Home » ഇൻ ഫോക്കസ് » തന്റെ മരണമൊഴി എടുക്കണമെന്ന് പള്‍സര്‍ സുനി: കേസില്‍ പ്രമുഖരുടെ അറസ്റ്റ് ഉടനുണ്ടാകുമെന്നാണ് സൂചന

തന്റെ മരണമൊഴി എടുക്കണമെന്ന് പള്‍സര്‍ സുനി: കേസില്‍ പ്രമുഖരുടെ അറസ്റ്റ് ഉടനുണ്ടാകുമെന്നാണ് സൂചന

ചില വെളിപ്പെടുത്തല്‍ നടത്തിയതിന് താന്‍ അനുഭവിക്കുകയാണെന്ന് പള്‍സര്‍ സുനി. ശരീര വേദനയെ തുടര്‍ന്ന് തൃക്കാക്കര പ്രാഥമിക ആരോഗ്യ കേന്ദ്രത്തില്‍ എത്തിച്ചപ്പോള്‍ മാധ്യമ പ്രവര്‍ത്തകരോടാണ് സുനി ഇത്തരത്തില്‍ പ്രതികരിച്ചത്. ഇന്ന് രാവിലെയാണ് സുനിയ ആശുപത്രിയിലെത്തിച്ചത്. തന്റെ മരണമൊഴി രേഖപ്പെടുത്താന്‍ മജിസ്‌ട്രേറ്റിനോട് പറയുമോ എന്നും, ചില വെളിപ്പെടുത്തല്‍ നടത്തിയതിനാല്‍ താന്‍ അനുഭവിക്കുകയാണെന്നുമാണ് സുനി തിരിച്ച് കാറിലേക്ക് കയറുമ്പോള്‍ മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞത്.

ചോദ്യം ചെയ്യലിനോട് പള്‍സര്‍ സുനി സഹകരിക്കുന്നില്ലെന്ന് പൊലീസ് വൃത്തങ്ങള്‍ പറയുന്നുണ്ട്. ഇന്‍ഫോ പാര്‍ക്ക് പൊലീസ് സ്റ്റേഷനിലേക്കാണ് ഇപ്പോള്‍ സുനിയെ കൊണ്ട് പോകുന്നത്.

അതേസമയം കേസില്‍ പൊലീസ് ഒരാളെ കൂടി കസ്റ്റഡിയില്‍ എടുത്തു. കോട്ടയം സ്വദേശിയായ സുനിയെയാണ് പൊലീസ് പിടികൂടിയത്. ജയിലില്‍ കേസിലെ മുഖ്യപ്രതിയായിരുന്ന പള്‍സര്‍ സുനിക്ക് ഫോണ്‍വിളിക്കുളള സൗകര്യം ഒരുക്കികൊടുത്തത് സഹതടവുകാരനായ സുനിയാണെന്നാണ് പൊലീസിന്റെ കണ്ടെത്തല്‍. ഇതിനെ തുടര്‍ന്നാണ് ഇദ്ദേഹത്തെ കസ്റ്റഡിയില്‍ എടുക്കുന്നതും. അതേസമയം കേസിലെ മുഖ്യപ്രതിയായ പള്‍സര്‍ സുനി ജയിലില്‍ നിന്നും ഫോണ്‍ വിളിച്ചെന്ന കാര്യം പൊലീസിനോട് സമ്മതിച്ചിട്ടുണ്ട്. നടന്‍ നാദിര്‍ഷായെയും ദിലീപിന്റെ മാനെജര്‍ അപ്പുണ്ണിയെയും ഫോണില്‍ വിളിച്ചെന്നാണ് പള്‍സര്‍ പൊലീസിനോട് അറിയിച്ചത്. പണത്തിനായിട്ടാണ് ഫോണ്‍ വിളിച്ചതെന്ന് സമ്മതിച്ച സുനി കത്തിലെ വിവരങ്ങളും പൊലീസിനോട് സമ്മതിച്ചു.

മൊഴിയുടെ അടിസ്ഥാനത്തില്‍ നാദിര്‍ഷയെയും അപ്പുണ്ണിയെയും പള്‍സര്‍ സുനിയെയും അന്വേഷണ സംഘം ഒരുമിച്ച് ചോദ്യം ചെയ്യും. കത്തിലെ വിവരങ്ങള്‍ സുനി സ്ഥിരീകരിച്ചു. അതേസമയം, കേസിലെ സ്രാവുകൾ ആരാണെന്നു രണ്ടു ദിവസത്തിനുള്ളിൽ വെളിപ്പെടുത്തുമെന്നു സുനി ഇന്നലെ കാക്കനാട് മജിസ്ട്രേട്ട് കോടതിയിൽ ഹാജരാക്കാൻ കൊണ്ടുപോകും വഴി പറഞ്ഞിരുന്നു.അതിനിടെ, യുവനടിയെ ഉപദ്രവിച്ച കേസിലെ ഗൂഢാലോചന കുറ്റത്തിനു ശക്തമായ തെളിവുകൾ കണ്ടെത്താനുള്ള അന്തിമശ്രമത്തിലേക്കു പൊലീസ് നീങ്ങുന്നു. കേസിലെ മുഖ്യപ്രതി സുനിൽ കുമാറിനെ (പൾസർ സുനി) അഞ്ചു ദിവസത്തേക്കു കസ്റ്റഡിയിൽ വാങ്ങി. കേസിൽ അറസ്റ്റിലാവുമ്പോൾ സുനിലിനെ എട്ടു ദിവസം കസ്റ്റഡിയിൽ ലഭിച്ചെങ്കിലും ഗൂഢാലോചന സംബന്ധിച്ച സൂചനയൊന്നും അന്നു പൊലീസിനു ലഭിച്ചിരുന്നില്ല.

അതേസമയം കേസില്‍ പ്രമുഖരുടെ അറസ്റ്റ് ഉടനുണ്ടാകുമെന്നാണ് സൂചന. ലഭിച്ച തെളിവുകളില്‍ ഓരോന്നിലും അന്വഷണ സംഘത്തിന് വ്യക്തത ലഭിച്ചതായാണ് വിവരം. അറസ്റ്റ് ഉണ്ടാകുമെന്ന കാര്യം മുഖ്യമന്ത്രിയെ ധരിപ്പിച്ചു കൊണ്ടാണ് അന്വഷണ സംഘം നടപടികളിലേക്ക് നീങ്ങുന്നത്. കേസന്വേഷണത്തിന്റെ ഓരോ മണിക്കൂറും അന്വഷണ സംഘം പഴുതടച്ച് നടപടികളിലേക്ക് അടുക്കുകയാണ്. ഇതിന് മുന്നോടിയായി എല്ലാ തെളിവുകളിലും പോലീസ് വ്യക്തത ഉറപ്പാക്കേണ്ടിയിരിക്കുന്നു. കേസില്‍ ഉള്‍പ്പെട്ടവരുമായി ബന്ധമുള്ളവരുടെയല്ലാം മൊഴിയെടുക്കുന്നുണ്ട്. താരങ്ങളുടെ മൊഴികളിലെ വ്യക്തതകള്‍ക്കായാണ് അന്വഷണ സംഘം മുഖ്യ പ്രതിയായ പള്‍സര്‍ സുനിയെ പുറത്തെത്തിച്ചത്. അന്വഷണത്തിന്റെ അവസാന ഘട്ടത്തിലേക്ക് കടക്കുമ്പോള്‍ സര്‍ക്കാരിന്റെ അനുമതിയും തേടി. മുഖ്യമന്ത്രിയുടെ ഫെയ്‌സ് ബുക്ക് പോസ്റ്റ് സൂചിപ്പിക്കുന്നതുംഇതാണ് . പൊലീസിന്റെ അന്വേഷണം ശരിയായ ദിശയിലാണ് മുന്നോട്ടു പോകുന്നതെന്നും എത്ര വലിയ മീനായാലും തെറ്റ് ചെയ്തിട്ടുണ്ടെങ്കില്‍ പൊലീസിന്റെ വലയില്‍ വീഴുമെന്നുമാണ് മുഖ്യമന്ത്രി കുറിച്ചത്. തെറ്റ് ചെയ്ത ആരെയും രക്ഷപ്പെടാന്‍ അനുവദിക്കില്ലെന്നും അന്വേഷണത്തിന് പൊലീസിന് പൂര്‍ണസ്വാതന്ത്ര്യം നല്‍കിയിട്ടുണ്ടെന്നും പിണറായിയുടെ കുറിപ്പിലുണ്ട്.

ലഭിച്ച തെളിവുകളുടെ അടിസ്ഥാനത്തില്‍ അറസ്റ്റ് ചെയ്യേണ്ടവരുടെ പട്ടിക തയ്യാറാക്കിയതായാണ് വിവരം. ഇതിന്റെ അടിസ്ഥാനത്തില്‍ അറസ്റ്റ് ഏതു സമയത്തും ഉണ്ടാകാമെന്നാണ് അന്വഷണ സംഘം മുഖ്യമന്ത്രിയെ അറിയിച്ചിട്ടുള്ളത്.

Leave a Reply