Home » നമ്മുടെ കോഴിക്കോട് » ഈസ്റ്റ് നടക്കാവില്‍ ചില്‍ഡ്രന്‍സ് സ്‌പോര്‍ട്‌സ് പാര്‍ക്ക്: നിര്‍മാണം ഉടന്‍

ഈസ്റ്റ് നടക്കാവില്‍ ചില്‍ഡ്രന്‍സ് സ്‌പോര്‍ട്‌സ് പാര്‍ക്ക്: നിര്‍മാണം ഉടന്‍

ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സിലിന്റെ ആഭിമുഖ്യത്തില്‍ കോഴിക്കോട് ഈസ്റ്റ് നടക്കാവില്‍ ആരംഭിക്കുന്ന ചില്‍ഡ്രന്‍സ് സ്‌പോര്‍ട്‌സ് പാര്‍ക്കിന്റെ നിര്‍മാണ പ്രവൃത്തി ഉടന്‍ ആരംഭിക്കും. എ. പ്രദീപ്കുമാര്‍ എം.എല്‍.എയുടെ ആസ്തി വികസന ഫണ്ടില്‍ നിന്ന് 20 ലക്ഷവും ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സിലിന്റെ തനതു ഫണ്ടില്‍ നിന്ന് 17.5 ലക്ഷവും ഉള്‍പ്പെടെ 37.5 ലക്ഷം രൂപ ചെലവഴിച്ചാണ് കുട്ടികള്‍ക്ക് അടിസ്ഥാന കായിക പരിശീലനം നേടുന്നതിനായി പാര്‍ക്ക് നിര്‍മിക്കുന്നത്. 10 വയസ്സില്‍ താഴെയുള്ള കുട്ടികളെ ഉദ്ദേശിച്ചുള്ള പാര്‍ക്കില്‍ 2.4 മീറ്റര്‍ ഉയരമുള്ള രണ്ട്

ബാസ്‌ക്കറ്റ്‌ബോള്‍ കോര്‍ട്ടുകള്‍, രണ്ട് ഫുട്‌ബോള്‍ കോര്‍ട്ടുകള്‍, ഒരു ചെറിയ നീന്തല്‍ കുളം എന്നിവ സജീകരിക്കും. ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും വസ്ത്രം മാറുന്നതിനുള്ള സ്ഥലങ്ങളും കുട്ടികളോടൊപ്പം വരുന്ന രക്ഷിതാക്കള്‍ക്ക് വിശ്രമിക്കാനുള്ള സൗകര്യങ്ങളും ഉണ്ടാകും. കൊയിലാണ്ടിയിലെ ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ സ്റ്റേഡിയം ആധുനികവത്ക്കരിക്കുന്നതിനുള്ള വിശദ പഠന റിപ്പോര്‍ട്ട് തയ്യാറാക്കാന്‍ ആര്‍ക്കിടെക്ടിനെ ചുമതലപ്പെടുത്തിയിട്ടുണ്ട്.

സ്ഥലം എം.എല്‍.എ കെ. ദാസന്‍, സംസ്ഥാന സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റ് ടി.പി. ദാസന്‍ എന്നിവരുടെ സാന്നിധ്യത്തില്‍ ചേര്‍ന്ന യോഗമാണ് ഇത് സംബന്ധിച്ച തീരുമാനമെടുത്തത്. വിശദ പഠന റിപ്പോര്‍ട്ട് ലഭ്യമായാല്‍ ഉടന്‍ സംസ്ഥാന സര്‍ക്കാറിന് സമര്‍പ്പിച്ച് പദ്ധതി ത്വരിതഗതിയില്‍ നടപ്പാക്കാന്‍ നടപടി സ്വീകരിക്കും. ജില്ലാ കലക്ടറുടെ ചേമ്പറില്‍ ചേര്‍ന്ന ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ അഡ്മിനിസ്‌ട്രേറ്റീവ് കമ്മിറ്റി യോഗത്തില്‍ കലക്ടര്‍ യു.വി. ജോസ് അധ്യക്ഷനായി. ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റ് കെ.ജെ. മത്തായി, സെക്രട്ടറി പ്രേമന്‍ തറവട്ടത്ത് എന്നിവര്‍ പങ്കെടുത്തു.

Leave a Reply