Home » ന്യൂസ് & വ്യൂസ് » ദൈവികവും സമ്പൂര്‍ണ്ണ മതരഹിതവുമായ സംഗീതം

ദൈവികവും സമ്പൂര്‍ണ്ണ മതരഹിതവുമായ സംഗീതം

അതിർത്തിക്കിപ്പുറം കടക്കരുതെന്ന് മതഭ്രാന്തർ കല്പിക്കുമ്പോൾ, ആദരപുസ്തകവുമായി ഗുലാം അലിയെ വരവേല്ക്കുകയാണ് കോഴിക്കോട്.


ദേശീയതാഭ്രാന്തിൽ മത്തുപിടിച്ചവരോട് സഹവർത്തിത്വത്തിന്റെ ദേശീയ പാരമ്പര്യമോർമിപ്പിക്കുന്നതുവഴി സ്വന്തം ചരിത്രനിയോഗത്തെ വീണ്ടെടുക്കുന്നു, ‘ഗുലാം അലി പാടുമ്പോൾ’ എന്ന പുസ്തകം പുറത്തിറക്കുന്നതിലൂടെ മാതൃഭൂമി ബുക്സ്.


“പ്രണയത്തിന്‌ രാജ്യമില്ല. ദുഃഖത്തിന്‌ രാജ്യമില്ല. സംഗീതത്തിനും രാജ്യമില്ല. അതിനാല്‍ സംഗീതം ആസ്വദിക്കാന്‍ കഴിവുള്ള എല്ലാ മനുഷ്യരുടെ ഹൃദയങ്ങളിലും ഗുലാം അലി പാടിക്കൊണ്ടിരിക്കും.” (ബാലചന്ദ്രന്‍ ചുള്ളിക്കാട്‌ )


“ഇന്ന്‌ ഗുലാം അലിക്ക്‌ വേണ്ടി അടഞ്ഞ വാതില്‍ ഒരിക്കല്‍ ബഡേ ഗുലാം അലിഖാനുവേണ്ടി തുറന്നത്‌ ഓര്‍ക്കുമ്പോഴാണ്‌ ആ കാലത്തില്‍ നിന്ന്‌ ഈ അകാലത്തിലേക്കുള്ള അകലം ഭയപ്പെടുന്നത്‌.” (എസ്‌. ഗോപാലകൃഷ്‌ണന്‍)


ബഹിഷ്‌കരണത്തിന്റെ ഏതു ഘട്ടത്തിലും കലയും സംഗീതവും സാഹിത്യവുമൊക്കെ അതിര്‍ത്തികളെയും മുള്‍വേലികളെയും മറികടക്കുക തന്നെ ചെയ്യുമെന്നു പറയുന്നു  പുസ്തകത്തിന്റെ മുഖക്കുറിപ്പിൽ, എഡിറ്റർ ഷാനവാസ് കൊനാരത്ത്.

ഷാനവാസ് കൊനാരത്ത്

ഷാനവാസ് കൊനാരത്ത്

അനുഗ്രഹീതയായ ഒരു ഗായികയാണ്‌ നയ്യാരാ നൂര്‍. പാക്കിസ്ഥാനിയായ ഇവരുടെ ആലാപനത്തെയും ശബ്‌ദത്തെയും പറ്റി മുമ്പ്‌ വളരെ യാദൃച്ഛികമായി ഒരു സുഹൃത്തിനോട്‌ വാചാലനാവുകയുണ്ടായി. 2007 -ല്‍ ഗുലാം അലി ആദ്യമായി കോഴിക്കോട്‌ പാടുന്നതിനും ഒരു വര്‍ഷം മുമ്പത്തെ ഒരോര്‍മ്മയാണ്‌. സ്വല്‌പനേരത്തെ സഗൗരവമായ മൗനത്തെ തുടര്‍ന്ന്‌ സുഹൃത്ത്‌ ചോദിച്ചു; “താങ്കള്‍ക്കെന്താ ലതാജി മതിയാകില്ലെ?” അതൊരു വല്ലാത്ത ചോദ്യമായിരുന്നു.

ലതാജിയെ ഒരു മഴ പോലെ നനയാന്‍, “ദര്‌ദ്‌ സെ മേരാ ദാമന്‍ ഭര്‌ദെ യാ അല്ലാഹ്‌…” എന്ന ഗസല്‍ മാത്രം മതി. എന്നിട്ടും സുഹൃത്തിന്റെ ചോദ്യത്തോട്‌ പ്രതികരിച്ചില്ലെന്ന്‌ മാത്രമല്ല, യാതൊരു അസഹിഷ്‌ണുതയുമില്ലാത്ത നിരപരാധിയെപ്പോലെ ഞാനാ ചോദ്യത്തെ കരുതി. കലയ്‌ക്കും സാഹിത്യത്തിനും സംഗീതത്തിനുമെല്ലാം നേരെ പ്രതിഷേധങ്ങള്‍ കനക്കുന്ന ഒരു ദശാബ്‌ദത്തിനിപ്പുറത്തിരുന്നും അങ്ങനെ കരുതാന്‍ ഇഷ്‌ടപ്പെടുന്നു. എന്നും പാവം ഞങ്ങളുടെ സംഗീതവിജ്ഞാനം പാരിജാതവും പ്രാണസഖിയും ഇന്ദ്രവല്ലരിയുമൊക്കെയായിരുന്നുവല്ലോ. യേശുദാസ്‌ ആയിരുന്നു സംഗീതത്തിന്റെ ഏകാധ്യാപക വിദ്യാലയം. അവിടെ സംഗീതം കേട്ടുപഠിച്ച്‌ ഞങ്ങള്‍ സായൂജ്യമടഞ്ഞു. ക്ലാസ്സ്‌ കട്ട്‌ ചെയ്‌ത്‌ ചിലര്‍ റഫിയെയും മുകേഷിനെയും കിഷോറിനെയും കേട്ടെങ്കിലായി. എന്നാല്‍ ഗിരിജാദേവിയോ കുമാര്‍ ഗന്ധര്‍വ്വയോ ഭീം സെന്‍ ജോഷിയോ ഒക്കെ അപ്പോഴും പാടുന്നുണ്ടെങ്കിലും ചലച്ചിത്രഗാനമായിരുന്നു ഞങ്ങളുടെ സംഗീതത്തിന്റെ അവസാന രാഗം.

നമുക്ക്‌ തന്നെ മഹാഗായകരുള്ളപ്പോള്‍ അതുംതേടി അതിര്‍ത്തി കടക്കേണ്ടതുണ്ടോ എന്നു തിരുത്തിയാണ്‌ സുഹൃത്തിന്റെ ചോദ്യത്തെ ഞാനെന്നും ലഘൂകരിച്ചത്‌. അതിലെന്തെങ്കിലും പ്രതിഷേധമുണ്ടെങ്കില്‍ തന്നെയും അതുള്‍ക്കൊണ്ടു. നിരന്തരം നമ്മെ സൈ്വര്യം കെടുത്തുന്ന അയല്‍രാജ്യത്തിന്റെ പാസ്‌പോര്‍ട്ടുമായി വരുന്നവരുടെ സംഗീതം ബഹിഷ്‌കരിക്കാന്‍ നിയമം വന്നാലും ഗുലാം അലിയെയോ മെഹ്‌ദി ഹസ്സനെയോ, അങ്ങനെ നീളുന്ന ഒരുപാട്‌ മഹാരഥരെയോ നാം കേള്‍ക്കാതിരിക്കുമോ? ഒരു പക്ഷേ അത്തരം സാന്നിദ്ധ്യങ്ങള്‍ തടഞ്ഞുനിര്‍ത്തിയാല്‍ പോലും ജനമനസ്സില്‍ പതിഞ്ഞ അവരുടെ സംഗീതം എങ്ങനെ ഡിലിറ്റ്‌ ചെയ്യും? യുട്യൂബിന്റെ മഹാശേഖരത്തില്‍ നിന്നും അതെങ്ങനെ എടുത്തു മാറ്റും?

ബഹിഷ്‌കരണത്തിന്റെ ഏതു ഘട്ടത്തിലും കലയും സംഗീതവും സാഹിത്യവുമൊക്കെ അതിര്‍ത്തികളെയും മുള്‍വേലികളെയും മറികടക്കുക തന്നെ ചെയ്യും. അതിര്‍ത്തിക്കപ്പുറത്തെ ഗസല്‍ സ്‌നേഹികള്‍ക്ക്‌ ജഗ്‌ജിത്‌ സിംഗ്‌ ഹൃദയഭാജനമായത്‌ അതുകൊണ്ടാണ്‌. ജഗ്‌ജിത്‌ അതിര്‍ത്തിക്കപ്പുറം പാടിയപ്പോള്‍ ആ ദേവനാദം നേരില്‍ കേട്ട്‌ അവര്‍ വിസ്‌മയിച്ചു. അപ്പോഴവരുടെ കണ്ണുകളിലും മനസ്സുകളിലും ഒരു അതിര്‍ത്തി പ്രശ്‌നമോ അശാന്തിയോ ഉണ്ടായില്ല. ഗുലാം അലി എന്ന മഹാഗായകന്‍ അതിര്‍ത്തിക്കിപ്പുറം പാടുമ്പോഴും നമ്മുടെ മനസ്സിലും അങ്ങനെയായിരിക്കും. ആലപിച്ചു തുടങ്ങുന്നതോടെ ഏത്‌ സംഗീതവും കൂടുതല്‍ ദൈവികവും എന്നാല്‍ തീര്‍ത്തും മതരഹിതവുമായിത്തീരുന്നു. ഈയൊരവസ്ഥ കരിയാത്ത മുറിവുകളില്‍ സ്‌നേഹത്തിന്റെ ഔഷധം പുരട്ടി ആശ്വസിപ്പിക്കുന്നു.

CHULLIKKAD

ബാലചന്ദ്രന്‍ ചുള്ളിക്കാട്‌

എസ്‌. ഗോപാലകൃഷ്‌ണന്‍

എസ്‌. ഗോപാലകൃഷ്‌ണന്‍

“ഗുലാം അലി പാടുമ്പോള്‍” എന്ന പുസ്‌തകം മുന്നോട്ടുവയ്‌ക്കുന്നതും സ്‌നേഹത്തിന്റെ ഈ ഔഷധവീര്യം തന്നെയാണ്‌. അതുകൊണ്ടാണ്‌ ‘വീണ്ടും ഗുലാം അലി’ എന്ന തന്റെ ഹ്രസ്വമായ കുറിപ്പില്‍ പ്രിയകവി ബാലചന്ദ്രന്‍ ചുള്ളിക്കാട്‌ ഇങ്ങനെ എഴുതിയിരിക്കുന്നത്‌. “പ്രണയത്തിന്‌ രാജ്യമില്ല. ദുഃഖത്തിന്‌ രാജ്യമില്ല. സംഗീതത്തിനും രാജ്യമില്ല. അതിനാല്‍ സംഗീതം ആസ്വദിക്കാന്‍ കഴിവുള്ള എല്ലാ മനുഷ്യരുടെ ഹൃദയങ്ങളിലും ഗുലാം അലി പാടിക്കൊണ്ടിരിക്കും.”

‘ചെവിയോര്‍ക്കുമ്പോള്‍’ എന്ന തന്റെ ലേഖനത്തില്‍ എസ്‌. ഗോപാലകൃഷ്‌ണന്‍ ഇങ്ങനെ എഴുതിയിട്ടുണ്ട്‌. “ഇന്ന്‌ ഗുലാം അലിക്ക്‌ വേണ്ടി അടഞ്ഞ വാതില്‍ ഒരിക്കല്‍ ബഡേ ഗുലാം അലിഖാനുവേണ്ടി തുറന്നത്‌ ഓര്‍ക്കുമ്പോഴാണ്‌ ആ കാലത്തില്‍ നിന്ന്‌ ഈ അകാലത്തിലേക്കുള്ള അകലം ഭയപ്പെടുന്നത്‌.” നമ്മുടെ മഹിത പാരമ്പര്യത്തിന്റെ വിശാലതകളില്‍ സംഭവിക്കുന്ന സങ്കീര്‍ണ്ണതയെപ്പറ്റി ആശങ്കപ്പെടുന്ന അദ്ദേഹം, “ആളുകള്‍ ഇടതിങ്ങി പാര്‍ത്തിരുന്ന മുസ്‌ലിം ഗലികളില്‍ സാധകം ചെയ്യാന്‍ ഇടമില്ലാതിരുന്നതിനാല്‍ ബഡേ ഗുലാം അലിഖാന്‍, ഹിന്ദു ശ്‌മശാനഘട്ടുകളില്‍, ഏകാന്ത രാവുകളില്‍ പാടുമായിരുന്നു. ആ ഏകാന്ത സാധകത്തില്‍ നിന്നും ഉയര്‍ന്ന പാട്യാലാ-ഘരാനാനാദജ്വാലയുടെ പ്രകാശകണികയാണ്‌ ഗുലാം അലിയിലെ ദീപ്‌തസംഗീത”മെന്നും എഴുതിയിരിക്കുന്നു.

ആലങ്കോട്‌ ലീലാകൃഷ്‌ണന്‍ ഒരു സ്‌നേഹഗീതത്തിലൂടെയാണ്‌ പ്രിയഗായകന്‌ ആദരമേകുന്നത്‌. ആലങ്കോട്‌ എഴുതുന്നു.
“അറികയാണ്‌; ഗസല്‍ പോലെ, തുംരി പോ-
ലൊരു ഖയാലിന്റെ നിത്യമാം ശുദ്ധിപോല്‍
അരികിലുണ്ടു ഗുലാം അലി, യാകാശ
ഭരിതമാ, മതിരറ്റൊരാലാപനം”

“ഒരു ചെറിയ വിസിലടിക്കുപോലും നൊമ്പരപ്പെടുത്താന്‍ കഴിയുന്ന ഹൃദയ നൈര്‍മ്മല്യമാണ്‌…” ആലാപന വേളയില്‍ ഗുലാം അലി കാത്തുസൂക്ഷിക്കുന്നതെന്ന്‌ തന്റെ `ഗുലാം അലി’ എന്ന കുറിപ്പില്‍ രമേശ്‌ ഗോപാലകൃഷ്‌ണന്‍ എഴുതിയിട്ടുണ്ട്‌. കലാകാരന്മാരും കലയും തമ്മിലുള്ള ആത്മീയബന്ധത്തെപ്പറ്റിയും ഈ കുറിപ്പ്‌ നമ്മോട്‌ സംസാരിക്കുന്നു.

സജയ്‌ കെ വി തന്റെ `വൈഷാദികവൈഖരി’യില്‍ ഇങ്ങനെ രേഖപ്പെടുത്തുന്നു. “കേവല ഗാനരൂപം മാത്രമല്ല, അതിനെ അനുപ്രാണിതമാക്കുന്ന അനുപമസുന്ദരമായ കാവ്യരൂപം കൂടിയാണ്‌ ഗസല്‍. പനിനീര്‍പൂവിന്റെയും വീഞ്ഞിന്റെയും കണ്ണീരിന്റെയും വിചിത്ര ലായനിയില്‍ ഒരു തുള്ളി ദൈവാനുഭവം കൂടി ചേര്‍ന്നാല്‍ അത്‌ ഗസലായി.” ഗുലാം അലിയുടെ സംഗീതത്തോടൊപ്പം ഗസലിന്റെ മായിക ഭാവങ്ങളെപ്പറ്റിയും സജയ്‌ തന്റെ കുറിപ്പില്‍ വരഞ്ഞിടുന്നുണ്ട്‌.

“ഗുലാം അലി പാടാതിരിക്കുമ്പോള്‍
ചില വാതിലുകള്‍ തുറക്കപ്പെടുകയാണ്‌
തുറന്നവാതിലിലൂടെ കടന്നുവരുന്നത്‌
ഇരുളും തീയും…
അതാളിപ്പടരുന്നത്‌ ആത്മാവിലേക്ക്‌.
ഗുലാം അലി പാടാതിരിക്കുമ്പോള്‍
ചില വാതിലുകള്‍ അടയുകയുമാണ്‌
അടഞ്ഞ വാതിലിനപ്പുറത്ത്‌
ജീവവായു, സ്വത്വം, സ്വാതന്ത്ര്യം…” ജമാല്‍ കൊച്ചങ്ങാടിയുടെ `ഗുലാം അലി തനിച്ചല്ല’ എന്ന ലേഖനത്തില്‍ ആമുഖമായി ചേര്‍ത്ത കവിതയിലെ വരികളാണിത്‌. വിഭജനത്തിന്റെ മുമ്പും പിമ്പുമുള്ള സംഗീതചരിത്രവും സമകാലീന രാഷ്‌ട്രീയ സാഹചര്യങ്ങളെയുമൊക്കെ വിശകലനം ചെയ്യുന്ന ഈ കുറിപ്പ്‌, അല്ലാമാ മുഹമ്മദ്‌ ഇക്‌ബാലും സദത്ത്‌ ഹസന്‍ മാന്‍തോയും ഖാസി നസറുല്‍ ഇസ്‌ലാമും ബഡേ ഗുലാം അലിഖാനും മെഹ്‌ദി ഹസ്സനും ഗുലാം അലിയുമെല്ലാം പൊതു പൈതൃകത്തിന്‌ അവകാശപ്പെട്ടവരാണെന്നും അത്‌ പങ്കുവെക്കാനാകില്ലെന്നും കുറിക്കുന്നു.

“ആരെന്നും എന്തെന്നുമറിയാതെ ആദ്യമായി കേട്ട ഒരു വ്യതിരിക്തസംഗീതത്തെ ഗുലാം അലിയുടെ ഗസല്‍ എന്ന്‌ സുഹൃത്ത്‌ പരിചയപ്പെടുത്തിയപ്പോള്‍ അത്‌ പയ്യെ ഗസലിന്റെ വിശാലമായ ആസ്വാദനഭൂമികയിലേക്ക്‌ പറന്നിറങ്ങാനും, അതുവഴി ഹിന്ദുസ്ഥാനി സംഗീതത്തിന്റെ വഴിത്താരകളിലൂടെ സഞ്ചരിക്കാനും, പ്രേരണയുയര്‍ത്തിയ ഒരു പഴയ കാലത്തിന്റെ ഹൃദ്യമായ ഓര്‍മ്മയാണ്‌ ഒ പി സുരേഷിന്റെ `വേദനയുടെ ഹര്‍ഷോന്മാദം’ എന്ന കുറിപ്പ്‌ പങ്കുവെക്കുന്നത്‌. “… സ്‌കൂളില്‍ ഉര്‍ദ്ദു പഠിക്കുന്നവരെ എന്തോ വൈകല്യമുള്ളവരെപ്പോലെ പരിഗണിച്ചുപോന്നിരുന്നു. അറബിയുടെയും മലയാളത്തിന്റെയും മൃഗീയഭൂരിപക്ഷത്തിനു കീഴില്‍ ഞെരിഞ്ഞൊതുങ്ങിയ ഒരു കുഞ്ഞുഭാഷയ്‌ക്ക്‌ ഇത്രയേറെ വിശാലമായ ആകാശങ്ങളുണ്ടെന്ന്‌ ഗുലാം അലി മറ്റൊരു ഭാഷയില്‍ പഠിപ്പിച്ചു. ഏഴല്ല, എഴുപതിനായിരം വര്‍ണ്ണങ്ങളില്‍ വിടര്‍ന്നുല്ലസിക്കുന്ന അതിലെ മഴവില്ലുകള്‍ കാട്ടിതന്നു…”

`ഗുലാം അലിയുടെ സാന്ത്വനസംഗീതം’ എന്ന ലേഖനത്തില്‍ സി കെ ഹസ്സന്‍ കോയ, മുഹമ്മദ്‌ റഫിയുമായുള്ള അലിയുടെ ആത്മബന്ധത്തെയും ആദരവിനെയുംപ്പറ്റി സൂചിപ്പിക്കുന്നു. തനിക്കേറെ പ്രിയപ്പെട്ട ഗായകന്‍ മുഹമ്മദ്‌ റഫിയുടെ സ്‌നേഹാദരങ്ങള്‍ ഹൃദയത്തിലെന്നും സൂക്ഷിച്ചയാളാണ്‌ ഗുലാം അലി. 1980 -ല്‍ ഇന്ത്യയിലെത്തിയ നാളുകളില്‍ ബോംബെ താജില്‍ താമസിക്കുകയായിരുന്നു അദ്ദേഹം. തലേന്നത്തെ നീണ്ട മെഹ്‌ഫിലിനു ശേഷം നല്ല ഉറക്കമായിരുന്ന ഗുലാം അലിയെ പ്രഭാതത്തില്‍ തുടര്‍ച്ചയായി മുഴങ്ങിയ ഫോണ്‍നാദമാണ്‌ ഉണര്‍ത്തിയത്‌. വിളിക്കുന്നത്‌ മുഹമ്മദ്‌ റഫി. പ്രാതലിന്‌ ഗുലാം അലിയെ ബാന്ദ്രയിലെ വീട്ടിലേക്ക്‌ ക്ഷണിക്കുകയായിരുന്നു റഫി. ആ ക്ഷണം സ്വീകരിച്ചെത്തിയ അലി,റഫിയോട്‌ പറഞ്ഞു. ലോകമാകെ അങ്ങയുടെ പാട്ടുകേള്‍ക്കുന്നു. അതിന്‌ റഫിയുടെ മറുപടി ഇങ്ങനെ. “പക്ഷേ, ഞാന്‍ കേള്‍ക്കുന്നത്‌ താങ്കളുടെ പാട്ടാണ്‌…”

“…ഹാര്‍മോണിയത്തിന്റെയും തബലയുടെയും മീതെ മാധുര്യവും സ്‌നേഹവും വിഷാദവും വിരഹവുമൊക്കെ നിറച്ച ആ പതിഞ്ഞ ശബ്‌ദത്തില്‍ ഗുലാം അലിയെ അറിയുകയായിരുന്നു ഞങ്ങള്‍.” എന്‍ എ നസീര്‍ `നിശ്ശബ്‌ദരാഗങ്ങളുടെ മാന്ത്രികത’ എന്ന കുറിപ്പില്‍ തന്റെ ആദ്യത്തെ ഗസല്‍ ആസ്വാദനാനുഭവത്തെ ഓര്‍ത്തെടുക്കുന്നു. പിന്നീട്‌ തന്റെ കാനനയാത്രകളില്‍ മലകളെയും താഴ്‌വരകളെയും തഴുകിയെത്തുന്ന സുഗന്ധവാഹിയായ തെന്നലുപോലെ തന്റെയുള്ളില്‍ ഗുലാം അലി പാടിക്കൊണ്ടിരുന്നതിന്റെ ഓര്‍മ്മച്ചിത്രമാണ്‌ നസീറിന്റെ കുറിപ്പ്‌.

'ഗുലാം അലി പാടുമ്പോൾ' കവർ

‘ഗുലാം അലി പാടുമ്പോൾ’ കവർ

“…ഗസലുകളില്‍ സ്‌പന്ദിക്കുന്ന നേര്‍ത്ത ശോകത്തിന്റെ തേങ്ങല്‍, അടിച്ചമര്‍ത്തപ്പെട്ട ആഗ്രഹങ്ങളുടെ പരിച്ഛേദമത്രേ. മുറിവേറ്റ മാനിന്റെ ശോകാര്‍ദ്രരോദനം എന്ന്‌ ഗസല്‍ എന്ന വാക്കിന്‌ ഒരു അര്‍ത്ഥമുണ്ട്‌. സ്‌നേഹഭാജനം എല്ലായ്‌പ്പോഴും ഒരു മുറിവേറ്റ മാനാണ്‌…” എന്ന്‌ കുറിക്കുന്ന കെ പി സുധീര, താന്‍ ഇതില്‍ പരാമര്‍ശിക്കപ്പെടുന്ന ഗസല്‍ വരികളുടെ മലയാള ഭാഷാന്തരവും ചേര്‍ത്തെഴുതുന്നുണ്ട്‌. ഒപ്പം ഗുലാം അലിയുമായുള്ള അഭിമുഖവും ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്‌.

രജത്‌ ശര്‍മ്മയും ശങ്കര്‍ മഹാദേവനും സുഭാഷ്‌ കെ ഝായും വ്യത്യസ്‌ത സന്ദര്‍ഭങ്ങളില്‍ ഗുലാം അലിയുമായി നടത്തിയ അഭിമുഖങ്ങളില്‍ നിന്നുമുള്ള പ്രസക്ത ഭാഗങ്ങള്‍ സമാഹരിച്ച്‌ പി അജിത്‌കുമാര്‍ തയ്യാറാക്കിയ `ഗുലാം അലി പാടുമ്പോള്‍’ എന്ന അഭിമുഖം ഗുലാം അലിയുടെ ജീവിതത്തെയും വീക്ഷണങ്ങളെയും അറിയാന്‍ പര്യാപ്‌തമാണ്‌. വളരെ അപൂര്‍വ്വമായ ഈ അഭിമുഖത്തില്‍ ഇരുരാജ്യങ്ങളും തമ്മിലുള്ള നിത്യമായ സൗഹൃദത്തെക്കുറിച്ചുള്ള ഗുലാം അലിയുടെ പ്രത്യാശകള്‍ നമ്മെ സ്‌പര്‍ശിക്കുന്നതാണ്‌.

ശ്രീകാന്ത്‌ കോട്ടക്കല്‍ `വരൂ, എന്റെ രാത്രികളിലേക്ക്‌, ഞങ്ങളുടെ മധുശാലയിലേക്ക്‌’ എന്ന കുറിപ്പില്‍ എഴുതുന്നു. “…പ്രിയപ്പെട്ട ഗുലാം അലീ, ഈ രാജ്യത്തിന്റെ തെരുവുകള്‍ താങ്കളെ നിരോധിക്കുമായിരിക്കാം. കാട്ടാളര്‍ താങ്കളുടെ വേദികള്‍ക്കു തീയിടുമായിരിക്കാം. പൊതുവേദികള്‍ താങ്കളെ പാടാനനുവദിക്കാതെ തിരിച്ചയയ്‌ക്കുമായിരിക്കാം. എന്നാല്‍ ഈ രാജ്യത്തെ ഓരോ വീടുകളും ഒരു മുറി താങ്കള്‍ക്കായി കാത്ത്‌ വെച്ചിരിക്കും.” ശ്രീകാന്തിന്റെ ഈ പ്രത്യാശ നമ്മുടെ പൈതൃകത്തിന്റെ പൊതുഭാവമായി വിളങ്ങിനില്‍ക്കുന്നു.

‘ഗസല്‍: അലിയുടെയും കവിയുടെയും’ എന്ന ലേഖനത്തില്‍, അലിയുടെ ഗസല്‍ കേള്‍ക്കാന്‍ കയ്യില്‍ കാശില്ലാതെ ഗാനശാലയുടെ പുറത്തുനിന്ന ഒരു ചെറുപ്പക്കാരന്റെ കഥ പറയുന്നുണ്ട്‌ അനില്‍കുമാര്‍ തിരുവോത്ത്‌. ഒടുവില്‍ കച്ചേരി കഴിഞ്ഞ്‌ പുറത്തെത്തി കാറില്‍ കയറി ഗായകന്‍ മുന്നോട്ടു നീങ്ങവെ വാഹനത്തിന്‌ മുന്നിലെത്തിയ അയാള്‍ തന്റെ സങ്കടമറിയിച്ചതും ചെറുപ്പക്കാരനെ തന്റെ മുറിയിലേക്ക്‌ കൊണ്ടുപോയി പുലരുവോളം പാടികൊടുത്തതുമായ ഒരു കഥ. ആ കഥയിലെ ചെറുപ്പക്കാരന്റെ പേര്‌ ബാലചന്ദ്രന്‍ ചുള്ളിക്കാട്‌ എന്നായിരുന്നു. പില്‍ക്കാലത്ത്‌ ചുള്ളിക്കാട്‌ `ഗസല്‍’ എന്നൊരു കവിതയെഴുതി. ഡോ. ആര്‍ നരേന്ദ്രപ്രസാദ്‌ ആ കവിതയെ കുറിച്ച്‌ പറഞ്ഞത്‌ ചുള്ളിക്കാടിന്റെ ഏറ്റവും പക്വമായ രചനയാണതെന്നാണ്‌.

ഗുലാം അലിയുടെ ജീവിതമെഴുതിയ പുസ്‌തകത്തെ അധികരിച്ച്‌ അനില്‍കുമാര്‍ തിരുവോത്ത്‌ തയ്യാറാക്കിയ ദീര്‍ഘമായ ജീവിതരേഖയോടെയാണ്‌ ഈ പുസ്‌തകം ആരംഭിക്കുന്നത്‌. അലിയുടെ ജീവിതത്തെയും സംഗീത യാത്രകളെയും അടുത്തുകാണാവുന്നതാണ്‌ പുസ്‌തകത്തിന്റെ ഈ ഒന്നാം ഭാഗം.

ഗുലാം അലിയുടെ ഏറ്റവും പ്രസിദ്ധമായ പതിനാല്‌ ഗസലുകളുടെ മലയാള ഭാഷാന്തരം ഉര്‍ദ്ദുകാവ്യ രൂപത്തോടൊപ്പം ഈ പുസ്‌തകത്തിന്റെ അവസാന ഭാഗത്ത്‌ ചേര്‍ത്തിരിക്കുന്നു. കെ പി എ സമദ്‌ സൂക്ഷ്‌മവും സംശുദ്ധവുമായി മൊഴിമാറ്റിയ കാവ്യങ്ങള്‍ ഈ പുസ്‌തകത്തിന്റെ പ്രത്യേകതയാണ്‌.

 

Leave a Reply