പരിസ്ഥിതി സംരക്ഷണത്തിനും ശുചിത്വത്തിനും മികവിന്റെ അംഗീകാരമായി ആറാം തവണയും കോട്ടപ്പറമ്പ് സ്ത്രീകളുടേയും കുട്ടികളുടേയും ആശുപത്രിക്ക് അവാര്‍ഡ്. സ്ത്രീകളുടേയും കുട്ടികളുടേയും സര്‍ക്കാര്‍ ആശുപത്രി കാറ്റഗറിയിലാണ് സംസ്ഥാന മലിനീകരണ നിയന്ത്രണ ബോര്‍ഡ് സംസ്ഥാന തലത്തില്‍ രണ്ടാം സ്ഥാനമായി കോട്ടപ്പറമ്പിനെ തിരഞ്ഞെടുത്തത്. 50,000 രൂപയാണ് അവാര്‍ഡ് തുക. തിരുവനന്തപുരത്ത് കെ. മുരളീധരന് എംഎല്‍എയുടെ അധ്യക്ഷതയില്‍ നടന്ന ചടങ്ങില്‍ മന്ത്രി കെ.കെ. ശൈലജ അവാര്‍ഡ് സമ്മാനിച്ചു.
ആശുപത്രി സൂപ്രണ്ട് ഡോ. കെ.സി. രമേശന്, എന്‍എബിഎച്ച് കോ-ഓര്‍ഡിനേറ്റര്‍ അഗസ്റ്റിന് ജോസഫ് എന്നിവര്‍ ഏറ്റുവാങ്ങി.മലബാറില്‍ എന്‍എബിഎച്ച് അംഗീകാരമുള്ള ഏക സര്‍ക്കാര്‍ ആശുപത്രിയാണ് കോട്ടപ്പറമ്പ്. ആരോഗ്യ സേവന രംഗത്ത് ഗുണനിലവാരം ഉറപ്പുവരുത്തുന്നതിനു ജീവനക്കാരുടെ കൂട്ടായ പ്രവര്‍ത്തനമാണ് ഇവിടെ നടക്കുന്നത്. ആശുപത്രിയിലെത്തുന്ന എല്ലാവരും ഇതിനോട് സഹകരിക്കുന്നതിനാലാണ് മികവു നിലനിര്‍ത്താന്‍ കഴിയുന്നതെന്നു ആശുപത്രി അധികൃതര്‍ പറഞ്ഞു.