Home » നമ്മുടെ കോഴിക്കോട് » അൻസാരി പാർക്ക് തിരിച്ചുപിടിക്കുക

അൻസാരി പാർക്ക് തിരിച്ചുപിടിക്കുക

സാംസ്‌കാരിക ഇടങ്ങൾക്കായി പുതിയ സമരമുഖം തുറന്ന് കോഴിക്കോട്ടെ സാംസ്‌കാരിക പ്രവർത്തകർ

വി. അബ്ദുൽ ലത്തീഫ്

ഇന്ത്യൻനാഷണൽ കോൺഗ്രസിന്റെ ജനറൽ സെക്രട്ടറിയും പ്രസിഡണ്ടുമായിരുന്നു ഡോ.മുക്താർ അഹമ്മദ് അൻസാരി. പ്രഗത്ഭഭിഷഗ്വരനായ ഇദ്ദേഹം ലണ്ടനിലെ വിവിധ ആശുപത്രികളിൽ സേവനമനുഷ്ഠിച്ചുകൊണ്ടിരിക്കേയാണ് സ്വാതന്ത്ര്യസമരത്തിൽ ആകൃഷ്ടനായി ഇന്ത്യിലെത്തുന്നത്. ഖിലാഫത്ത് പ്രസ്ഥാനത്തിലും ഇന്ത്യൻ നാഷണൽ കോൺഗ്രസിലും മുസ്ലീംലീഗിലും പ്രവർത്തിച്ച ഡോ.അൻസാരി അവസാനം മഹാത്മാഗാന്ധിയുടെ വിശ്വസ്ത അനുയായിയും സുഹൃത്തുമായി കോൺഗ്രസിൽ ഉറച്ചുനിന്നു. 1936-ൽ ഒരു ട്രെയിൻയാത്രയ്ക്കിടെ ഹൃദയാഘാതം വന്ന് അന്തരിക്കുന്നതുവരെ അദ്ദേഹം ഗാന്ധിയുടെ ഡൽഹിയിലെ ആതിഥേയനും സഹായിയുമായിരുന്നു.
1920-കളിൽ ഡോ.അൻസാരി കോഴിക്കോട് സന്ദർശിച്ചതിന്റെ ഓർമ്മയ്ക്കായാണ് മാനാഞ്ചിറയുടെ വടക്കുഭാഗത്തുള്ള ഉദ്യാനത്തിന് അദ്ദേഹത്തിന്റെ പേരിടുന്നത്. എൺപതുകളോടെ എന്റെയൊക്കെ തലമുറ അൻസാരി പാർക്കിലെത്തുമ്പോൾ നഗരഹൃദയത്തിലെ പ്രധാന പൊതു ഇടങ്ങളിലൊന്നായിരുന്നു അൻസാരി പാർക്ക്.

നന്നായി പരിപാലിക്കുന്ന പൂച്ചെടികളും തണൽമരങ്ങളും. കിഴക്കുപടിഞ്ഞാറ് നീണ്ടുകിടക്കുന്ന മനോഹരമായ നടപ്പാത. നിറയെ സിമന്റുബെഞ്ചുകൾ. സിനിമാക്കാരും സാഹിത്യകാരന്മാരും സാധാരണക്കാരും വിദ്യാർത്ഥികളുമെല്ലാം വൈകുന്നേരത്തോടെ അൻസാരി പാർക്കിലെത്തും. മൂന്നു മുതൽ പത്തു വരെയാണ് അൻസാരിപാർക്കിലെ പ്രവേശനസമയം എന്നാണ് ഓർമ്മ. ബഷീറും ഉറൂബും തിക്കോടിയനും എം.ടി.വാസുദേവന്മാരുമൊക്കെ അൻസാരിപാർക്കിലെ സിമന്റ് ബെഞ്ചുകളിലിരുന്ന് വരാനിരിക്കുന്ന കോഴിക്കോടൻ വൈകുന്നേരങ്ങളെ മെനഞ്ഞെടുത്തവരാണ്. സാഹിത്യകാരന്മാരും വായനക്കാരും തമ്മിൽ ഒരു സിമെന്റുബെഞ്ചിന്റെ അകലമേയുണ്ടായിരുന്നുള്ളൂ ഇവിടെ.
അൻസാരി പാർക്കിന് കിഴക്ക് അല്പം തെക്കുമാറി ടോഗോർ പാർക്ക്. മഹാകവി ടാഗോറിനോടുള്ള ആദരസൂചകമായി നാമകരണം ചെയ്യപ്പെട്ട ഉദ്യാനം ഞങ്ങളൊക്കെ കാണുമ്പോൾ ഏതോ സ്വകാര്യസ്ഥാപനത്തിന് ഫാലുദക്കച്ചവടം നടത്താൻ ലീസിനുകൊടുത്ത അവസ്ഥയിലായിരുന്നു. ഇതിന്റെ ഒരു മൂലയിൽ ഇന്ത്യയുടെ പ്രഥമപ്രതിരോധമന്ത്രി വി.കെ.കൃഷ്ണമേനോന്റെ പൂർണ്ണകായവെങ്കലപ്രതിമ സ്ഥാപിച്ചു. ഗാന്ധിജിയും നെഹ്റുവും മറ്റ് ദേശീയനേതാക്കളും ഇന്ത്യയിൽ ദേശീയപ്രസ്ഥാനം ശക്തിപ്പെടുത്തിയപ്പോൾ ലണ്ടനിലിരുന്ന് തന്റെ വിപുലമായ സൗഹൃദങ്ങളുപയോഗിച്ച് ബ്രിട്ടീഷ്പാർലമെന്റ് അംഗങ്ങൾക്കിടിയിൽ ഇന്ത്യൻ സ്വാതന്ത്ര്യത്തിനുവേണ്ട അനുകൂലനങ്ങൾ രൂപപ്പെടുത്തിയത് കൃഷ്ണമേനോനാണ്. പ്രതിമ വന്നതോടെ ഡി.ഡി.ഇ.ഓഫീസും ബി.ഇ.എം.സ്കൂളുമൊക്കെയടങ്ങുന്ന നഗരചത്വരം കൃഷ്ണമേനോൽ സ്ക്വയറായി. ടാഗോർപാർക്കിന് തെക്കാണ് കോഴിക്കോടിന്റെ ഐക്കണുകളിലൊന്നായ മാനാഞ്ചിറ മൈതാനം. ജവഹർലാൽ നെഹ്റുവടക്കമുള്ള ദേശീയ നേതാക്കൾ,എ.കെ.ജി.യടക്കമുള്ള കമ്യൂണിസ്റ്റ് നേതാക്കൾ ഇവിടെ പ്രസംഗിച്ചിട്ടുണ്ട്. കോഴിക്കോട്ടെ ആദ്യ സിനിമാപ്രദർശനം നടന്നത് ഈ മൈതാനത്താണ്. എണ്ണമറ്റ കലാപരിപാടികൾ,സംഗീതവിരുന്നുകൾ,യുവജനോത്സവങ്ങൾ എല്ലാം നടന്ന സ്ഥലമാണ് ഇത്.

1994-ലാണ് കോഴിക്കോട്ടെ ദേശീയസ്മാരകങ്ങളിലൊന്നായ മാനാഞ്ചിറയും ചുറ്റുവട്ടവും അമിതാഭ്കാന്ത് എന്ന ഐ.എ.എസുകാരന്റെ അമിതാധികാരപ്രയോഗത്താൽ ഒരു മധ്യവർഗ്ഗഇക്കിളിയിടമായി പരുവപ്പെടുന്നത്. അൻസാരിപാർക്കിൽനിന്ന് കോഴിക്കോടൻ വൈകുന്നേരങ്ങൾ ആട്ടിയിറക്കപ്പെട്ടു. അൻസാരി പാർക്ക് എന്ന പേരുതന്നെ എടുത്തുകളഞ്ഞു. അവിടെ ടിക്കറ്റുവെച്ച് സംഗീതജലധാര വന്നു. കൃഷ്ണമേനോൻസ്ക്വയറും ടാഗോർപാർക്കും ആ മഹാന്മാരുടെ പേരുകളിൽനിന്ന് വലിച്ചെടുത്ത് ചിറയ്ക്കും പാർക്കിനുമിടയിലെ വിശാലമായ നടപ്പാതയും വീതിയേറിയ നിരത്തുംകൂടി ചേർത്ത് മാനാഞ്ചിറമൈതാനത്തിന്റെ എക്സ്റ്റൻഷൻ വനികയാക്കി. ചുറ്റുമതിലും കമാനങ്ങളും തീർത്ത് മാനാഞ്ചിറ സ്ക്വയർ എന്ന് പുനർ നാമകരണവും നടത്തി.
തദ്ദേശസ്വയംഭരണസ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പു വൈകിയ രാഷ്ട്രീസന്നിഗ്ദ്ധാവസ്ഥയിലാണ് കോർപ്പറേഷൻ ഭരണം കളക്ടറുടെ നിയന്ത്രണത്തിലാകുന്നത്. കാനോലി കനാലുണ്ടാക്കിയ ഹെന്ട്രി വാലന്റൈൻ കാനോലി എന്ന കാനോലിസായിപ്പും മലാബാർമാന്വലെഴുതിയ വില്യം ലോഗനും മാവൂർ റോഡ് വീതികൂട്ടി കോഴിക്കോടിന് ആധുനികനഗരങ്ങളുടെ ഛായ സമ്മാനിച്ച ജയചന്ദ്രനും കോഴിക്കോടിനെ പ്രതിമകളുടെ നഗരമാക്കിയ മോഹൻകുമാറുമെല്ലാം അടങ്ങിയ കോഴിക്കോടൻ കളക്ടർമാരുടെ ഇടയിലെ കറുത്ത അധ്യായമാണ് അമിതാബ്കാന്ത്. അയാളാണ് ലോക്കൽ ലൈബ്രറി അതോറിറ്റിയുടെ കീഴിലുള്ള കോഴിക്കോടിന്റെ ഗ്രന്ഥാലയം തട്ടിയെടുത്ത് നശിപ്പിച്ചത്. അയാളാണ് മനാഞ്ചിറയുടെ കിഴക്കുവശമുള്ള നടപ്പാത എടുത്തുകളഞ്ഞത്. അയാളാണ് കൃഷ്ണമേനോൻ സ്ക്വയറും ടാഗോർ പാർക്കും ഇല്ലാതാക്കിയത്. അയാളാണ് ദേശീയപ്രസ്ഥാനനായകൻ ഡോ.മുക്താർ അഹമ്മദ് അൻസാരിയുടെ പേരിലുള്ള ഉദ്യാനം ഓർമ്മയാക്കിയത്.
ഒരു ഉദ്യോഗസ്ഥന്റെ അമിതാധികാരപ്രയോഗത്താൽ നഷ്ടപ്പെട്ട പൊതു ഇടങ്ങൾ ജനകീയ ഭരണകൂടങ്ങൾക്ക് തിരിച്ചുപിടിക്കാവുന്നതേയുള്ളൂ. പഴയ അൻസാരിപാർക്ക് ഇന്ന് ഉപേക്ഷിക്കപ്പെട്ടു കിടക്കുകയാണ്. മ്യൂസിക് ഫൗണ്ടൻ എന്നേ കൊതുകു വളർത്തു കേന്ദ്രമായി. ഒരു കാലത്ത് മലയാളത്തിന്റെ മഹാസാഹിത്യകാരന്മാർ ഇരുന്ന പുൽത്തകിടികളും സിമന്റു ബഞ്ചുകളും നിരന്ന മൈതാനം ഇന്ന് കാടും മരങ്ങളും നിറഞ്ഞ് സാമൂഹ്യവിരുദ്ധരുടെ ഇഷ്ടകേന്ദ്രമാണ്.
നമുക്കു വേണം നമ്മുടെ അൻസാരിപാർക്ക്. അതൊരു ഓർമ്മയാണ്. ഇത് ഡോക്ടർ അൻസാരി, ഇത് വി.കെ.കൃഷ്ണമേനോൻ,ഇത് രവീന്ദ്രനാഥ ടാഗോർ എന്ന് ദേശീയപ്രസ്ഥാനചരിത്രം പുതിയ തലമുറയ്ക്കു പറഞ്ഞുകൊടുക്കാനുള്ള നിമിത്തങ്ങളാണ്. കോഴിക്കോട്ടെ നാടകക്കാർക്ക് ദൃശ്യഭാവനയെ തിടം വെപ്പിക്കാനുള്ള ഇരിപ്പുമൂലയാണ്. കവികൾക്ക് കൂടിയിരുന്ന് കവിത വായിക്കാനുള്ള പൊതുവിടമാണ്. കുഞ്ഞു കുഞ്ഞു യോഗങ്ങൾക്ക്,കൂടിയിരിപ്പുകൾക്ക്,പ്രതിഷേധങ്ങൾക്ക് ഉള്ള തുറന്ന വേദിയാണ്. സൗഹൃദങ്ങൾക്കും പ്രണയങ്ങൾക്കും വൈകുന്നേരങ്ങൾ ചെലവഴിക്കാനുള്ള വൃത്തിയും ഭംഗിയുമുള്ള പൂന്തോട്ടമാണ്.
പ്രിയപ്പെട്ട ജനപ്രതിനിധികളേ, ഞങ്ങൾക്ക് ഞങ്ങളുടെ പൊതുവിടങ്ങളും ഓർമ്മകളും വീണ്ടെടുത്തു തരണം. അതേ പേരുകളിൽ. കുറേക്കൂടി സൗകര്യങ്ങളോടെ

Leave a Reply