Home » നമ്മുടെ കോഴിക്കോട് » കോഴിക്കോട് സ്പെഷ്യൽ » ‘ഫെസ്റ്റിവൽ ഓഫ് ഡെമോക്രസി’; കോഴിക്കോട്ടെ സാംസ്‌കാരിക പ്രവർത്തകർ ഒത്തുകൂടുന്നു
Freedom

‘ഫെസ്റ്റിവൽ ഓഫ് ഡെമോക്രസി’; കോഴിക്കോട്ടെ സാംസ്‌കാരിക പ്രവർത്തകർ ഒത്തുകൂടുന്നു

ഫാസിസത്തിനെതിരെ കോഴിക്കോട്ടെ സാംസ്‌കാരിക പ്രവർത്തകരുടെ കൂട്ടായമയായ കോഴിക്കോട് സാംസ്‌കാരിക വേദി ‘ഫെസ്റ്റിവൽ ഓഫ് ഡെമോക്രസി സംഘടിപ്പിക്കുന്നു. ഫാസിസത്തിന്റെ പ്രത്യക്ഷമുഖം ഭയത്തിന്റേതാണ് നമുക്കിന്നത് ചരിത്രമല്ല, വർത്തമാനമാണ്. എന്നും നിരാശയോടെ മാളങ്ങളിലൊളിക്കേണ്ട ഒരു കാര്യവുമില്ലെന്നും സമൂഹത്തിന്റെ ഗുണാത്മകമായ വളര്ച്ചയെ തകര്ക്കുന്ന എല്ലാ അധികാരസ്വരൂപങ്ങളും ജനങ്ങളാല് ചോദ്യം ചെയ്യപ്പെട്ടിട്ടുണ്ട്. അതുകൊണ്ട് നമുക്ക് ജനങ്ങളില് വിശ്വസിക്കാമെന്നും സാംസ്‌കാരിക വേദി സെക്രട്ടറി തൻറെ ഫേസ് ബുക്ക് പോസ്റ്റിൽ പറയുന്നു

എവിടെ ശിരസ്സ് ഉന്നതവും
മനസ്സ് നിര്ഭയവും
വചസ്സ് നിര്മലവും
ജ്ഞാനം സ്വതന്ത്ര്യവുമാവുന്നുവോ,
അത്തരമൊരു സ്വാതന്ത്ര്യസ്വര്ഗത്തിലേക്കെന്റെ
നാടിനെ നയിക്കേണമേ……

ടാഗോറിന്റെ ഈ സ്വപ്നം ഓരോ ഇന്ത്യക്കാരന്റേയും സ്വപ്നമായിരുന്നു. ആ സ്വപ്നവും പ്രതീക്ഷയുമായിരുന്നു ഇന്ത്യൻ സ്വാതന്ത്ര്യസമരത്തിന്റെ ഹൃദയതാളം. എന്നാൽ സ്വാതന്ത്ര്യത്തിന്റെ ആ ആകാശം നഷ്ടപ്പെട്ടുകൊണ്ടിരിക്കുകയാണ്. പൗരത്വം നിരന്തരമായി ചോദ്യം ചെയ്യപ്പെടുന്നു. അപരത്വം രാജ്യദ്രോഹമായിത്തീരുന്നു. രോഹിത് വെമുല ഇന്ത്യക്കാരനാണ്. ദളിതനായി ജനിച്ചതാണ് തന്റെ കുറ്റമെന്ന് എഴുതിവെച്ച് ആ ചെറുപ്പക്കാരൻ ആത്മഹത്യയിലേക്ക് നടന്നു നീങ്ങിയത് നമ്മുടെ കണ്മുന്നിലൂടെയാണ്. ബീഫ് കഴിച്ചതിന്റെ പേരിൽ വധിക്കപ്പെട്ടവരും ഇന്നലെവരെ അയല്പക്കത്തുണ്ടായിരുന്നു. എപ്പോൾ കുറ്റവാളിയാകുമെന്നോ എപ്പോൾ രാജ്യദ്രോഹിയാകുമെന്നോ ആശങ്കപ്പെടുന്ന ഭീതിയുടെ പേരായി ഇന്ത്യയെ മാറ്റിത്തീർത്തുകൊണ്ടിരിക്കുകയാണ്. കഴിച്ചുകൊണ്ടിരിക്കുമ്പോഴാണ് നമ്മുടെ ഭക്ഷണം നിരോധിക്കപ്പെടുന്നത്. അങ്ങനെ ഭക്ഷണവും ഒരു കുറ്റകൃത്യമായിത്തീരുന്നു. ഫാസിസത്തിന്റെ പ്രത്യക്ഷമുഖം ഭയത്തിന്റേതാണ്. നമുക്കിന്നത് ചരിത്രമല്ല, വർത്തമാനമാണ്. സ്വാതന്ത്ര്യത്തിന്റെ വിയര്പ്പും രക്തവും കുഴിമാടങ്ങളില്നിന്ന് വിളിച്ചുചോദിക്കുന്നു ”എവിടെ ഞങ്ങളുടെ ഇന്ത്യ”യെന്ന്. ജുനൈദ് എന്ന ചെറുപ്പക്കാരനെ തീവണ്ടിക്കകത്ത് വെച്ച് അടിച്ചുകൊന്നത് ചര്ച്ചചെയ്യുമ്പോൾ അവതാരകയായ മാധ്യമപ്രവര്ത്തകയ്ക്ക് നെഞ്ചുകീറി പറയേണ്ടി വന്നത് ഇത് എന്റെ ഇന്ത്യയല്ല എന്നാണ്. ഈയിടെ കേട്ട ഏറ്റവും ദയനീയമായ വിലാപമാണത്.
എന്നാല് നിരാശയോടെ മാളങ്ങളിലൊളിക്കേണ്ട ഒരു കാര്യവുമില്ല. ചരിത്രാനുഭവങ്ങള് നമുക്ക് പ്രതീക്ഷ നല്കുന്നതാണ്. മുസ്സോളനിയെ വാരിപ്പുണര്ന്ന ജനതതന്നെയാണ് അദ്ദേഹത്തെ തല്ലിക്കൊന്നതും. ഹിറ്റ്ലര്ക്ക് ഒടുവില് ആത്മഹത്യചെയ്യേണ്ടിവന്നു. സമൂഹത്തിന്റെ ഗുണാത്മകമായ വളര്ച്ചയെ തകര്ക്കുന്ന എല്ലാ അധികാരസ്വരൂപങ്ങളും ജനങ്ങളാല് ചോദ്യം ചെയ്യപ്പെട്ടിട്ടുണ്ട്. അതുകൊണ്ട് നമുക്ക് ജനങ്ങളില് വിശ്വസിക്കാം. ജനാധിപത്യത്തെ ആഘോഷമാക്കാം. ഇനിയൊരു വംശഹത്യക്ക് വളമേകാത്തവിധം നമുക്ക് കാവല്നില്ക്കാം. ഇന്ത്യയുടെ ബഹുസ്വരമായ ശരീരം അതിന് കരുത്തുപകരുന്നതാണ്.
ആത്മാഭിമാനത്തോടെയും സ്വാതന്ത്ര്യത്തോടെയും ജീവിക്കാന് ആഗ്രഹിക്കുന്ന ഓരോ പൗരനും സ്വന്തം ജീവിതത്തെ പുനര്നിര്വചിക്കേണ്ട സമയമാണിത്. ഭയത്തോടെയല്ല സ്വന്തം മണ്ണില് ജീവിക്കേണ്ടത്. ഭയം നല്ല നിശാവസ്ത്രമല്ല, നാമിനി വേണ്ടത് കോര്പറേറ്റ് ആഘോഷങ്ങളല്ല, സ്വാതന്ത്ര്യത്തിന്റെ നിലയ്ക്കാത്ത നാട്ടുത്സവങ്ങളാണ്.
സാംസ്കാരികപ്രവര്ത്തകര്, ചിന്തകര്, എഴുത്തുകാര്, കലാകാരന്മാര്, നാടക- സിനിമാപ്രവര്ത്തകര്, തൊഴിലാളികള്…. നാം എല്ലാവരും ഒത്തുചേരുന്ന സ്വാതന്ത്രേ്യാത്സവം. സ്വാതന്ത്ര്യത്തിന്റെ പുതിയ ആകാശത്തിനും പുതിയ ഭൂമിക്കുമായി ഇത്തവണത്തെ സ്വാതന്ത്ര്യാഘോഷം ഒരു ജനകീയോത്സവമാക്കി മാറ്റം.
നമുക്ക് കൂടി ആലോചിക്കാം. 13/7/2017 ന് വ്യാഴം വൈകിട്ട് 5 മണിക്ക് അളകാപുരിയില് ഒത്തുചേരാന് ആഗ്രഹിക്കുന്നു. താങ്ങളുടേയും സുഹൃത്തുക്കളുടേയും സംഘടനയുടേയും പങ്കാളിത്തം ഉണ്ടാകുമല്ലോ

കോഴിക്കോട്ടെ സാംസ്ക്കാരിക പ്രവര്ത്തകര്ക്കുവേണ്ടി
കെ വി ശശി
സെക്രട്ടറി കോഴിക്കോട് സാംസ്ക്കാരിക വേദി

Leave a Reply