നോട്ടു നിരോധനത്തെ തുടര്‍ന്ന് പിന്‍വലിച്ച 500, 1000 രൂപയുടെ നോട്ടുകള്‍ റിസര്‍വ് ബാങ്കില്‍ നിക്ഷേപിക്കാന്‍ ജില്ലാ സഹകരണ ബാങ്കുകള്‍ക്ക് അനുമതി. ഇത് സംബന്ധിച്ച ധനകാര്യ മന്ത്രാലയത്തിന്റെ ഔദ്യോഗികവിജ്ഞാപനം പുറത്തിറങ്ങി. 2016 ഡിസംബര്‍ 30ന് മുമ്പ് ശേഖരിച്ച നോട്ടുകള്‍ നിക്ഷേപിക്കാനാണ് ഒരു മാസത്തെ കാലാവധി നല്‍കിയിരിക്കുന്നത്. ജില്ലാ സഹകരണ ബാങ്കുകള്‍ക്ക് പുറമേ പോസ്റ്റ് ഓഫീസുകള്‍ക്കും പിന്‍വലിച്ച നോട്ടുകള്‍ നിക്ഷേപിക്കാവുന്നതാണ്.
ജില്ലാ സഹകരണ ബാങ്കുകള്‍ക്കും പോസ്റ്റ് ഓഫീസുകള്‍ക്കും 30 ദിവസത്തിനുള്ളില്‍ റിസര്‍വ് ബാങ്കിന്റെ ഏതെങ്കിലും ഓഫീസുവഴി പഴയ നോട്ടുകള്‍ മാറ്റിവാങ്ങാമെന്ന് വിജ്ഞാപനത്തില്‍ വ്യക്തമാക്കുന്നു. എന്നാല്‍ റിസര്‍വ് ബാങ്കിന്റെ നിബന്ധനകള്‍ അനുസരിച്ചായിരിക്കും നോട്ടുകള്‍ മാറ്റി നല്‍കുകയെന്നും വിജ്ഞാപനത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്.
2016 നവംബര്‍ 8നാണ് നോട്ടുകള്‍ അസാധുവാക്കുന്നതായി പ്രധാനമന്ത്രി നരേന്ദ്രമോദി പ്രഖ്യാപിച്ചത്. നോട്ടുകള്‍ മാറ്റിവാങ്ങേണ്ട സമയപരിധിക്കുള്ളില്‍ മാറിയെടുക്കാന്‍ പല സഹകരണ ബാങ്കുകള്‍ക്കും സാധിച്ചിരുന്നില്ല. ഈ സാഹചര്യത്തിലാണ് പുതിയ നടപടി.