Home » ന്യൂസ് & വ്യൂസ് » തെളിവെടുപ്പിനായി ദിലീപിനെ കൊച്ചിയിലെ ഹോട്ടലിൽ എത്തിച്ചു കൂകി വിളിച്ച് ജനക്കൂട്ടം

തെളിവെടുപ്പിനായി ദിലീപിനെ കൊച്ചിയിലെ ഹോട്ടലിൽ എത്തിച്ചു കൂകി വിളിച്ച് ജനക്കൂട്ടം

നടി ആക്രമിക്കപ്പെട്ട കേസില്‍ അറസ്റ്റിലായ നടന്‍ ദിലീപുമൊത്ത് കൊച്ചിയിലും തെളിവെടുപ്പ്. ഗൂഢാലോചന നടത്തിയെന്നു പൊലീസ് പറയുന്ന കൊച്ചിയിലെ അബാദ് ഹോട്ടലിലാണ് ഏറ്റവും ഒടുവില്‍ ദിലീപിനെ എത്തിച്ചത്. വലിയ ആള്‍ക്കൂട്ടമാണ് ഹോട്ടലിന് പുറത്ത് തടിച്ചുകൂടിയത്. ദിലീപിനെയും വഹിച്ചുകൊണ്ടുള്ള പൊലീസ് വാഹനം എത്തിയപ്പോള്‍ കൂവലോടെയാണ് നാട്ടുകാര്‍ സ്വീകരിച്ചത്. ഈ ഹോട്ടലിലെ 410-ാം നമ്പര്‍ മുറിയിലാണ് ഗൂഢാലോചന നടത്തിയത് എന്നാണ് പൊലീസ് റിപ്പോര്‍ട്ട്.

ദിലീപിനെ കസ്റ്റഡിയില്‍ ലഭിച്ചതിനു പിന്നാലെ ദിലീപും പള്‍സര്‍ സുനിയും തമ്മില്‍ കൂടിക്കാഴ്ച നടത്തിയെന്ന് പൊലീസ് കണ്ടെത്തിയ തൊടുപുഴ ശാന്തിഗിരി കോളജിനു സമീപമുള്ള ഷൂട്ടിങ് ലൊക്കേഷനിലെത്തിയാണ് പൊലീസ് ആദ്യം തെളിവെടുപ്പ് നടത്തിയത്. ദിലീപ് ചിത്രമായ ‘ജോര്‍ജേട്ടന്‍സ് പൂര’ത്തിന്റെ ഷൂട്ടിങ് ഇവിടെ നടന്നിരുന്നു. ഈ പശ്ചാത്തലത്തിലാണ് നടനെ ഇവിടെ തെളിവെടുപ്പിന് എത്തിച്ചത്. തെളിവെടുപ്പിനു മുന്നോടിയായി ദിലീപിനെ വൈദ്യപരിശോധനയ്ക്ക് വിധേയനാക്കിയിരുന്നു.

അതേസമയം, ദിലീപിനെ തെളിവെടുപ്പിന് എത്തിക്കുന്ന വിവരമറിഞ്ഞ് വന്‍ ജനക്കൂട്ടം ഇവിടേക്ക് ഒഴുകിയെത്തിയതിനാല്‍ താരത്തെ പൊലീസ് വാഹനത്തില്‍നിന്ന് പുറത്തിറക്കിയില്ല. അസഭ്യം ചൊരിഞ്ഞും കൂക്കിവിളിച്ചുമാണ് ജനക്കൂട്ടം ദിലീപിനെ ‘വരവേറ്റത്’. ആള്‍ക്കൂട്ടത്തില്‍ ഒരു വിഭാഗം ദിലീപുമായെത്തിയ വാഹനം തടയാനും ശ്രമിച്ചു.

Leave a Reply