എന്‍ഫോഴ്സ്മെന്റ് ഉദ്യോഗസ്ഥരെന്ന് ചമഞ്ഞ് ജ്വല്ലറി ജീവനക്കാരനെ തട്ടിക്കൊണ്ടുപോയി സ്വര്‍ണ്ണം കവര്‍ച്ച നടത്തിയ സംഭവത്തില്‍ സൂത്രധാരന്‍ മുന്‍ ജ്വല്ലറി ജീവനക്കാരനെന്ന് പോലീസ്. അഞ്ചുവര്‍ഷം മുമ്പ് ആലുക്കാസ് ജ്വല്ലറിയില്‍ നിന്ന് വിട്ടുപോയ റഷീദാണ് കവര്‍ച്ചയുടെ പ്രധാന സൂത്രധാരന്‍. സംഭവത്തില്‍ ആറു പ്രതികളെ പോലീസ് അറസ്റ്റു ചെയ്തു.
കഴിഞ്ഞ ഒക്ടോബര്‍ 26നാണ് ജ്വല്ലറി ജീവനക്കാരനായ ദിജിനെ കാറില്‍ തട്ടിക്കൊണ്ടുപോയാണ് 1.130 കിലോ സ്വര്‍ണ്ണം കവര്‍ച്ച നടത്തിയത്. ഫ്രാന്‍സിസ് ആലുക്കാസ് ജ്വല്ലറിയുടെ സഹോദര സ്ഥാപനമായ പി.വി.എം. ആസെ സെന്ററിലെ ജീവനക്കാരനായ ദിജിന് സ്വര്‍ണ്ണം ഹാള്‍മാര്‍ക്ക് മുദ്ര പതിപ്പിച്ച ശേഷം ജ്വല്ലറിയിലേക്ക് കൊണ്ടുവരുന്നതിനിടെയായിരുന്നു സംഭവം.
ദിജിനും റഷീദും കണ്ണൂര്‍ ആലുക്കാസില്‍ ഒരുമിച്ച് ജോലിചെയ്തവരാണ്. ദിജിനാണ് ഹാള്‍മാര്‍ക്ക് ചെയ്ത സ്വര്‍ണ്ണം ജ്വല്ലറിയിലേക്ക് കൊണ്ടുപോകുന്നതെന്ന് മനസ്സിലാക്കിയ റഷീദ് റഫീഖിനെ വിവരമറിയിക്കുകയായിരുന്നു. ഗള്‍ഫില്‍ തന്റെ കൂടെ ഉണ്ടായിരുന്ന മര്ഷിദലിയെയും നിഷാന്തിനേയും വിളിക്കുകയും മര്ഷിദിലിയുടെ സുഹൃത്തായ മുബാറക്കിനെയും റാഷിദിന്റെ സുഹൃത്തായ ബഷീറിനെയും ചേര്‍ത്ത് റഫീഖ് സംഘം ഉണ്ടാക്കുകയായിരുന്നു.
ബാഗ്ലൂരില്‍ നിന്നും സ്വര്‍ണ്ണവുമായി വരുന്ന ഒരാളെ പിടികൂടാനായിരുന്നു സംഘം തയ്യാറായിരുന്നത്. അതിനായി റഫീഖ് ഇന്നോവ കാര്‍ തയ്യാറാക്കിവെക്കാന്‍ നിഷാന്തിന് നിര്‍ദേശം നല്‍കിയിരുന്നു. എന്നാല്‍ സംഭവം പാളിപ്പോയതിനെ തുടര്‍ന്ന് നേരത്തെ ആസൂത്രണം ചെയ്ത കോഴിക്കോട്ടെ പദ്ധതി നടത്താന്‍ തീരുമാനിക്കുകയായിരുന്നു.
ദിജിന് സ്വര്‍ണ്ണവുമായി വരുമ്പോള്‍ പാളയത്തുവെച്ച് ബഷീറും നിഷാന്തും വണ്ടി നിര്‍ത്തിച്ചു എന്‍ഫോഴ്സ്മെന്റ് ഉദ്യോഗസ്ഥര്‍ ആണെന്നു പറഞ്ഞ് ബലമായി വണ്ടിയില്‍ പിടിച്ചു കയറ്റി സ്വര്‍ണ്ണവുമായി കടന്നു. അരമണിക്കൂറോളം നഗരത്തിലൂടെ ചുറ്റി കറങ്ങിയ ശേഷം മെഡിക്കല്‍ കോളേജിനു സമീപത്തെ ദേവഗിരി സേവിയോ എല്‍.പി. എല്‍.പി. സ്കൂളിനു മുന്നില്‍ ദിജിനെ തള്ളിയിറക്കിയ ശേഷം സംഘം സ്ഥലം വിടുകയാണ് ചെയ്തത്.
എന്നാല്‍ നീണ്ട അന്വേഷണത്തിനൊടുവിലാണ് കേസിന് തെളിവുകള്‍ കിട്ടിത്തുടങ്ങിയത്. പ്രതികളെ ചോദ്യം ചെയ്തപ്പോഴാണ് പോണ്ടിച്ചേരിയില്‍ നിന്നും കാറുകള്‍ വാടകക്ക് എടുത്തതാണെന്നും, സ്വര്‍ണം കോട്ടയം, മുംബൈ എന്നിവിടങ്ങളില്‍ വില്പന നടത്തിയിട്ടുണ്ടെന്നും ഇവര്‍ പറയുന്നത്. സംഘത്തലവന് റഫീഖ് മുമ്പ് ഹവാല കേസില്‍ കോയമ്പത്തൂര്‍, വിയ്യൂര്‍ ജയിലുകളില്‍ അഞ്ചു വര്‍ഷം ശിക്ഷ അനുഭവിച്ച ആളാണ്. മര്ഷിദലിയുടെയും മുബാറക്കിന്റെയും പേരിലും കേസുകളുണ്ട്.
കസബ സി ഐ ഇ സുനില്‍ കുമാറും സിറ്റി ക്രൈം സ്ക്വാഡും ചേര്‍ന്നാണ് പ്രതികളെ പിടിച്ചത്.