സിപിഐഎം ആഹ്വാനം ചെയ്ത കോഴിക്കോട് ജില്ലാ ഹര്‍ത്താലും അഞ്ചു നിയോജക മണ്ഡലങ്ങളില്‍ ബിജെപി പ്രഖ്യാപിച്ച ഹര്‍ത്താലും പൂര്‍ണമായിരുന്നു രാവിലെ നടന്ന സിപിഐഎം പ്രകടനത്തിനിടെ ബിജെപി ഓഫീസിനുനേര്‍ക്ക് കല്ലേറുണ്ടായിരുന്നു. ഇതില്‍ പ്രതിഷേധിച്ച് വൈകിട്ട് ബാലുശേരിയില്‍ ബിജെപി നടത്തിയ മാര്‍ച്ചിനുനേരെ കല്ലേറുണ്ടായതിനെ തുടര്‍ന്നാണ് സംഘര്‍ഷം ഉടലെടുത്തത്. പാര്‍ട്ടി ഓഫീസുകള്‍ വ്യാപകമായി ആക്രമിച്ചതില്‍ പ്രതിഷേധിച്ച് കോഴിക്കോട് ശനിയാഴ്ച ബിജെപി ഹര്‍ത്താലിന് ആഹ്വാനം ചെയ്തിരിക്കുകയാണ്.
ഹര്‍ത്താല്‍ പൂര്‍ണമായിരുന്നു. കടകള്‍ തുറന്നില്ല. ബസ് സര്‍വീസുകള്‍ നിര്‍ത്തിയത് യാത്രക്കാരെ വലച്ചു. പ്രതിഷേധ പ്രകടനങ്ങള്‍ പലയിടത്തും അക്രമാസക്തമായി. മാധ്യമപ്രവര്‍ത്തകര്‍ക്കു നേരെ സിപിഐഎം ആക്രമണമുണ്ടായി. വടകര ആര്‍എസ്എസ് കാര്യാലയത്തിന് നേരെ ബോംബെറിഞ്ഞു. തലക്കുളത്തൂരില്‍ ബിജെപി ഓഫിസും ചോറോട് സിപിഎം ലോക്കല്‍ കമ്മിറ്റി ഓഫിസും അടിച്ചുതകര്‍ത്തു. വടകരയില്‍ വായനശാലകളും അക്രമിക്കപ്പെട്ടു. ഹര്‍ത്താലില്‍ നിന്ന് വാഹനങ്ങളെ ഒഴിവാക്കിയെന്ന് സിപിഐഎം ജില്ലാ നേതൃത്വം അറിയിച്ചെങ്കിലും പല സ്ഥലങ്ങളിലും തടഞ്ഞു. വടകരയില്‍ മൂന്ന് കെഎസ്ആര്‍ടിസി ബസുകള്‍ക്കു നേരെ കല്ലേറുണ്ടായി.
ശനിയാഴ്ച കൂടി ഹര്‍ത്താല്‍ പ്രഖ്യാപിച്ചതോടെ തുടര്‍ച്ചയായി രണ്ടാം ദിവസവും ജനജീവിതം സ്തംഭിക്കും. ദേശീയ അഗ്രിക്കള്‍ച്ചറല്‍ എന്‍ട്രന്‍സ് പരീക്ഷയ്ക്കായി ശനിയാഴ്ച കോഴിക്കോട്ടെത്തുന്ന വിദ്യാര്‍ഥികളെ ഹര്‍ത്താലില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.