Home » നമ്മുടെ മലപ്പുറം » കാവ്യ മാധവന്റെ വീട്ടിലും പൊലീസ് പരിശോധന

കാവ്യ മാധവന്റെ വീട്ടിലും പൊലീസ് പരിശോധന

നടിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് നടന്‍ ദിലീപിന്റെ ഭാര്യ കാവ്യ മാധവന്റെ വീട്ടില്‍ പൊലീസ് പരിശോധനക്കെത്തി. കാവ്യയുടെ വെണ്ണലയിലെ വില്ലയിലാണ് ശനിയാഴ്ച പൊലീസ് പരിശോധനയ്‌ക്കെത്തിയത്. വൈകീട്ട് മൂന്നരയ്ക്കും അഞ്ച് മണിക്കും പൊലീസ് എത്തിയെങ്കിലും വില്ലയില്‍ ആളില്ലാത്തതിനാല്‍ പൊലീസ് മടങ്ങുകയായിരുന്നു. വനിതാ പൊലീസ് ഉള്‍പ്പെടെയുള്ള സംഘമാണ് എത്തിയത്.

കാവ്യ മാധവന്റെ ഉടമസ്ഥതയില്‍, കാക്കനാട് മാവേലിപുരത്തുള്ള ഓണ്‍ലൈന്‍ വസ്ത്രവ്യാപാര സ്ഥാപനത്തില്‍ വെള്ളിയാഴ്ച പൊലീസ് പരിശോധന നടത്തിയിരുന്നു. പണമിടപാടുകളും കംപ്യൂട്ടറിലെ വിവരങ്ങളും സി.സി.ടി.വി. ദൃശ്യങ്ങളുമാണ് കാര്യമായി പരിശോധിച്ചത്. സി.സി.ടി.വി. ദൃശ്യങ്ങള്‍ പരിശോധനയ്ക്കായി സി.ഡിറ്റിലേക്ക് അയയ്ക്കും. നടിയെ തട്ടിക്കൊണ്ടുപോയതിന് ശേഷം കാക്കനാട്ടെ കടയില്‍ പോയതായി മുഖ്യ പ്രതി പള്‍സര്‍ സുനി, ജയിലില്‍ നിന്നെഴുതിയ കത്തില്‍ പറഞ്ഞിരുന്നു. സുനി ഇവിടെ എത്തിയിരുന്നോ എന്ന് ഉറപ്പിക്കാനാണ് പൊലീസ് ദൃശ്യങ്ങള്‍ പരിശോധിക്കുന്നത്.

സുനി ദിലീപിന് അയച്ചതായി പറയുന്ന കത്തില്‍ സാമ്പത്തികമായ ചില ആവശ്യങ്ങളാണ് പ്രധാനമായും ഉന്നയിച്ചിരുന്നത്. ഈ കത്തില്‍ കാക്കനാട്ടെ ഒരു സ്ഥാപനത്തെക്കുറിച്ചും പരാമര്‍ശമുണ്ട്. കത്തില്‍ കടയുടെ പേരൊന്നും പറയുന്നില്ലെങ്കിലും ഇത് കാവ്യയുടെ സ്ഥാപനമാകാമെന്ന നിഗമനത്തിലാണ് പൊലീസ്. സുനിയുടെ സഹ തടവുകാരുടെ മൊഴിയിലും കാക്കനാട്ടെ കടയെപ്പറ്റി സൂചനയുണ്ട്. ആക്രമിച്ചതിന്റെ പിറ്റേന്ന് സുനി കാക്കനാട്ടെ കടയിലെത്തിയെന്നാണ് ഇവരുടെ മൊഴിയില്‍ വ്യക്തമാകുന്നത്. ഇക്കാര്യത്തെപ്പറ്റി ദിലീപില്‍ നിന്ന് പോലീസ് വിശദമായി ചോദിച്ചറിഞ്ഞതായാണ് സൂചനകള്‍.
കാക്കനാട്ടെ കടയെക്കുറിച്ച് സുനിയുടെ കത്തില്‍ പരാമര്‍ശിക്കുന്നത് പൊലീസ് ഗൗരവത്തോടെയാണ് കാണുന്നത്. ദിലീപിന്റെയും നാദിര്‍ഷയുടെയും മൊഴികള്‍ പരിശോധിക്കുന്നതിന്റെ ഭാഗമായാണ് കാക്കനാട്ടെ പരിശോധന. രഹസ്യമായി നടത്തിയ പരിശോധനയില്‍ ഒരു സി.ഐ.യുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് പങ്കെടുത്തത്. വെള്ളിയാഴ്ച കാലത്ത് പതിനൊന്നു മണിയോടെയാണ് പൊലീസ് സ്ഥാപനത്തിലെത്തിയത്. ഉച്ചയ്ക്ക് രണ്ടു മണിവരെ പരിശോധന നീണ്ടുനിന്നു.

Leave a Reply