സ്ത്രീകള്‍ അംഗങ്ങളായ വാട്സാപ്പ് ഗ്രൂപ്പിലേക്ക് കുടുംബശ്രീയുടെ ചുമതലയുള്ള ഉദ്യോഗസ്ഥന് അശ്ലീലസന്ദേശം അയച്ച സംഭവത്തില്‍ കുടുംബശ്രീ അസിസ്റ്റന്റ് മിഷന് കോഓഡിനേറ്ററെ പുറത്താക്കി.
കോഴിക്കോട് കുടുംബശ്രീ അസിസ്റ്റന്റ് മിഷന് കോഓഡിനേറ്റര്‍ എം.സി മൊയ്തീനെയാണ് കുടുംബശ്രീ ഡയറക്ടര്‍ ഹരികിഷോര്‍ പുറത്താക്കിയത്. എന്നാല്‍ ഇയാള്‍ക്കെതിരെ മറ്റ് നിയമനടപടികളൊന്നും സ്വീകരിച്ചിട്ടില്ല. വിദ്യാഭ്യാസ വകുപ്പില്‍നിന്ന് ഡെപ്യൂട്ടേഷനിലാണ് ഇയാള്‍ കുടുംബശ്രീയില്‍ അസിസ്റ്റന്റ് മിഷന് കോഓഡിനേറ്റര്‍ ആയി എത്തിയത്. ഇരുന്നൂറിലേറെ സ്ത്രീകള്‍ അംഗങ്ങളായ വാട്സ്ആപ്പ് ഗ്രൂപ്പിലേയ്ക്ക് അശ്ലീല സന്ദേശം അയച്ചതായാണ് മൊയ്തീനെതിരായ ആരോപണം. ’17-18 വയസ്സുള്ള പെണ്‍കുട്ടികളുടെ ലൈംഗിക ചിത്രങ്ങള്‍ അയക്കൂ..’ എന്ന സന്ദേശമാണ് കുടുംബശ്രീ ഉദ്യോഗസ്ഥന് അംഗങ്ങളുടെ ഗ്രൂപ്പിലേക്ക് അയച്ചതായി ആരോപണം ഉയര്‍ന്നിരിക്കുന്നത്. കുടുംബശ്രീ മിഷന് കോര്‍ഡിനേറ്റര്‍ അടക്കമുളളവര്‍ അംഗമായ വാട്സാപ്പ് ഗ്രൂപ്പാണിത്.
കുടുംബശ്രീ അംഗങ്ങളുടെ ഉത്പന്നങ്ങള്‍ വില്‍ക്കുന്നതിന് വേണ്ടിയാണ് അംഗങ്ങളെ ഉള്‍പ്പെടുത്തി ‘മൈ ഹോം മൈ ഷോപ്പ്’ എന്ന പേരില്‍ വാട്സാപ്പ് ഗ്രൂപ്പുണ്ടാക്കിയത്. കുടുംബശ്രീയുടെ വിവിധ ഉത്പന്നങ്ങള്‍ ഉണ്ടാക്കുന്ന 200ഓളം സ്ത്രീകള്‍ ഈ ഗ്രൂപ്പില്‍ അംഗമായിരുന്നു.