ഏകദിന ക്രിക്കറ്റിലെ വനിതാ റണ്‍വേട്ടക്കാരുടെ പട്ടികയില്‍ ഒന്നാം സ്ഥാനത്ത് ഇന്ത്യന്‍ ക്യാപ്റ്റന്‍ മിതാലി രാജ്. ഓസ്ട്രേലിയക്കെതിരായ മല്‍സരത്തില്‍ മുപ്പത്തിനാലു റണ്‍സ് പിന്നിട്ടപ്പോഴാണ് മിതാലി ചരിത്രം കുറിച്ചത്. ആറായിരം റണ്‍സ് പിന്നിട്ട ആദ്യ വനിതാ ക്രിക്കറ്ററെന്ന ബഹുമതിയും മിതാലിക്ക് സ്വന്തം.
ഓസ്ട്രേലിയക്കെതിരെ ബാറ്റിങ്ങിനിറങ്ങുമ്പോള്‍ റണ്‍വേട്ടയിലെ ഒന്നാം സ്ഥാനത്തേക്ക് 34 റണ്‍സ് ദുരം. 29-ാം ഓവറില്‍ മിതാലി ആ സ്വപ്ന നേട്ടത്തിലേക്കെത്തി. ഇംഗ്ലണ്ടിന്റെ ഷാര്‍ലറ്റ് എഡ്വാര്‍ഡ്സിന്റെ 5992 റണ്‍സാണ് രണ്ടാംനിരയിലേക്ക് വീണത്. സിക്സര്‍ പറത്തിക്കൊണ്ട് 6000 റണ്‍സ് ക്ലബ്ബിലെ ആദ്യഅംഗമായി. 164 ഇന്നിങ്സുകളില്‍ നിന്നാണ് മിതാലിയുടെ നേട്ടം. അഞ്ച് സെഞ്ചുറിയും 49 അര്‍ധസെഞ്ചുറിയുമുണ്ട് മിതാലിയുടെ അക്കൗണ്ടില്‍.