നടി ആക്രമിക്കപ്പെട്ട കേസിലെ ഗൂഢാലോചനയുമായി ബന്ധപ്പെട്ട് നടന് ദിലീപ് അറസ്റ്റിലായതിന് പിന്നാലെ ദിലീപിന്റെ ഉടമസ്ഥതയിലുളള സ്ഥാപനങ്ങള്‍ക്കു നേരെയും ആക്രമണം. കോഴിക്കോട്ടുളള ദേ പുട്ട് എന്ന ദിലീപിന്റെ റസ്റ്റോറന്റ് നാട്ടുകാര്‍ അടിച്ചുതകര്‍ത്തതായാണ് വിവരം. ബൈപ്പാസില്‍ പുതിയറ ജയിലിനു സമീ പം താരിഫ് ആര്‍ക്കേഡിലായിരുന്നു ദേ പുട്ടിന്റെ രണ്ടാമത്തെ ശാഖ തുറന്നിരുന്നത്. ഇതിനെതിരായാണ് നാട്ടുകാര്‍ പ്രതിഷേധവുമായി എത്തിയതും തല്ലിത്തകര്‍ത്തതും. ദിലീപിന്റെ അറസ്റ്റ് വാര്‍ത്ത അറിഞ്ഞതോടെ ദിലീപിനെ പൊലീസ് ചോദ്യം ചെയ്യുന്ന ആലുവ പൊലീസ് ക്ലബ്ബിന് മുന്നില്‍ പ്രതിഷേധവുമായി ഡിവൈഎഫ്ഐയും യൂത്ത് കോണ്‍ഗ്രസ് അടക്കമുളള യുവജന സംഘടനകളും എത്തിയിരുന്നു.
ദിലീപിന്റെ സ്ഥാപനങ്ങള്‍ക്ക് നേരെ ആക്രമണം ഉണ്ടാകുമെന്ന സാധ്യത മുന്‍നിര്‍ത്തി പൊലീസ് സംരക്ഷണം നല്‍കുമെന്നും അറിയിച്ചിരുന്നു. എന്നാല്‍ ഇതിനെയെല്ലാം മറികടന്നാണ് നാട്ടുകാര്‍ ദിലീപിന്റെ ദേ പുട്ട് അടിച്ചുതകര്‍ത്തത്. നടന് നാദിര്‍ഷാ, കാര്‍ണിവല്‍ ഗ്രൂപ്പ് ചെയര്മാന് ശ്രീകാന്ത് ഭാസി, അബ്ദുള്‍ സലാം നദീര്‍, കെ.കെ. ചന്ദ്രശേഖരന്, ഉല്ലാസ് വര്‍ഗീസ് എന്നിവര്‍ ഒത്തു ചേര്‍ന്നപ്പോള്‍ വന്ന ആശയത്തില്‍ നിന്നാണ് ദേ പുട്ടിന്റെ പിറവിയെന്ന് ദിലീപ് നേരത്തെ പറഞ്ഞിരുന്നു.
കലര്‍പ്പില്ലാത്ത നല്ല ഭക്ഷണം മിതമായ വിലയ്ക്ക് നല്‍കുക എന്ന ആഗ്രഹമാണ് ദേ പുട്ടിന്റെ പിറവിക്കു പിന്നില്‍. കൊച്ചിയിലെ ഇടപ്പള്ളിയിലാണ് ദേ പുട്ട് റസ്റ്റൊറന്റ് ആദ്യമായി തുടങ്ങിയത്. പിന്നാലെ കോഴിക്കോടും ദേ പുട്ടിന്റെ ശാഖ ദിലീപ് തുറന്നിരുന്നു. 86 തരം പുട്ടായിരുന്നു റസ്റ്ററന്റില്‍ ലഭിച്ചിരുന്നത്. ഉച്ച ഭക്ഷണമായി പുട്ട് താലിയും മറ്റ് സമയങ്ങളില്‍ വീറ്റ്, റാഗി, റൈസ്, ചോക്ളേറ്റ് തുടങ്ങിയ വിവിധങ്ങളായ പുട്ടും ഇവിടെ ലഭിച്ചിരുന്നു.
