കോഴിക്കോട് റഹ്മത്ത് ഹോട്ടല്‍ ഉടമ കുഞ്ഞഹമ്മദ് ഹാജി(86) നടക്കാവില്‍ നിര്യാതനായി.തിരൂര്‍ ആലത്തിയൂര്‍ സ്വദേശിയായ ഇദ്ദേഹം കോഴിക്കോട് ബീച്ചിനടുത്ത് 60 വര്‍ഷം മുമ്പ് ആരംഭിച്ച ഹോട്ടലാണ് പിന്നീട് രണ്ടാം ഗെയ്റ്റിന് സമീപത്തെ ബിരിയാണിക്ക് പ്രശസ്തമായ റഹ്മത്ത് ഹോട്ടലായി മാറിയത്. ഇദ്ദേഹത്തിന്റേതടക്കം ജീവിത കഥക്ക് സാമ്യമുണ്ടായിരുന്നു ഉസ്താദ് ഹോട്ടലിലെ തിലകന് അവതരിപ്പിച്ച കഥാപാത്രത്തിന്. മലബാറിന്റെ രുചിക്കൂട്ടുകളുടെ കേന്ദ്രമെന്ന് വേണമെങ്കില്‍ ഈ ഹോട്ടലിനെ വിശേഷിപ്പിക്കാം.
മയ്യിത്ത് നമസ്കാരം ഇന്ന് അസ്വര്‍ നമസ്കാരത്തിന് ശേഷം നടക്കാവ് ജുമഅത്ത് പള്ളിയില്‍ നടന്നു. കോഴിക്കോടെത്തുന്നവരെല്ലാം സാധ്യമായാല്‍ പോവാറുള്ള റഹ്മത്ത് ഹോട്ടല്‍ തങ്ങളുടെ സ്വതസിദ്ധമായ രീതിയില്‍ പാകം ചെയ്ത ബീഫ് ബിരിയാണി വിളമ്പിയാണ് ശ്രദ്ധേയമായത്. ഇടയ്ക്ക് 2012-ല്‍ എ സി മുറികളും മറ്റു കൂടുതല്‍ സൗകര്യങ്ങളും ഉള്‍പ്പെടുത്തി ഹോട്ടല്‍ പുതുക്കി പണിതു. ഇവിടെ ഉണ്ടാക്കുന്ന ‘ ബീഫ് ബിരിയാണി’ ആണ് ഏറെ പ്രസിദ്ധമായത്. കേരളത്തില്‍ തന്നെ ഏറ്റവും നല്ല ബീഫ് ബിരിയാണി കിട്ടുന്ന ഹോട്ടല്‍ ഏതാണെന്ന് ചോദിച്ചാല്‍ ധൈര്യം ആയി എല്ലാവരും പറഞ്ഞിരുന്നത് റഹ്മത്തിലെ ബിരിയാണിയെ ആണ്.
സിനിമാക്കാരും രാഷ്ട്രീയക്കാരും അടക്കമുള്ള പ്രമുഖര്‍ രുചിതേടിയെത്തുന്ന താവളമായിരുന്നു കുഞ്ഞഹമ്മദ് ഹാജിയുടെ ഹോട്ടല്‍. ബീഫ് വിവാദത്തിന്റെ പശ്ചാത്തലത്തിലും ഹോട്ടല്‍ ഏറെ ശ്രദ്ധ നേടിയിരുന്നു. കഴിക്കുന്നതിനേക്കാള്‍ കഴിപ്പിക്കുന്നതില്‍ സന്തോഷം കണ്ടെത്തുന്നതിലായിരുുന്നു കുഞ്ഞഹമ്മദ് ഹാജിക്ക് സന്തോഷം. സൈനബയാണ് കുഞ്ഞഹമ്മദ് ഹാജിയുടെ ഭാര്യ. മക്കള്‍: മുഹമ്മദ് സുബൈര്‍, മുഹമ്മദ് സുഹൈല്‍ (ഹോട്ടല്‍ ആന്‍ഡ് റസ്റ്റോറന്റ് അസോസിയേഷന് ജില്ലാ പ്രസിഡന്റ്), ഷാഹിന, സുഹറാബി, ജമീല, റഹിയത്ത്, ആബിദ. മക്കളും കുടുംബവും തന്നെയാണ് ഇപ്പോഴും ഹോട്ടല്‍ കാര്യങ്ങള്‍ നടത്തുന്നത്.