Home » കലാസാഹിതി » അമ്മയോടിടഞ്ഞ് വനിതാ സംഘടന

അമ്മയോടിടഞ്ഞ് വനിതാ സംഘടന

ആക്രമണത്തിന് ഇരയായ നടിയെ അപമാനിച്ച സംഭവത്തില്‍ നിയമനടപടിയുമായി മുന്നോട്ടു പോകുമെന്ന് മലയാള സിനിമയിലെ വനിതകളുടെ സംഘടന ‘വിമന്‍ ഇന്‍ സിനിമ കലക്ടീവ്'(ഡബ്ല്യുസിസി). വിഷയത്തില്‍ അടിയന്തര നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് ഡബ്ല്യുസിസി വനിതാ കമ്മിഷന് പരാതി നല്‍കും. സ്വന്തം നിലയില്‍ നടിക്ക് പിന്തുണ നല്‍കാന്‍ കഴിവുണ്ടെന്നും കൂട്ടായ്മ വ്യക്തമാക്കി. ഇന്നു ചേര്‍ന്ന ‘അമ്മ’ ജനറല്‍ബോഡി യോഗത്തിന്റെ വിവരങ്ങള്‍ ഉള്‍പ്പെടുത്തി സമൂഹമാധ്യമത്തിലൂടെയാണ് സംഘടന നിലപാട് വ്യക്തമാക്കിയത്.

ഞങ്ങളുടെ അംഗവും സഹപ്രവര്‍ത്തകയും ഉള്‍പ്പെട്ട കേസ് അമ്മയുടെ യോഗത്തില്‍ ചര്‍ച്ച ചെയ്തില്ലെന്ന് സമൂഹമാധ്യമത്തില്‍ പ്രസിദ്ധീകരിച്ച കുറിപ്പില്‍ സംഘടന വ്യക്തമാക്കി. കോടതിയുടെ പരിഗണനയില്‍ ഇരിക്കുന്ന കേസ് ആയതിനാല്‍ വിഷയം ഉന്നയിക്കേണ്ടെന്ന നിലപാടാണ് സ്വീകരിച്ചതെങ്കിലും വിമന്‍ ഇന്‍ സിനിമ കലക്ടീവ് ഉന്നയിച്ചാല്‍ മാത്രം ചര്‍ച്ചചെയ്യേണ്ട കേസാണിതെന്ന് കരുതുന്നില്ല. ഒരു സംഘടനയെന്ന നിലയില്‍ ഞങ്ങളുടെ സഹപ്രവര്‍ത്തകയ്ക്ക് എല്ലാ പിന്തുണ നല്‍കും. ഇര വീണ്ടും ഇരയാക്കപ്പെടുന്നതിനെതിരെ ശക്തമായ നിലപാട് സ്വീകരിക്കും.

‘അമ്മ’യ്ക്ക് അവരുടേതായ നിലപാട് ആവാം. എന്നാല്‍ അപമാനത്തിന് ഇരയായത് ‘അമ്മ’യിലെ അംഗം തന്നെയായതിനാല്‍ ‘അമ്മ’ അവള്‍ക്കൊപ്പം നില്‍ക്കുമെന്നും നീതിപൂര്‍വമായ വിചാരണയ്ക്ക് വഴിയൊരുക്കുമെന്നുമാണ് പ്രതീക്ഷിക്കുന്നതെന്നും സംഘടന വ്യക്തമാക്കി.

Leave a Reply