Home » നമ്മുടെ കോഴിക്കോട് » വില്ലേജ് ഒാഫീസിനു മുന്നില്‍ ആത്മഹത്യ ചെയ്ത കര്‍ഷകന്‍റെ വായ്പ സര്‍ക്കാര്‍ ഏറ്റെടുക്കും

വില്ലേജ് ഒാഫീസിനു മുന്നില്‍ ആത്മഹത്യ ചെയ്ത കര്‍ഷകന്‍റെ വായ്പ സര്‍ക്കാര്‍ ഏറ്റെടുക്കും

കോഴിക്കോട് ചെമ്പനോട വില്ലേജ് അധികൃതര്‍ കരം അടയ്ക്കാന്‍ അനുവദിക്കാത്തതിനാല്‍ ആത്മഹത്യ ചെയ്ത കര്‍ഷകന്റെ കടബാധ്യത തീര്‍ക്കാനുള്ള തുക സര്‍ക്കാര്‍ അനുവദിക്കും. ഇന്ന് നടന്ന മന്ത്രി സഭാ യോഗത്തിലാണ് ഇക്കാര്യം തീരുമാനമായത്.
ജോയിയുടെ കുടുംബത്തിന്റെ ചക്കിട്ടപാറ സഹകരണ ബാങ്കിലെ 13.16 ലക്ഷം രൂപയുടെ കടബാധ്യതയും മകളുടെ വിദ്യാഭ്യാസത്തിനായി പൂഴിത്തോട് യൂണിയന്‍ ബാങ്കില്‍ നിന്നെടുത്ത 3.31 ലക്ഷം രൂപയുമാണ് സര്‍ക്കാര്‍ അടയ്ക്കുക. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്നാണ് ഇതിനുള്ള തുക അനുവദിക്കുക. ഭൂമിയുമായി ബന്ധപ്പെട്ട തര്‍ക്കം പരിഹരിച്ച് നികുതി ഈടാക്കുന്നതിന് കോഴിക്കോട് കളക്ടറെ ചുമതലപ്പെടുത്തിയിട്ടുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. മുഖ്യമന്ത്രിയുടെ ഔദ്യോഗിക ഫെയ്സ്ബുക്ക് പേജിലൂടെയാണ് ഇക്കാര്യം അറിയിച്ചത്.

മുഖ്യമന്ത്രിയുടെ ഫേസ്ബുക് പോസ്റ്റ്

ജനങ്ങളുടെ അവകാശമാണ് സർക്കാർ സേവനങ്ങൾ എന്നതാണ് ഇടതുപക്ഷ ജനാധിപത്യമുന്നണി സർക്കാരിന്റെ നയം. കോഴിക്കോട് ചെമ്പനോടയിൽ കർഷകനായ ജോയ് എന്ന കെ.ജെ. തോമസിന് ജീവനൊടുക്കേണ്ടി വന്നത് അത്യന്തം ദുഃഖകരമായ സംഭവമായിരുന്നു. ജീവന് പകരമാകില്ല ഒന്നും, എങ്കിലും സർക്കാർ ആ കുടുംബത്തിനൊപ്പം നിന്ന് ആശ്വാസം പകരുവാൻ ശ്രമിക്കുകയാണ്.

കുടുംബത്തിന് സഹായമാകും വിധം, ജോയി എന്ന കെ.ജെ. തോമസിന്റെ പേരിലുള്ള ബാങ്ക് വായ്പകൾ തീർക്കുന്നതിന് സർക്കാർ ധനസഹായം നൽകും. ജോയിയുടെ കുടുംബത്തിന് ചക്കിട്ടപാറ സഹകരണ ബാങ്കിൽ 13.16 ലക്ഷം രൂപയുടെ കടബാധ്യതയുണ്ട്. കൂടാതെ അദ്ദേഹത്തിന്റെ മകൾക്ക് വേണ്ടി വിദ്യാഭ്യാസവായ്പയെടുത്ത വകയിൽ പൂഴിത്തോട് യൂണിയൻ ബാങ്കിൽ 3.31 ലക്ഷം രൂപയുടെ ബാധ്യതയും ഉണ്ട്. ഈ രണ്ട് വായ്പകളും തീർക്കാനുള്ള തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിൽ നിന്ന് അനുവദിക്കുവാൻ ഇന്നു ചേർന്ന മന്ത്രിസഭായോഗം തീരുമാനിച്ചു. ഭൂമിയുമായി ബന്ധപ്പെട്ടുള്ള തർക്കം പരിഹരിച്ച് നികുതി ഈടാക്കുന്നതിന് കോഴിക്കോട് കളക്റ്ററെയും ചുമതലപ്പെടുത്തിയിട്ടുണ്ട്.

ജോയിയുടെ വിയോഗത്തിൽ ദുഃഖിതരായി കഴിയുന്ന കുടുംബത്തിന് ആശങ്കയകറ്റി മുന്നോട്ടുള്ള ജീവിതത്തിന് സർക്കാരിന്റെ ഈ കൈത്താങ്ങ് സഹകരമാകുമെന്ന് പ്രതീക്ഷിക്കുന്നു.

Leave a Reply