ജില്ലയുടെ കായിക കുതിപ്പിന് കരുത്തേകി ജില്ലാ സ്പോര്‍ട്സ് കൗണ്‍സില്‍ സ്റ്റേഡിയങ്ങള്‍ നവീകരിക്കുന്നു. കോഴിക്കോട് വി കെ കൃഷ്ണമേനോന് ഇന്‍ഡോര്‍ സ്റ്റേഡിയവും കൊയിലാണ്ടി സ്റ്റേഡിയവും നവീകരിക്കാനാണ് പദ്ധതി. ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ നവീകരണ പ്രവര്‍ത്തനം ആരംഭിച്ചു. ഇവിടെ ഹെല്‍ത്ത് ക്ലബ്ബ് തുടങ്ങാനാണ് തീരുമാനം.
നിലവില്‍ മത്സരങ്ങള്‍ക്കും മറ്റുമായി ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ എത്തുന്നവര്‍ക്ക് യാതൊരു പരിശീലന സൗകര്യവുമില്ല. ഈ കുറവ് പരിഹരിക്കുന്ന തരത്തില്‍ 20 ലക്ഷം രൂപ മുടക്കിയാണ് ഹെല്‍ത്ത് ക്ലബ്ബ് തുടങ്ങുന്നത്. ഹെല്‍ത്ത് ക്ലബ്ബിനൊപ്പം വസ്ത്രം മാറാനുള്ള മുറിയും ഒരുക്കുന്നുണ്ട്. ഊരാളുങ്കല്‍ ലേബര്‍ സൊസൈറ്റിക്കാണ് നിര്‍മാണ ചുമതല.
ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ തന്നെ ആധുനിക സൗകര്യങ്ങളോടുകൂടിയ ടേബിള്‍ ടെന്നീസ് കോര്‍ട്ടുകളും ഒരുക്കും. 20 ലക്ഷം രൂപ മുടക്കി എല്ലാവിധ സൌകര്യങ്ങളോടും കൂടിയ കോര്‍ട്ടുകളാണ് വരാന്‍ പോകുന്നത്. നടക്കാവ് നീന്തല്കുളത്തിനോട് ചേര്‍ന്നും ഹെല്‍ത്ത് ക്ലബ്ബ് സ്ഥാപിക്കുന്നുണ്ട്. 47 ലക്ഷം ചെലവിലാണ് ഹെല്‍ത്ത് ക്ലബ്ബ് നിര്‍മിക്കുന്നത്. സ്പോര്‍ട്സ് കൗണ്‍സിലിന്റെ അധീനതയിലുള്ള കൊയിലാണ്ടി സ്റ്റേഡിയം പൂര്‍ണമായും നവീകരിക്കാനാണ് ആലോചന. കൊയിലാണ്ടി നഗരസഭയുടെ സഹകരണത്തോടെയാണ് പദ്ധതികള്‍ ആവിഷ്കരിക്കുന്നത്. സ്റ്റേഡിയം നവീകരിക്കണമെന്ന കൊയിലാണ്ടിക്കാരുടെ ദീര്‍ഘകാലത്തെ ആവശ്യമാണ് ഇതോടെ യഥാര്‍ഥ്യമാക്കാന്‍ പോകുന്നത്.
സ്പോര്‍ട്സ് കൗണ്‍സില്‍ സംസ്ഥാന പ്രസിഡന്റ് ടി പി ദാസന്, ജില്ലാ പ്രസിഡന്റ് കെ ജെ മത്തായി, കെ ദാസന് എംഎല്‍എ, കൊയിലാണ്ടി നഗരസഭാ ചെയര്മാന് അഡ്വ. കെ സത്യന് എന്നിവര്‍ കൂടിയാലോചനകള്‍ നടത്തി.ഫുട്ബോളിന് കൂടുതല്‍ ഉപകാരപ്രദമാകുന്ന തരത്തിലായിരിക്കും നിലവിലുള്ള സ്റ്റേഡിയം നവീകരിക്കുക. ഇവിടെ കൃത്രിമ പുല്ല് വച്ചുപിടിപ്പിക്കും. ഇതിനു സമീപമുള്ള സ്റ്റേഡിയം നവീകരിച്ച് മറ്റു കായിക ഇനങ്ങള്‍ക്ക് ഉപയോഗപ്പെടുത്തും. സ്റ്റേഡിയത്തിനു സമീപത്തുള്ള ചിറ നവീകരിച്ച് നീന്തല്‍കുളമാക്കി മാറ്റുന്നതും ആലോചനയിലുണ്ട്.