Home » മതം/പാരമ്പര്യം » 2023ൽ ഹിന്ദുരാഷ്ട്രം: വിദൂര തെരഞ്ഞെടുപ്പിനു മുദ്രാവാക്യങ്ങൾ മെനയാൻ ഹിന്ദുസംഘ മുന്നണി

2023ൽ ഹിന്ദുരാഷ്ട്രം: വിദൂര തെരഞ്ഞെടുപ്പിനു മുദ്രാവാക്യങ്ങൾ മെനയാൻ ഹിന്ദുസംഘ മുന്നണി

ഹിന്ദുരാഷ്ട്ര സംസ്ഥാപനത്തിനായി ഗോവയിൽ ചേരാനിരിക്കുന്ന ഹിന്ദുസംഘടനകളുടെ സമ്മേളനം സംഘടിപ്പിക്കുന്നത് നരേന്ദ്ര ധാബോൽക്കർ വധത്തിൽ വിവാദത്തിലുള്ള സനാതൻ സൻസ്ഥയുടെ സഹോദര സംഘടന. സനാതൻ സൻസ്ഥയുടെ സ്ഥാപകനായ മനോരോഗവിദഗ്ധൻ ഡോ.ജയന്ത് ബാലാജി അഥ്വാലെ രൂപം നൽകിയ ഹിന്ദു ജനജാഗ്രിതി സമിതിയാണ് ഹിന്ദുമഹാസമ്മേളനം വിളിച്ചത്.

2023ൽ ഇന്ത്യയെ ഹിന്ദുരാഷ്ട്രമായി പ്രഖ്യാപിക്കാനുള്ള പദ്ധതി രൂപരേഖയുണ്ടാക്കലാണ് സമ്മേളനത്തിന്റെ പ്രഖ്യാപിതലക്ഷ്യം. 150 സംഘടനകളാണ് ജൂൺ 14 മുതൽ 17 വരെ ചേരുന്ന യോഗത്തിൽ പങ്കെടുക്കുന്നത്.

ഹിന്ദുരാഷ്ട്രമെന്ന ആശയത്തിന് ഇന്ത്യൻ ജനത പാകപ്പെട്ടുകഴിഞ്ഞിട്ടുണ്ടെന്ന് ഹിന്ദു ജനജാഗ്രിതി സമിതിയുടെ വക്താവ് ഉദയ് ധുരി അവകാശപ്പെട്ടു. ഈ ആശയത്തിന്റെ ഉറച്ച വക്താവായ യോഗി ആദിത്യനാഥിന്റെ അധികാരാരോഹണം തന്നെ തെളിവ് – ഉദയ് ധുരി പറഞ്ഞു. ദൗത്യത്തിലേക്ക് എങ്ങനെ മുന്നേറണമെന്നതിന് സമ്മേളനം മാർഗ്ഗനിർദേശം നൽകുമെന്നും ധുരി പറഞ്ഞു. എല്ലാ ഹിന്ദുസംഘടനകളെയും ഇതിനായി ഒരുമിപ്പിക്കലാണ് സമിതിയുടെ ലക്ഷ്യം.

ഹിന്ദു ഏകോപനത്തിന്
കൂടുതൽ മുദ്രാവാക്യങ്ങൾ

സമ്മേളനം ചർച്ചചെയ്യാൻ പോവുന്ന മറ്റു വിഷയങ്ങളും ജാഗ്രിതി സമിതി പ്രഖ്യാപിച്ചിട്ടുണ്ട്. ലൗ ജിഹാദ്, മതപരിവർത്തനം എന്നിവ പട്ടികയിലുണ്ട്. ഇതുവരെ കാര്യമായുയർത്തിയിട്ടില്ലാത്ത വിഷയങ്ങളുമുണ്ട് ഒപ്പം – ഹിന്ദു സന്യാസിമാരെ അധിക്ഷേപിക്കൽ തടയൽ, ഹിന്ദുക്കളുടെ ജനസംഖ്യാപദവിയിൽ വരുന്ന മാറ്റം തുടങ്ങിയവ.

ഏക സിവിൽ കോഡ് നടപ്പാക്കൽ, കശ്മീരിന്റെ പ്രത്യേക പദവി എടുത്തുകളയൽ, അയോധ്യയിൽ രാമക്ഷേത്രം പണിയൽ തുടങ്ങി ദീർഘകാലമായി മാറ്റിവെയ്ക്കപ്പെടുന്ന ഒട്ടേറെ പദ്ധതികളും സമ്മേളനത്തിന്റെ പരിഗണനയിലുണ്ടെന്ന് ഉദയ് ധുരി പറഞ്ഞു.

ബി.ജെ.പി.സർക്കാരിൽനിന്ന്
സുരക്ഷിത അകലത്തിൽ

പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ‘സ്വന്തം ആൾ’ എന്നാണ് ഹിന്ദു ജനജാഗ്രിതി സമിതി വിശേഷിപ്പിക്കുന്നത്. എന്നാൽ, കേന്ദ്രസർക്കാർ ഹിന്ദുക്കളുടെ ആവശ്യങ്ങൾ വേണ്ടത്ര നിറവേറ്റിയിട്ടില്ലെന്നാണ് സമിതിയുടെ ആക്ഷേപം.

2019ൽ നടക്കാനിരിക്കുന്ന പൊതു തെരഞ്ഞെടുപ്പിനും അപ്പുറത്തെ വർഷമാണ് ഹിന്ദുരാഷ്ട്ര പ്രഖ്യാപനത്തിനായി തിരഞ്ഞെടുത്തിരിക്കുന്നതെന്നത് ശ്രദ്ധേയമാണ്. വിവാദവിഷയങ്ങളുടെ കൂട്ടില്ലാതെതന്നെ ബി.ജെ.പി.സർക്കാരിന് ഭരണത്തുടർച്ച കിട്ടുമെന്ന വിലയിരുത്തലുണ്ട് സംഘപരിവാർ നേതൃത്വത്തിന്. ധുരി ചൂണ്ടിക്കാണിക്കുന്ന ഉത്തർപ്രദേശ് തെരഞ്ഞെടുപ്പു ഫലം തന്നെ ഈ വിലയിരുത്തലിനും അടിസ്ഥാനം.

2024 ൽ നടക്കേണ്ട അതിനുമടുത്ത പൊതുതെരഞ്ഞെടുപ്പിനെ സ്വാധീനിക്കാവുന്ന മുദ്രാവാക്യങ്ങൾക്ക് സൂക്ഷ്മരൂപം നൽകലാവും ഫലത്തിൽ ഗോവയിലെ ഹിന്ദു സംഘടനാ സമ്മേളനം ചെയ്യാൻ പോകുന്നത്. രാമക്ഷേത്ര നിർമ്മാണവും കശ്മീരിന്റെ പ്രത്യേകപദവി നീക്കലും പോലുള്ള മുദ്രാവാക്യങ്ങൾ ജനാഭിപ്രായം സ്വരൂപിച്ചതാണ് ആദ്യ ബി.ജെ.പി.സർക്കാരിന് വഴിവെച്ചത്.

2013ലാണ് യുക്തിവാദ പ്രസ്ഥാനത്തിന്റെ പ്രചാരകൻ നരേന്ദ്ര ധാബോൽക്കർ വെടിയേറ്റു മരിച്ചത്. മന്ത്രവാദ നിർമാർജന ബിൽ നിയമമാക്കണമെന്നാവശ്യപ്പെട്ടുള്ള പ്രചാരണങ്ങൾ നയിച്ചുകൊണ്ടിരിക്കുകയായിരുന്നു ധാബോൽക്കർ അക്കാലം. വധക്കേസിൽ കഴിഞ്ഞ വർഷമാണ് പ്രതിയായ വീരേന്ദ്ര താവ്ഡെയെ സി.ബി.ഐ.അറസ്റ്റുചെയ്തത്. സനാതൻ സൻസ്ഥയുമായും ഹിന്ദു ജനജാഗ്രിതി സമിതിയുമായും ബന്ധപ്പെട്ടു പ്രവർത്തിച്ചിരുന്നു വീരേന്ദ്ര താവ്ഡെ.

(photo courtesy: Indian Express)

Leave a Reply