Home » നമ്മുടെ കോഴിക്കോട് » കടലാക്രമണം: ജില്ലയില്‍ തീരദേശ മേഖലയുടെ സമഗ്ര സര്‍വേ വരുന്നു

കടലാക്രമണം: ജില്ലയില്‍ തീരദേശ മേഖലയുടെ സമഗ്ര സര്‍വേ വരുന്നു

കടലാക്രമണം നേരിടുന്ന തീരദേശമേഖലകളുടെ സംരക്ഷണം മുന്‍നിര്‍ത്തി സമഗ്ര വിവരശേഖരണം ആരംഭിക്കുന്നു. സോയില്‍ സര്‍വേ വിഭാഗമാണ് ജില്ലയില്‍ സര്‍വേ നടത്തുന്നത്. ഈ ആഴ്ച അവസാനത്തോടെ സര്‍വേ ആരംഭിക്കും. ആദ്യമായാണ് ജില്ലയില്‍ തീരദേശ മേഖലയെക്കുറിച്ച് സമഗ്ര പഠനം നടക്കുന്നത്.

കടലുണ്ടിക്കടവ് മുതല്‍ അഴിയൂര്‍വരെ നീളുന്ന 72 കിലോമീറ്റര്‍ കടലോര മേഖലയിലാണ് സര്‍വേ. കടലാക്രമണം എത്രമാത്രം തീരങ്ങളിലേക്ക് വ്യാപിക്കുന്നു, കടലാക്രമണത്തില്‍ ഇല്ലാതാവുന്ന തീരങ്ങള്‍, സംരക്ഷണ ഭിത്തികളില്ലാത്ത ഭാഗങ്ങള്‍ എന്നിവയൊക്കെ സര്‍വേയില്‍ ഉള്‍പ്പെടുത്തും. നിലവിലെ സംരക്ഷണഭിത്തികളുടെ അവസ്ഥ, സ്ഥലങ്ങള്‍ക്ക് അനുയോജ്യമായ വിധത്തില്‍ നിര്‍മിക്കേണ്ട വ്യത്യസ്ത സംരക്ഷണ ഭിത്തികള്‍ എന്നിവയെ കുറിച്ചും വിവരങ്ങള്‍ നല്‍കും.

കടലാക്രമണ സാധ്യതയുള്ള സ്ഥലങ്ങളെക്കുറിച്ച് സൂചനയും കൈക്കൊള്ളേണ്ട നടപടികളും പ്രതിപാദിക്കുന്ന പഠന റിപ്പോര്‍ട്ട് തുടര്‍ പദ്ധതികള്‍ക്ക് ഗുണകരമാവുമെന്നാണ് വിലയിരുത്തല്‍. കടലാക്രമണത്തില്‍ തീരങ്ങള്‍ ഇല്ലാതാവുന്നത് കൂടിവരുന്നത് പരിഹരിക്കാനുള്ള മാഗങ്ങളും റിപ്പോര്‍ട്ടില്‍ നിര്‍ദേശിക്കും.

സോയില്‍ സര്‍വേ അസി. ഡയറക്ടറുടെ നേതൃത്വത്തിലാണ് സര്‍വേ. രണ്ടുമാസത്തിനകം പൂര്‍ത്തീകരിക്കും. തീരദേശത്തിന്റെ രൂപരേഖ തയ്യാറാക്കുന്ന പ്രവൃത്തിയാണ് ഇപ്പോള്‍ നടക്കുന്നത്. സര്‍വേ റിപ്പോര്‍ട്ട് ജില്ലാ ഭരണവിഭാഗത്തിനും വകുപ്പ് മേധാവിക്കും സമര്‍പ്പിക്കും. തുടര്‍ന്ന് ഇതനുസരിച്ചുള്ള തീരദേശ സംരക്ഷണ പദ്ധതികള്‍ ആവിഷ്‌കരിക്കും.

Leave a Reply