കോഴിക്കോട്: മാവൂര്‍റോഡ് പൊതുശ്മശാനം ആധുനിക സൗകര്യങ്ങളോടെ നവീകരണത്തിന് ഒരുങ്ങുന്നു. വളരെക്കാലമായി നഗരസഭയില്‍ ചര്‍ച്ച ചെയ്യപ്പെടുന്ന പദ്ധതികളിലൊന്നാണ് ശ്മശാനത്തിന്റെ നവീകരണം. നഗരത്തിന്റെ ഹൃദയഭാഗത്ത് സ്ഥിതിചെയ്യുന്ന ശ്മശാനത്തില്‍ മൃതദേഹം സംസ്കരിക്കുമ്പോള്‍ ഉയരുന്ന പുക പ്രദേശവാസികള്‍ക്കും യാത്രക്കാര്‍ക്കും സൃഷ്ടിക്കുന്ന ബുദ്ധിമുട്ടുകള്‍ കണക്കിലെടുത്താണ് നടപടി. അന്താരാഷ്ട്ര നിലവാരത്തോടെയാണ് ശ്മശാനം നവീകരിക്കാനുള്ള പ്ലാന്‍ തയ്യാറാക്കിയിരിക്കുന്നതെന്ന് പൊതുകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്മാന് ടി.വി ലളിതപ്രഭ പറഞ്ഞു.
നഗരസഭ വിഹിതം 75 ലക്ഷവും എ.പ്രദീപ്കുമാര്‍ എംഎല്‍എ യുടെ ഫണ്ടില്‍ നിന്നും 50 ലക്ഷവുമാണ് ശ്മശാനത്തിനായി നീക്കിവച്ചിരിക്കുന്ന തുക. രൂപരേഖ പ്രകാരം 2015 ല്‍ നവീകരിച്ച് ജനങ്ങള്‍ക്കായി തുറന്നുകൊടുത്ത ഇലക്ട്രിക് സംവിധാനമുള്ള കെട്ടിടത്തിന് മാറ്റം വരുത്തുകയില്ല. നിലവില്‍ ശ്മശാനത്തില്‍ ഇലക്ട്രിക് ഉള്‍പ്പെടെ 15 മൃതദേഹങ്ങള്‍ ദഹിപ്പിക്കാന്‍ സാധിക്കും. അതില്‍ 14 ഉം പരമ്പരാഗതമായി മൃതദേഹങ്ങള്‍ ദഹിപ്പിക്കുന്ന ചൂളകളാണ്. ഇലക്ട്രിക് ശ്മശാനത്തില്‍ പരാമ്പരാഗത ചടങ്ങുകള്‍ നിര്‍വഹിക്കുന്നതിനുള്ള പരിമിതി കണക്കിലെടുത്ത് ഭൂരിഭാഗം പേരും ആശ്രയിക്കുന്നത് പരമ്പരാഗത ചൂളകളെയാണ്. ഇതില്‍ തന്നെ നാലെണ്ണത്തിന് ഷട്ടറുകളും പുക ഉയരത്തിലേക്ക് തള്ളുന്നതിന് ചിമ്മിനി സംവിധാനവുമുണ്ട്. എന്നാല്‍ ബാക്കി വരുന്ന 10 എണ്ണം സ്ഥിതി ചെയ്യുന്നത് കുടിലുകള്‍ക്കുള്ളിലെ തുറന്ന സ്ഥലത്താണ്.
ഇതില്‍ നിന്നുമുയരുന്ന പുകയാണ് പരിസരവാസികള്‍ക്ക് പ്രശ്നങ്ങള്‍ സൃഷ്ടിക്കുന്നത്. ഇവയെയെല്ലാം പൊളിച്ച് 12 മൃതദേഹങ്ങള്‍ ഒരേ സമയം ദഹിപ്പിക്കാന്‍ സാധിക്കുന്ന 12 ചൂളകള്‍ ഒരൊറ്റ കെട്ടിടത്തിലേക്കു മാറ്റിപണിയുന്നതാണ് നവീകരണ പദ്ധതി. ഇവയില്‍ നിന്നുയരുന്ന പുക 30 മീറ്റര്‍ ഉയരത്തിലുള്ള ചിമ്മിനി വഴി പുറംന്തള്ളും. പഴയകാലത്ത് കോഴിക്കോടുള്ള ഓട് ഫാക്ടറികളിലും മറ്റും പരിസരമലിനീകരണത്തിന് കാരണമാകാതെ പുകയെ പുറംന്തള്ളുന്നതിന് ഉപയോഗിച്ചിരുന്ന രീതിയാണ് ഇത്. പരമ്പാരാഗതമായ ചടങ്ങുകള്‍ ചെയ്യുന്നതിനുള്ള സംവിധാനവും കെട്ടിടത്തില്‍ ഒരുക്കും. അനുശോചനം നടത്തുന്നതിനുള്ള മുറി, പാര്‍ക്കിംഗ് സൗകര്യം, കെട്ടിടത്തിന് പുറത്ത് മനോഹരമായ ലാന്‍ഡ്സ്കേപ്പ് എന്നിവയും എംഎല്‍എ ഫണ്ട് ഉപയോഗിച്ച് ഒരുക്കും. പദ്ധതിയുടെ വിശദാം ശങ്ങള്‍ തയാറാക്കുന്നതിന് കഴിഞ്ഞ ദിവസം ചേര്‍ന്ന യോഗത്തില്‍ നഗരസഭ പിഡബ്ള്യൂഡി വകുപ്പിനെ ഏല്പിച്ച കഴിഞ്ഞു.

Dead Body