദമികള്‍ക്കായി 20 ലക്ഷം രൂപയും വകയിരുത്തിയിട്ടുണ്ടെന്ന് രാധാകൃഷ്ണന്‍ അറിയിച്ചു.

Leave a Reply