Home » കളിക്കളം » ഇന്ത്യയ്ക്ക് പരമ്പര; കൊഹ്‌ലിക്ക് സെഞ്ച്വറി

ഇന്ത്യയ്ക്ക് പരമ്പര; കൊഹ്‌ലിക്ക് സെഞ്ച്വറി

ക്യാപ്റ്റനൊത്തവണ്ണം കളിച്ച വിരാട് കോഹ്ലിയുടെയും മടങ്ങിവരവ് കെങ്കേമമാക്കിയ മുഹമ്മദ് ഷാമിയുടെയും മികവില്‍ വെസ്റ്റ് ഇന്‍ഡീസിനെതിരായ അഞ്ചാം ഏകദിനം ജയിച്ച് ഇന്ത്യ പരമ്പര സ്വന്തമാക്കി.

അഞ്ചു മല്‍സരങ്ങളുടെ പരമ്പരയില്‍ 31നാണ് ഇന്ത്യയുടെ വിജയം. ആദ്യ ഏകദിനം മഴയില്‍ നഷ്ടപ്പെട്ടിരുന്നു. നാലാം ഏകദിനത്തില്‍ മാത്രമാണ് ആതിഥേയര്‍ക്കു ജയിക്കാനായത്. ഇരു ടീമുകളും തമ്മിലുള്ള ഏക ട്വന്റി20 മല്‍സരം നാളെ നടക്കും.

അവസാന ഏകദിനത്തില്‍ എട്ടുവിക്കറ്റിനായിരുന്നു ഇന്ത്യന്‍ വിജയം. ടോസ് നേടിയ വിന്‍ഡീസ് ഉയര്‍ത്തിയ 205 റണ്‍സ് ഇന്ത്യ 36.5 ഓവറില്‍ രണ്ടു വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി മറികടന്നു. കോഹ്ലിയും (111) ദിനേഷ് കാര്‍ത്തിക്കും (50) പുറത്താകാതെ നിന്നു. അജിങ്ക്യ രഹാനെ (39), ശിഖര്‍ ധവാന്‍ (നാല്) എന്നിവരാണു പുറത്തായത്.

നേരത്തേ നാലു വിക്കറ്റെടുത്ത ഷാമിയുടെയും മൂന്നു വിക്കറ്റെടുത്ത ഉമേഷ് യാദവിന്റെയും ബോളിങ് പ്രകടനങ്ങളാണ് വിന്‍ഡീസിനെ തളച്ചത്. കോഹ്ലിയാണു മാന്‍ ഓഫ് ദ് മാച്ച്. എല്ലാ കളികളിലും ബാറ്റിങ്ങില്‍ തിളങ്ങിയ രഹാനെയാണ് പരമ്പരയുടെ താരം.

സ്‌കോര്‍: വിന്‍ഡീസ്50 ഓവറില്‍ ഒന്‍പതു വിക്കറ്റിന് 205. ഇന്ത്യ36.5 ഓവറില്‍ രണ്ടുവിക്കറ്റിന് 206.

മോശമല്ലാത്ത തുടക്കം ലഭിച്ചിട്ടും വിന്‍ഡീസിന് വലിയ സ്‌കോറിലെത്തിക്കാനായില്ല. മറുപടി ബാറ്റിങ്ങില്‍ ആദ്യ ഓവറില്‍തന്നെ ധവാനെ (നാല്) നഷ്ടമായെങ്കിലും രഹാനെകോഹ്ലി സഖ്യം രണ്ടാംവിക്കറ്റില്‍ 79 റണ്‍സിന്റെ അടിത്തറയിട്ടു. ബിഷൂവിന്റെ പന്തില്‍ വിക്കറ്റിനു മുന്നില്‍ കുരുങ്ങി രഹാനെ പുറത്തായെങ്കിലും (51 പന്തില്‍ 39) കോഹ്ലിയും ദിനേഷ് കാര്‍ത്തിക്കും ചേര്‍ന്ന് കൂടുതല്‍ നഷ്ടങ്ങളില്ലാതെ ഇന്ത്യയെ വിജയത്തിലെത്തിച്ചു.

115 പന്ത് നേരിട്ട കോഹ്ലി 12 ഫോറും രണ്ടു സിക്‌സും അടക്കം 111 റണ്‍സെടുത്തു. ഏകദിനത്തില്‍ കോഹ്ലിയുടെ 28ാം സെഞ്ചുറിയാണിത്. കാര്‍ത്തിക്ക് 52 പന്തില്‍ അഞ്ചു ഫോറുകളോടെ 50 റണ്‍സ് തികച്ചു.

ഇതോടെ, ഏകദിനത്തില്‍ രണ്ടാമതു ബാറ്റ് ചെയ്ത് കൂടുതല്‍ സെഞ്ചുറികള്‍ എന്ന നേട്ടത്തിലും കോഹ്ലി ഇടംപിടിച്ചു. കോഹ്ലിയുടെ 28 സെഞ്ചുറികളില്‍ 18ഉം മറുപടി ബാറ്റിങ്ങിലായിരുന്നു. സച്ചിന്റെ പേരിലുള്ള 17 സെഞ്ചുറികളാണ് കോഹ്ലി മറികടന്നത്.

17 സെഞ്ചുറികള്‍ നേടാന്‍ സച്ചിന്‍ 232 മല്‍സരങ്ങള്‍ കളിച്ചപ്പോള്‍ കോഹ്ലിയുടെ 18ാം സെഞ്ചുറി 102ാം മല്‍സരത്തിലായിരുന്നു. ഈ പട്ടികയില്‍ ശ്രീലങ്കയുടെ തിലകരത്‌നെ ദില്‍ഷനാണ് (116 ഇന്നിങ്‌സില്‍ 11 സെഞ്ചുറികള്‍) മൂന്നാമത്. വെസ്റ്റ് ഇന്‍ഡീസില്‍, അവര്‍ക്കെതിരെ രണ്ടു സെഞ്ചുറി നേടുന്ന ആദ്യ ഇന്ത്യന്‍ ക്യാപ്റ്റനുമായി കോഹ്ലി.

Leave a Reply