Home » നമ്മുടെ കോഴിക്കോട് » കോഴിക്കോട്-പാലക്കാട് ദേശീയപാതയില്‍ ടോള്‍ വരുന്നു

കോഴിക്കോട്-പാലക്കാട് ദേശീയപാതയില്‍ ടോള്‍ വരുന്നു

കോഴിക്കോട്-പാലക്കാട് ദേശീയപാത 966 നാട്ടുകല്‍ മുതല്‍ താണാവ് വരെ രണ്ടു വരിയായി വികസിപ്പിക്കുമ്പോള്‍ ടോള്‍ ഏര്‍പ്പെടുത്തും. മുണ്ടൂരില്‍ ദേശീയപാതയോടുചേര്‍ന്ന് ഐആര്‍ടിസിക്കു സമീപം ടോള്‍ പ്ലാസ ഉള്‍പ്പെടെയുള്ള സംവിധാനങ്ങള്‍ ഒരുക്കാനാണു നിര്‍ദേശം. കേന്ദ്ര സര്‍ക്കാര്‍ 100 കോടിയിലേറെ രൂപ ചെലവിടുന്ന പാത വികസന പദ്ധതികള്‍ക്കു ടോള്‍ നിര്‍ബന്ധമാണ്.

നാട്ടുകല്‍-താണാവ് പാത വികസനത്തിന് 294.26 കോടി രൂപയുടെ പദ്ധതിക്കാണ് കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയത്തിന്റെ അനുമതി. 46.72 കിലോമീറ്റര്‍ ദൂരം രണ്ടു വരിയായി ഇരുവശങ്ങളിലും ഇരുചക്ര വാഹനങ്ങള്‍ക്കു സഞ്ചരിക്കാവുന്ന സൗകര്യത്തോടെ (പേവ്ഡ് ഷോള്‍ഡര്‍) 17 മീറ്റര്‍ വരെ വീതിയിലാണു വികസിപ്പിക്കുന്നത്. ടോള്‍ പ്ലാസ ഒരുക്കുന്ന സ്ഥലത്ത് 42.35 മീറ്റര്‍ വീതിയില്‍ സ്ഥലമേറ്റെടുക്കും.

ടോള്‍ പ്ലാസയ്ക്കു കണ്ടെത്തിയിരിക്കുന്ന സ്ഥലത്തിനു നേരിയ മാറ്റങ്ങള്‍ വരാനും സാധ്യതയുണ്ട്. പാതയ്ക്കായി 12 ഏക്കര്‍ സ്ഥലമാണ് ഏറ്റെടുക്കേണ്ടി വരുന്നത്. 206.26 കോടി രൂപയ്ക്കു ടെന്‍ഡര്‍ ചെയ്ത പ്രവൃത്തിയുടെ കരാര്‍ ഉറപ്പിച്ചത് 173.05 കോടി രൂപയ്ക്കാണ്. ഊരാളുങ്കല്‍ ലേബര്‍ സൊസൈറ്റിയാണ് കരാര്‍ ഏറ്റെടുത്തത്. 2019 ഏപ്രില്‍ 10നകം പണി പൂര്‍ത്തിയാക്കണമെന്നാണു വ്യവസ്ഥ. അറ്റകുറ്റപ്പണി നാലു വര്‍ഷത്തേക്കു കരാറുകാരന്‍ നിര്‍വഹിക്കണം.

രണ്ടാം ഘട്ടമായി താണാവു മുതല്‍ ചന്ദ്രനഗര്‍ വരെ 7.24 കിലോമീറ്റര്‍ ദൂരം 20 മീറ്റര്‍ വീതിയില്‍ വികസിപ്പിക്കാന്‍ 112.93 കോടി രൂപയുടെ പദ്ധതി പൊതുമരാമത്ത് ദേശീയപാത വിഭാഗം കേന്ദ്രത്തിന്റെ അനുമതിക്കായി സമര്‍പ്പിച്ചിട്ടുണ്ട്. നിലവില്‍ ഒലവക്കോടു നിന്നു ചുണ്ണാമ്പുത്തറ, ഗവ. വിക്ടോറിയ കോളജ്, സുല്‍ത്താന്‍പേട്ട വഴിയാണു പാത. പുതിയ പദ്ധതിയില്‍ ഇത് ഒലവക്കോടു നിന്നു ശേഖരീപുരം-കല്‍മണ്ഡപം ബൈപാസ് വഴിയാണ്. ഇവിടെ സ്ഥലമേറ്റെടുക്കല്‍ പരിമിതമായിരിക്കും. പുതിയപാലത്തിനു സമീപം മറ്റൊരു പാലം കൂടി നിര്‍മിക്കും.

Leave a Reply