വിശ്വപ്രസിദ്ധ ഗസല്‍ ചക്രവര്‍ത്തിയുടെ പാട്ടുകള്‍ക്ക് കാതോര്‍ക്കാന്‍ തയ്യാറായി കോഴിക്കോട്. ദൈവികതയും പ്രണയവും വിരഹവും ചേർന്നൊഴുകുന്ന ഹിന്ദുസ്ഥാനി സംഗീതത്തിനും ഗസലുകൾക്കും തയ്യാറെടുത്ത് കോഴിക്കോട്. ഗുലാം അലിക്കൊപ്പം ഹിന്ദുസ്ഥാനി സംഗീതജ്ഞൻ പത്മവിഭൂഷൺ പണ്ഡിറ്റ് ജസ്രാജിന്റെയും ഗാനങ്ങള്‍ക്കായി കോഴിക്കോട്ടെ സംഗീത പ്രേമികളടക്കം എല്ലാവരും ഒന്നടങ്കം കാത്തിരിക്കുകയാണ്. കോഴിക്കോട് സ്വപ്നനഗരിയാണ് സംഗീതനിശക്ക് സാക്ഷ്യം വഹിക്കുന്നത്.
ഗുലാം അലിയുടെ സംഗീതത്തിന് കാതോർക്കാൻ കോഴിക്കോട്ടുകാർക്ക് മുൻപും അവസരം കിട്ടിയിട്ടുണ്ട്. എന്നാൽ ജസ്രാജ് നഗരത്തിലെത്തുന്നത് ഇത് ആദ്യമായാണ്. ജസ്രാജിന്റെ ശിഷ്യരിൽ ഒരാളായ രമേഷ് നാരായണൻ മലയാളികൾക്ക് സുപരിചിതനാണ്. അദ്ദേഹം മുൻകൈയെടുത്താണ് ജസ്രാജ് 16ന് കോഴിക്കോട്ടേക്കെത്തുന്നത്.
“കേരളത്തിൽ തിരുവനന്തപുരം, കൊച്ചി, തൃശ്ശൂർ തുടങ്ങിയ മറ്റ് സ്ഥലങ്ങളിലെല്ലാം ജസ്രാജ് സംഗീതനിശകൾ അരങ്ങേറിയിട്ടുണ്ട്. എന്നാൽ കോഴിക്കോട്ടെ സംഗീതപ്രേമികൾക്കും ജസ്രാജിനെ കേൾക്കാൻ അവസരമുണ്ടാവണമെന്ന് എനിക്കു തോന്നി. ഹിന്ദുസ്ഥാനിയിൽ ഏറ്റവും മനോഹരമായ സംഗീതങ്ങളൊരുക്കിയ ബാബുരാജിന്റെ കൂടി നാടാണിത്. അതുകൊണ്ടാണ് കോഴിക്കോട്ടേക്ക് അദ്ദേഹത്തെ ക്ഷണിച്ചത്”-രമേഷ് നാരായണൻ പറഞ്ഞു.
എം ടി മുഖ്യാതിഥിയാവുന്ന പരിപാടിയില്‍ കോഴിക്കോടിന്റെ ആദരം സ്വീകരിച്ചതിനു ശേഷമായിരിക്കും ഗുലാം അലി ഗസല്‍ അവതരിപ്പിക്കുക. പതിനയ്യായിരത്തോളം പേര്‍ക്ക് ഇരിക്കാവുന്ന സംവിധാനമാണ് സംഘാടകര്‍ ഒരുക്കിയിരിക്കുന്നത്. പാസ് മുഖാന്തരമേ പരിപാടിയിലേക്ക് പ്രവേശിക്കനാവൂ. പ്ലാറ്റിനം, ഗോള്‍ഡ്, ഡയമണ്ട് എന്നിങ്ങനെ മൂന്നു തരം പാസുകളാണ് നിലവിലുള്ളത്. പാസ് ലഭിച്ചവര്‍ കൃത്യം 5.30 ടു കൂടി സ്വപ്നഗരിയില്‍ പ്രവേശിക്കണം. 16 ന് കോഴിക്കോട്ടെത്തുന്ന ഗുലാം അലി കടവ് റിസോര്‍ട്ടിലാണ് താമസിക്കുക.
സ്വരലയയാണ് ഗുലാം അലിയ്ക്ക് കേരളത്തിൽ വേദിയൊരുക്കുന്നത്. ജനുവരി 15ന് തിരുവനന്തപുരത്തെ ആദ്യ സംഗീതപരിപാടിക്ക് ശേഷമാണ് ഗുലാം അലി കോഴിക്കോട്ടെത്തുന്നത്.
പാക്കിസ്ഥാനി ആയതിനാൽ ഗുലാം അലിയെ മുംബൈയിലും പൂനെയിലും പാടാനനുവദിക്കില്ലെന്ന് ശിവസേന ഭീഷണി മുഴക്കിയിരുന്നു. കേരളത്തിലും ഭീഷണികൾ നിലനിൽക്കുന്നതിനാൽ പ്രത്യേക സുരക്ഷ ഒരുക്കിയിട്ടുണ്ട്. സംസ്ഥാനത്തിന്റെ അതിഥിയായി മുഖ്യമന്ത്രി ഗുലാം അലിയെ പ്രഖ്യാപിക്കുകയും ചെയ്തിട്ടുണ്ട്.