നടിയെ തട്ടിക്കൊണ്ടുപോയി ഉപദ്രവിച്ച കേസിൽ ഗൂഢാലോചനക്കുറ്റത്തിന് അറസ്റ്റിലായ നടൻ ദിലീപിന്റെ ജാമ്യഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. ജാമ്യാപേക്ഷ അടിയന്തരമായി പരിഗണിക്കണമെന്ന ആവശ്യം നേരത്തെ തള്ളിയ കോടതി ഇന്നത്തേക്ക് മാറ്റുകയായിരുന്നു. അതിനിടെ, നടിയെ ആക്രമിച്ച കേസിലെ മുഖ്യപ്രതി സുനിൽകുമാറിന്റെ (പള്‍സർ സുനി) അമ്മയുടെ രഹസ്യമൊഴി രേഖപ്പെടുത്തി. കാലടി മജിസ്ട്രേട്ട് കോടതിയാണ് ബുധനാഴ്ച മൊഴിയെടുത്തത്. സുനില്‍കുമാറിന്റെ സാമ്പത്തിക ഇടപാടുകളെക്കുറിച്ചും മുന്‍ കേസുകളെക്കുറിച്ചുമുള്ള വിവരങ്ങളാണ് കോടതി ആരാഞ്ഞതെന്ന് അമ്മ പറഞ്ഞു.
നേരത്തെ ദിലീപിന്റെ ജാമ്യാപേക്ഷ അങ്കമാലി ഫസ്റ്റ് ക്ലാസ് കോടതി തള്ളിയിരുന്നു. മജിസ്ട്രേട്ട് കോടതി ജാമ്യം നിഷേധിച്ചാൽ ജില്ലാ സെഷൻസ് കോടതിയിൽ ജാമ്യാപേക്ഷ നൽകാൻ അവസരമുണ്ടെങ്കിലും അതിനു ശ്രമിക്കാതെ ദിലീപ് നേരിട്ട് ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. കേസിൽ ഗൂഢാലോചനയില്ലെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രസ്താവനയും ജാമ്യഹർജിയിൽ ചൂണ്ടിക്കാട്ടുന്നുണ്ട്. ‘തനിക്കെതിരെ തെളിവുകളൊന്നുമില്ല. സാക്ഷികളെ സ്വാധീനിക്കുമെന്ന വാദം അടിസ്ഥാനരഹിതമാണ്. അറസ്റ്റ് സംശയത്തിന്റെ അടിസ്ഥാനത്തിലാണ്’- ദിലീപ് ജാമ്യഹർജിയിൽ അവകാശപ്പെട്ടു. കേസിലെ മുഖ്യപ്രതി സുനിൽകുമാറിന് (പൾസർ സുനി) ക്വട്ടേഷൻ തുക കൈമാറാൻ ശ്രമിച്ചതായി പൊലീസ് കരുതുന്ന സുനിൽരാജ് (അപ്പുണ്ണി) അറസ്റ്റിലാവും മുൻപു ജാമ്യം നേടണമെന്നു ദിലീപിന് നിയമോപദേശം ലഭിച്ചിട്ടുണ്ട്. അപ്പുണ്ണി ബുധനാഴ്ച ഹൈക്കോടതിയിൽ മുൻകൂർ ജാമ്യാപേക്ഷ നൽകിയിരുന്നു.
മതിയായ തെളിവുകളില്ലാതെ പള്‍സര്‍ സുനിയുടെ മൊഴിമാത്രം കണക്കിലെടുത്തായിരുന്നു ദിലീപിന്റെ അറസ്റ്റെന്ന് ചുണ്ടിക്കാട്ടിയാണ് ജാമ്യാപേക്ഷ. കേസിൽ ഗൂഢാലോചനയില്ലെന്ന് മുഖ്യമന്ത്രി തന്നെ വ്യക്തമാക്കിയിട്ടുണ്ട്. കേസിലെ അന്തിമ റിപ്പോര്‍ട്ട് ഏപ്രിലില്‍ സമര്‍പ്പിക്കുമ്പോഴും ദിലീപ് പ്രതിയായിരുന്നില്ല. സിനിമാ ജീവിതം തകര്‍ക്കാന്‍ ചിലര്‍ ഗൂഢാലോചന നടത്തുന്നുവെന്ന പരാതി നല്‍കിയതിനു പിന്നാലെയാണ് ദിലീപിനെതിരെ പൊലീസ് തിരിഞ്ഞതെന്നും ജാമ്യഹർജിയിൽ ചൂണ്ടിക്കാട്ടുന്നു.നടിയെ ആക്രമിക്കാന്‍ ദിലീപ് ഗൂഢാലോചന നടത്തിയെന്ന് വ്യക്തമാക്കുന്ന തെളിവുകളൊന്നും റിമാന്‍ഡ് റിപ്പോര്‍ട്ടിലില്ല. റിമാന്‍ഡ് റിപ്പോര്‍ട്ടിലെ ആരോപണങ്ങള്‍ ദിലീപിന്റെ ജീവനക്കാര്‍ക്കെതിരെ മാത്രമാണ്. ദിലീപിനെ മണിക്കൂറുകളോളം ചോദ്യം ചെയ്തു. ഇനിയും ജയിലില്‍ തുടരേണ്ട സാഹചര്യമില്ലെന്നുമുള്ള വാദങ്ങളാണ് ജാമ്യാപേക്ഷയില്‍ ചൂണ്ടിക്കാട്ടുന്നത്. അടിയന്തരമായി ജാമ്യാപേക്ഷ പരിഗണിക്കേണ്ട സാഹചര്യമില്ലെന്നായിരുന്നു സര്‍ക്കാരിന്റെ നിലപാട്. ആവശ്യമെങ്കിൽ കേസ് ഡയറി ഹാജരാക്കുമെന്നും ഡിജിപി അറിയിച്ചു.
അതേസമയം, പൾസർ സുനിയുടെ ജാമ്യാപേക്ഷ അങ്കമാലി കോടതിയും സഹായി മണികണ്ഠന്റെ ജാമ്യാപേക്ഷ ഹൈക്കോടതിയും ഇന്ന് പരിഗണിക്കുമെന്നറിയുന്നു. 2011 നവംബറിൽ നടിയെ തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ചെന്ന കേസിൽ പൊലീസ് കസ്റ്റഡിയിൽ വിട്ട പൾസർ സുനിയെ ഇന്ന് വിവിധ സ്ഥലങ്ങളിലെത്തിച്ച് തെളിവെടുപ്പ് നടത്തും. നടിയെ ആക്രമിച്ച കേസില്‍ ഒന്നാംപ്രതി സുനില്‍കുമാറിന്റെ (പള്‍സര്‍ സുനി) മുന്‍ അഭിഭാഷകനായ പ്രതീഷ് ചാക്കോയെ ഇന്ന് ചോദ്യം ചെയ്യും. ഇതിനായി ഇയാള്‍ ഇന്ന് അന്വേഷണ ഉദ്യോഗസ്ഥന് മുന്‍പാകെ ഹാജരാകും. മുന്‍കൂര്‍ ജാമ്യഹര്‍ജി പരിഗണിക്കവെ പ്രതീഷ് ചാക്കോയുടെ അഭിഭാഷകനാണ് ഇക്കാര്യം കോടതിയെ അറിയിച്ചത്. ഇക്കാര്യം രേഖപ്പെടുത്തിയ കോടതി, ഹര്‍ജി നടപടി തീര്‍പ്പാക്കി. നടിയുടെ ദൃശ്യങ്ങള്‍ പകര്‍ത്താന്‍ ഉപയോഗിച്ച മൊബൈല്‍ ഫോണ്‍ അഭിഭാഷകനായ പ്രതീഷ് ചാക്കോയുടെ ഓഫീസിലെത്തി കൈമാറിയെന്നു സുനില്‍ പൊലീസിനു മൊഴി നല്‍കിയിരുന്നു. തുടര്‍ന്ന്, ക്രിമിനല്‍ നടപടി ചട്ടം 41 (എ) പ്രകാരം ചോദ്യം ചെയ്യലിനു ഹാജരാകാന്‍ അന്വേഷണ സംഘം നോട്ടിസ് നല്കിയ സാഹചര്യത്തിലാണു ഹര്‍ജി.
നിലവില്‍ പ്രോസിക്യൂഷന് നല്‍കിയിട്ടുള്ള രേഖകള്‍ പ്രകാരം ഹര്‍ജിക്കാരനെതിരെ ജാമ്യം ലഭിക്കാവുന്ന വകുപ്പുകളാണുള്ളതെന്നു കോടതി വിലയിരുത്തി. അതിനാല്‍ മുന്‍കൂര്‍ ജാമ്യഹര്‍ജിക്കു പ്രസക്തിയില്ലെന്നും ചൂണ്ടിക്കാട്ടി. എന്നാല്‍ ക്രിമിനല്‍ നടപടി ചട്ടം 41 എ (2) അനുസരിച്ച്, ചോദ്യം ചെയ്യലിനിടെ ജാമ്യമില്ലാ വകുപ്പുകള്‍ പ്രകാരമുള്ള കുറ്റകൃത്യങ്ങള്‍ ബോധ്യപ്പെട്ടാല്‍ കാരണം രേഖപ്പെടുത്തി അറസ്റ്റ് സാധ്യമാണെന്നു പ്രോസിക്യൂഷന് ബോധിപ്പിച്ചതു കോടതി രേഖപ്പെടുത്തി.