Home » കലാസാഹിതി » കാഴ്ചക്ക് ഇങ്ങനെയും സാധ്യതകളുണ്ട്

കാഴ്ചക്ക് ഇങ്ങനെയും സാധ്യതകളുണ്ട്

ബറോഡ കേന്ദ്രമായി രണ്ടു പതിറ്റാണ്ടായി പ്രവര്‍ത്തിക്കുന്ന വിഖ്യാത കലാകാരനും മലയാളിയുമായ കെ കെ മുഹമ്മദിന്റെ സൃഷ്ടികൾ കൊച്ചിയിൽ ആദ്യമായി പ്രദർശിപ്പിക്കാനിരിക്കെ,  റിമെംബറിംഗ്‌ ദ പ്രസന്റ്‌ – സ്‌പീക്കിംഗ്‌ ട്രീ ആന്റ്‌ അദര്‍ വര്‍ക്‌സ്‌ (വര്‍ത്തമാനം ഓര്‍മ്മിക്കപ്പെടുമ്പോള്‍ – സംസാരിക്കുന്ന വൃക്ഷവും മറ്റു സൃഷ്‌ടികളും) എന്ന പേരിലുള്ള പ്രദര്‍ശനത്തിലെ സൃഷ്ടികളെയും മുഹമ്മദിനെയും പരിചയപ്പെടുത്തുന്നു ഈ കുറിപ്പ്. 

അതീവദുഷ്‌കരമായ സമകാല രാഷ്‌ട്രീയസ്ഥിതിയിലും ഗുജറാത്തില്‍ തുടരാന്‍ നിശ്‌ചയിച്ച പൂര്‍ണ്ണസമയ കലാകാരനാണ് മുഹമ്മദ്‌. ശാന്തിനികേതനിലെ വിശ്വഭാരതി സര്‍വകലാശാലയില്‍ ഉപരിപഠനം പൂര്‍ത്തിയാക്കി. ഇന്ത്യയിലും വിദേശത്തുമായി ഒമ്പത്‌ ഏകാംഗ പ്രദര്‍ശനങ്ങളിലും നാല്‍പ്പത്തിയഞ്ച്‌ സംഘപ്രദര്‍ശനങ്ങളിലും പങ്കെടുത്തു. കേരള ലളിത കലാ അക്കാദമി അവാർഡ്, ബോംബെ ആര്ട്ട് ‌ സൊസൈറ്റി അവാർഡ്, കല്കത്തയിലെ ഇന്ത്യ ഇന്റര്നാഷനല്‍ ആര്ട്ട് സെന്റര്‍ അവാർഡ്, ബംഗളുരുവിൽനിന്ന് കേജിരിവാള്‍ മെമ്മോറിയല്‍ അവാർഡ്, മുംബൈയിൽനിന്ന് ബെന്ദ്രേ ഹുസൈന്‍ ഫെല്ലോഷിപ്, കേന്ദ്ര മാനവവിഭവ വകുപ്പിന്റെ ജൂനിയര്‍ ഫെല്ലോവ്ഷിപ് തുടങ്ങിയ ബഹുമതികള്‍ നേടി. വ്യത്യസ്‌ത മാധ്യമങ്ങളിലുള്ള മുഹമ്മദിന്റെ കലാസൃഷ്‌ടികള്‍ ദേശീയവും അന്തര്‍ദേശീയവുമായ ശ്രദ്ധയാകര്‍ഷിച്ചിട്ടുണ്ട്‌.

ബന്ധിത അകലം: കാഴ്‌ചാസാധ്യതകളെ  പ്രചോദിപ്പിക്കുന്ന പുതിയ സ്ഥലസങ്കല്‌പം

KKM-WORK

വളരെ ശക്തമായ, എന്നാല്‍ ഒട്ടും പ്രകടനാത്മകമല്ലാത്തവയാണ്‌ മുഹമ്മദിന്റെ സൃഷ്‌ടികള്‍. ബിംബങ്ങളുടെ നിയന്ത്രണത്തോടെയുള്ള ബോധപൂര്‍വ്വമായ ആവര്‍ത്തനം ഇവയുടെ പ്രധാന സവിശേഷതയാണ്‌. ചിത്രങ്ങളിലും വിന്യാസങ്ങളിലും സാമ്പ്രദായികമായ പരിപ്രേക്ഷ്യസങ്കല്‌പത്തെ മറികടക്കാന്‍ ശ്രമിച്ചുകൊണ്ട്‌, ബന്ധിത അകലം എന്ന ഒരു പുതിയ സ്ഥലസങ്കല്‌പത്തെ കലാസൃഷ്‌ടികളില്‍ കൊണ്ടുവരാന്‍ മുഹമ്മദ്‌ ശ്രമിക്കുന്നു. മധ്യകാല യൂറോപ്യന്‍ ദൃശ്യകലാസങ്കല്‌പങ്ങളുടെ ഭാഗമായി രൂപപ്പെട്ട, അകന്നകന്ന്‌ അനന്തതയില്‍ വിലയിക്കുന്ന തരത്തിലുള്ള, പരിപ്രേക്ഷ്യസങ്കല്‌പത്തിന്‌ ബദലായാണ്‌ ബന്ധിത അകലം എന്ന സങ്കല്‌പം മുഹമ്മദ്‌ അവതരിപ്പിക്കുന്നത്‌. പൂര്‍വദേശ ചിത്രകലാപാരമ്പര്യങ്ങളെ അവലംബിച്ചുകൊണ്ടാണിത്‌.

പാശ്‌ചാത്യരുടെ അധിനിവേശ-ശ്രേണീബദ്ധ പരിപ്രേക്ഷ്യസങ്കല്‌പത്തെ ഇങ്ങനെ മുഹമ്മദ്‌ കീഴ്‌മേല്‍ മറിച്ച്‌ പ്രശ്‌നവല്‌ക്കരിക്കുന്നു. ചിത്രവിന്യാസ തലങ്ങളില്‍ സഹജമായി നിലനിന്നുപോരുന്ന ശ്രേണീബന്ധങ്ങള്‍ ഇങ്ങനെ ഈ സൃഷ്‌ടികളില്‍ പുനര്‍നിര്‍ണയിക്കപ്പെടുന്നു. പുറത്തുനിന്ന്‌ അകത്തേക്കും, അകത്തുനിന്ന്‌ പുറത്തേക്കും, അകത്തുനിന്ന്‌ അകത്തേക്കുതന്നെയും തുറക്കുന്ന രീതിയില്‍ വ്യത്യസ്‌ത കാഴ്‌ചാസാധ്യതകളെ ഈ പുതിയ സ്ഥലസങ്കല്‌പം പ്രചോദിപ്പിക്കുന്നു. അങ്ങനെയത്‌ സുശക്തവും ആവേശകരവുമായ ഒരു ദൃശ്യഭാഷയുടെ രൂപീകരണത്തിന്‌ വഴിയൊരുക്കുന്നു. ഇതോടൊപ്പം നിതാന്തമായ രൂപീകരണത്തിന്റെതായ ഒരു നൈരന്തര്യത്തെയും ഇത്‌ കലയില്‍ സൃഷ്‌ടിച്ചെടുക്കുന്നു.

മറുവായനകളെ പ്രചോദിപ്പിക്കുന്ന സൂചനാസമൃദ്ധി

KKM-SPEAKING-TREE

ചില ശ്രദ്ധേയമായ സംവാദങ്ങളും മുഹമ്മദിന്റെ കലാസൃഷ്‌ടികളിലെ ആവര്‍ത്തിതബിംബങ്ങള്‍ ഉയര്‍ത്തിക്കൊണ്ടുവരുന്നുണ്ട്‌. ഈ സംവാദക്ഷമത മുഹമ്മദിന്റെ ചിത്രങ്ങളെയും ശില്‌പങ്ങളെയും വീഡിയോ വിന്യാസങ്ങളെയും സവിശേഷമായ രീതിയില്‍ സമകാലീന സാമ്പദായിക കലയില്‍നിന്ന്‌ വ്യത്യാസപ്പെടുത്തുന്നു. വ്യത്യസ്‌തവും പ്രസക്തവുമായ മറുവായനകളെ പ്രചോദിപ്പിക്കുന്ന തരത്തിലുള്ള സൂചനകളാല്‍ സമ്പന്നമാണ്‌ ഈ സൃഷ്‌ടികള്‍.

ഭാവതീവ്രത മുഹമ്മദിന്റെ കലാലോകത്തെ സജീവമാക്കുന്ന മറ്റൊരു പ്രധാന ഘടകമാണ്‌. ഐതിഹ്യങ്ങളുടെയോ പാരമ്പര്യത്തിന്റെയോ ഗൃഹാതുരസ്‌മരണകളായി വായിക്കപ്പെടാനുള്ള ശ്രമങ്ങളെ മുഹമ്മദിന്റെ സൃഷ്‌ടികള്‍ അവക്കകത്തുനിന്നുതന്നെ ചെറുക്കുന്നു. ഈ കലാനിര്‍മ്മിതികളിലെ ഭാവനാസമ്പന്നമായ പരിസരങ്ങളും അവ നല്‍കുന്ന രാഷ്‌ട്രീയമാനങ്ങളും വ്യക്തമായ സൂചനകളും, വ്യാഖ്യാനശ്രമങ്ങളെയും അര്‍ത്ഥാന്വേഷണങ്ങളെയും മറുവായനകളെയും എത്രയും പ്രചോദിപ്പിക്കുന്നവയാണ്‌. അര്‍ത്ഥം സൃഷ്‌ടിക്കുന്നതിനേക്കാള്‍ അവ ഊന്നുന്നത്‌ അര്‍ത്ഥാന്വേഷണത്തിന്‌ പ്രേരിപ്പിക്കുന്നതിലാണ്‌.

പ്രശ്‌നഭരിതമായ ലോകത്തേക്കുള്ള ഉണര്‍ച്ച

KKM-SHOW-INVITE

ജീവിതത്തില്‍ത്തന്നെയുള്ള ഊന്നലുകളാണ്‌ മുഹമ്മദിന്റെ കലാസൃഷ്‌ടികള്‍. എന്നാലവ, ക്രമമില്ലായ്‌മയില്‍ ക്രമം സൃഷ്‌ടിക്കാനോ മറ്റു മാര്‍ഗ്ഗങ്ങള്‍ നിര്‍ദേശിക്കാനോ ഉള്ള ശ്രമമല്ല. പ്രശ്‌നഭരിതമായ നമ്മുടെ വര്‍ത്തമാനകാലത്തേക്കുള്ള ഉണര്‍ച്ചയാണവ. നാമെല്ലാവരും വസിക്കുന്ന, ഏവരുടേതുമായ ലോകത്തേക്കുള്ള ഉണര്‍ച്ച.

കൊച്ചി ദര്‍ബാര്‍ ഹാള്‍ ആര്‍ട്ട്‌ ഗ്യാലറിയില്‍ ശനിയാഴ്‌ച ജനുവരി 16 മുതൽ 21 വരെയാണ്  “റിമെംബറിംഗ്‌ ദ പ്രസന്റ്‌ – സ്‌പീക്കിംഗ്‌ ട്രീ ആന്റ്‌ അദര്‍ വര്‍ക്‌സ്‌ ” പ്രദര്‍ശനം.  റാസ്‌ബെറിയുടെ കണ്‍സേര്‍ജ്‌ ആര്‍ട്‌ ഇനീഷ്യേറ്റീവാണ്‌ പ്രദര്‍ശനം ഒരുക്കുന്നത്‌. കോഴിക്കോട്‌ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന റാസ്‌ബെറി ബുക്‌സിന്‌ അനുബന്ധമായ കലാ സംരംഭമാണ്‌ കണ്‍സേര്‍ജ്‌.

(കെ കെ മുഹമ്മദിന്റെ സൃഷ്ടികളെക്കുറിച്ചുള്ള കലാനിരൂപകനും ചിത്രകാരനുമായ മനോജ് യു കൃഷ്ണയുടെ കുറിപ്പിന്റെ സംഗൃഹീതരൂപം)

Leave a Reply