നടിയെ ആക്രമിച്ച കേസില്‍ നിര്‍ണായക തെളിവായ മെമ്മറി കാര്‍ഡ് പൊലീസ് പിടിച്ചെടുത്തു. . പള്‍സര്‍ സുനിയുടെ ആദ്യ അഭിഭാഷകന് പ്രതീഷ് ചാക്കോയുടെ ജൂനിയര്‍ രാജു ജോസഫിന്റെ കയ്യില്‍ നിന്നാണ് മെമ്മറി കാര്‍ഡ് പോലീസ് പിടിച്ചെടുത്തത്. എന്നാല്‍ മെമ്മറി കാര്‍ഡില്‍ ദൃശ്യങ്ങളൊന്നും കണ്ടെത്താനായിട്ടില്ല. ഈ കാര്‍ഡിലാണോ ദൃശ്യങ്ങള്‍ പകര്‍ത്തിയതെന്നും ദൃശ്യങ്ങള്‍ മായ്ചു കളഞ്ഞതാണോ എന്നും വ്യക്തമല്ല. ഇതിനായി കൂടുതല്‍ പരിശോധനകള്‍ നടത്തും. രാജു ജോസഫിനെ ഇന്നലെ ചോദ്യം ചെയ്ത് വിട്ടയച്ചിരുന്നു.
നടിയെ ആക്രമിക്കുന്നതിന്റെ ദൃശ്യങ്ങളടങ്ങിയ ഫോണ്‍ പള്‍സര്‍ സുനി, ദിലീപിന് കൈമാറാനായി പ്രതീഷ് ചാക്കോയെ ഏല്‍പ്പിച്ചെന്നാണ് കരുതുന്നത്. ഇയാള്‍ ഒളിവിലാണെന്ന് പൊലീസ് പറയുന്നു. ഇതേക്കുറിച്ചുള്ള വിവരങ്ങള്‍ തേടാനാണ് ജൂനിയറിനെ വിളിപ്പിച്ചത്. കേസിൽ പൊലീസ് തിരയുന്ന ദിലീപിന്റെ മാനേജര്‍ അപ്പുണ്ണിയും പ്രതീഷ് ചാക്കോയും പൊലീസിന്റെ വലയിലായതായി സൂചനയുണ്ട്. ഒളിവില്‍ കഴിയുന്ന ഇരുവരെയും ഉടൻ അറസ്റ്റ് ചെയ്യുമെന്നാണ് അന്വേഷണസംഘം പറയുന്നത്. തിരച്ചിൽ ഉൗർജിതമാണെന്നും ഇവർ അന്വേഷണ പരിധിയിൽതന്നെ ഉണ്ടെന്നുമുള്ള സൂചനയാണ് അധികൃതർ നൽകുന്നത്.
ദിലീപ്, മാനേജര്‍ അപ്പുണ്ണി, പ്രതീഷ് ചാക്കോ എന്നിവരെ ഒപ്പം ചോദ്യംചെയ്തേക്കും. പ്രതീഷ് ചാക്കോയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കുന്നത് ഹൈക്കോടതി ചൊവ്വാഴ്ചത്തേക്ക് നീട്ടിയത് പോലീസിന് തിരിച്ചടിയായി. അപ്പുണ്ണിയുടെയും പ്രതീഷ് ചാക്കോയുടെയും അറസ്റ്റ് വൈകില്ലെന്ന് പൊലീസ് പറയുന്നു. രണ്ടുവര്‍ഷംമുമ്പ് മറ്റൊരാള്‍ക്കുവേണ്ടി ഒരു നടിയെ പള്‍സര്‍ സുനി പീഡിപ്പിച്ചെന്ന വിവരം പൊലീസിന് കിട്ടിയിട്ടുണ്ട്. ഇവര്‍ അന്വേഷണസംഘത്തിന് മൊഴിനല്‍കാന്‍ തീരുമാനിച്ചതായി പറയുന്നു. ഇത് വിജയിച്ചതിനാലാണ് ഇതേപോലുള്ള ക്വട്ടേഷന്‍ സുനിയെ ഏല്‍പ്പിച്ചതെന്ന് പൊലീസ് കരുതുന്നു. പ്രതിക്ക് നേരത്തേ ഇതേക്കുറിച്ച് അറിവുണ്ടായിരിക്കാമെന്നാണ് നിഗമനം.
അതിനിടെ,ദിലീപിന്റെ ജാമ്യാപേക്ഷ ഇന്ന് ഹൈക്കോടതിയില്‍ സമര്‍പ്പിക്കും.കഴിഞ്ഞ ദിവസം കേസിൽ വളരെ പ്രധാനമെന്ന് കരുതുന്ന രണ്ടുപേരുടെ മൊഴി വളരെ രഹസ്യമായി രേഖപ്പെടുത്തിയതായാണ് വിവരം. ‘ജോർജേട്ടൻസ് പൂരം’ സിനിമയുടെ ലൊക്കേഷനിൽ ദിലീപും പൾസർ സുനിയും സംസാരിച്ചത് കണ്ടതായാണ് മൊഴി. പൾസർ സുനിയെ കണ്ടിട്ടില്ലെന്ന നിലപാട് ദിലീപ് ആവർത്തിക്കുന്ന സാഹചര്യത്തിൽ ഇവരുടെ മൊഴി നിർണായകമാകും. സാക്ഷികൾ സ്വാധീനിക്കപ്പെടാതിരിക്കാനാണ് രഹസ്യമായി മൊഴിയെടുത്തത്. ദിലീപിന്റെ മൊബൈൽ ഫോണുകൾ കോടതിക്ക് കൈമാറിയതിനുപിന്നിൽ അന്വേഷണം വഴിതിരിച്ചുവിടാനുള്ള ഗൂഢശ്രമമാണെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു. ഇതിനിടെ, മറ്റൊരു യുവനടിയെ ക്വട്ടേഷൻ പ്രകാരം പൾസർ സുനി പീഡിപ്പിച്ചതായ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിൽ അവരെയും പൊലീസ് സമീപിച്ചു. അന്വേഷണത്തോട് സഹകരിക്കാൻ തയാറാണെന്നാണ് നടി അറിയിച്ചിരിക്കുന്നത്.
വിമൻ ഇൻ സിനിമ കലക്ടീവിന്റെ ഇടപെടലിനെ തുടർന്നാണ് നടി സഹകരിക്കാൻ തയാറായത്. ലോഹിതദാസിന്റെ സിനിമയിലൂടെ അരങ്ങേറ്റം കുറിച്ച നടിക്കായി കോട്ടയം കേന്ദ്രമായുള്ള ഒരു നിർമാതാവാണ് ക്വട്ടേഷൻ നൽകിയത്. ദിലീപിന് ഇൗ നിർമാതാവുമായി അടുപ്പമുണ്ട്. ദിലീപിന്റെ ഭാഗം ന്യായീകരിച്ച് ചർച്ചകളിലും മറ്റും ഇദ്ദേഹം സജീവമായിരുന്നു. പൾസർ സുനിക്ക് ദിലീപിൽനിന്ന് ക്വട്ടേഷൻ ലഭിച്ചത് ഇദ്ദേഹം വഴിയാണെന്നും സൂചനയുണ്ട്. കിളിരൂർ പീഡനക്കേസിലും ഇയാൾക്കെതിരെ ആരോപണം ഉയർന്നിരുന്നു.
ദിലീപിന് ജാമ്യം ലഭിക്കും മുമ്പുതന്നെ അപ്പുണ്ണിയെയും പ്രതീഷ് ചാക്കോയെയും കണ്ടെത്തുക എന്നതാണ് പൊലീസിന് മുന്നിലെ പ്രധാന വെല്ലുവിളി. നടിയെ ആക്രമിച്ച് പകർത്തിയ ദൃശ്യങ്ങൾ അടങ്ങിയ മെമ്മറികാർഡ് ദിലീപിന് നൽകാൻ പ്രതീഷ് ചാക്കോയുടെ കൈവശം ഏൽപിച്ചതായാണ് സുനി പൊലീസിനോട് വെളിപ്പെടുത്തിയത്.