സംസ്ഥാനത്തെ കോഴിയിറച്ചി വില ഏകീകരണത്തിനായി ധനമന്ത്രി തോമസ് ഐസക്ക് വിളിച്ച് ചേര്‍ത്ത പൗള്‍ട്രി ഫെഡറേഷനുമായുള്ള ചര്‍ച്ച പരാജയം. നാളെ മുതല്‍ സംസ്ഥാനത്തെ കോഴി കടകള്‍ അടച്ചിടുമെന്ന് വ്യാപാരികള്‍ അറിയിച്ചു. 87 രൂപയ്ക്ക് കോഴിയിറച്ചി വില്‍ക്കണമെന്ന സര്‍ക്കാര്‍ നിര്‍ദേശം അംഗീകരിക്കാനാവില്ലെന്നും കിലോയ്ക്ക് 100 രൂപയ്ക്ക് എങ്കിലും വില്ക്കാന് സാധിക്കണമെന്നും വ്യാപാരികള്‍ ചര്‍ച്ചയില്‍ അറിയിച്ചു. ഇക്കാര്യത്തില്‍ സമവായത്തിലെത്താന്‍ സാധിക്കാത്തതിനാല്‍ നാളെ മുതല്‍ കടയടച്ച് പ്രതിഷേധിക്കാനാണ് വ്യാപാരികളുടെ തീരുമാനം.
എന്നാല്‍ വ്യാപാരികളുടെ തീരുമാനം സര്‍ക്കാരിനോടും ജനങ്ങളോടുമുള്ള വെല്ലുവിളിയാണെന്നും വിലവര്‍ധനയ്ക്ക് പിന്നില്‍ കേരളത്തിലെ വന്‍കിട കോഴിക്കച്ചവടക്കാരാണെന്നും തോമസ് ഐസക്ക് ആരോപിച്ചു. തമിഴ്നാടിലെ ഉത്പാദകര്‍ ഉത്പാദനം കൂട്ടാമെന്ന് അറിയിച്ചിട്ടും വില കുറയ്ക്കാന്‍ കേരളത്തിലെ വ്യാപാരികള്‍ തയാറാല്ലെന്നും മന്ത്രി ആരോപിക്കുന്നു. തോന്നിയ വിലയ്ക്ക് കോഴിയിറച്ചി വില്‍ക്കാമെന്ന് കരുതേണ്ടെന്നും വിലപേശലിന് സര്‍ക്കാര്‍ തയാറാല്ലെന്നും മന്ത്രി ചര്‍ച്ചയ്ക്ക് ശേഷം രൂക്ഷമായി പ്രതികരിച്ചു.
