സംസ്ഥാനത്തെ മെഡിക്കല്‍ കോളേജുകളില്‍ വിലയേറിയ മരുന്നുകള്‍ സൗജന്യമായി നല്കാന് സര്‍ക്കാര്‍ തീരുമാനം. ക്യാന്‍സര്‍, ഹൃദ്രോഗം, പക്ഷാഘാതം എന്നിവയടക്കമുള്ള ഗുരുതര രോഗങ്ങള്‍ക്കുള്ള മരുന്നുകള്‍ ഇനി സൗജന്യമായി ലഭിക്കും.
മരുന്നുകള്‍ സൗജന്യമായി ലഭ്യമാക്കുന്നതോടെ മെഡിക്കല്‍ കോളേജുകളില്‍ നിന്ന് പുറത്തേക്കുള്ള കുറിപ്പടി പൂര്‍ണമായി ഇല്ലാതാകും. നിലവില്‍ സൗജന്യമായി മരുന്നുകള്‍ നല്കുന്ന പദ്ധതികള്‍ക്ക് പുറമെയാണ് വില കൂടിയ മരുന്നുകളും സൗജന്യമായി നല്‍കുന്നത്
ആരോഗ്യമന്ത്രി കെ കെ ശൈലജയുടെ നിര്‍ദേശാനുസരണം 125 കോടി രൂപ ഇതിനായി മാറ്റിവയ്ക്കാന്‍ മെഡിക്കല്‍ സര്‍വീസസ് കോര്പ്പറേഷന് തീരുമാനിച്ചു. ക്യാന്‍സറിന് അനിവാര്യമായ റിറ്റ് ക്സുമാബ് എന്ന മരുന്നിന്റെ ഒരു ഡോസിന് 45,000 രൂപ വരെയാണ് വില. ഹൃദ്രോഗത്തിനുള്ള തൈറുഫിബാന്‍ എന്ന മരുന്നിന് ഡോസിന്റെ വില 25000 രൂപയാണ്.ടെന്‍ഡര്‍ നടപടികള്‍ക്കായി 55 മരുന്നു കമ്പനികളുടെ യോഗം തിരുവനന്തപുരത്തു ചേര്‍ന്നു. ആഗസ്ത് ഒന്നിന് മെഡിക്കല്‍ കോളേജില്‍ മരുന്നുകള്‍ എത്തിക്കും. രണ്ടാം ഘട്ടമായി ജില്ലാ ആശുപത്രികളിലും മരുന്ന് എത്തിക്കാനാണ് നീക്കം.
