ഗതാഗതം സുഗമമാക്കാന്‍ സഹായിക്കുന്ന വിധത്തില്‍ കോഴിക്കോട് നഗരത്തില്‍ പാര്‍ക്കിങ് നയം വരുന്നു. റീജനല്‍ ടൗണ്‍ പ്ലാനിങ് വിഭാഗത്തിന്റെ നേതൃത്വത്തില്‍ തയാറാക്കിയ കരടു നയം ചീഫ് ടൗണ്‍ പ്ലാനര്‍ക്കു സമര്‍പ്പിച്ചുകഴിഞ്ഞു. നഗരത്തില്‍ പാര്‍ക്കിങ്ങിനായി കൂടുതല്‍ സ്വകാര്യസ്ഥലം കണ്ടെത്തുക എന്നതിനാണ് നയത്തില്‍ ഊന്നല്‍ നല്‍കുന്നത്.
നഗരത്തില്‍ സ്വകാര്യ ഉടമസ്ഥതയിലുള്ള സ്ഥലങ്ങള്‍ കോര്പറേഷന് തന്നെ കണ്ടെത്തിയായിരിക്കും പാര്‍ക്കിങ്ങിനായി ലഭ്യമാക്കുന്നത്. ഇതില്‍നിന്നുള്ള വരുമാനം സ്ഥലംഉടമയ്ക്കു ലഭിക്കുന്നതരത്തിലായിരിക്കും കരാറുണ്ടാക്കുക. നഗരത്തില്‍ ഏതെല്ലാം ഭാഗത്ത് പാര്‍ക്കിങ് അനുവദിക്കണം, എവിടെയെല്ലാം പാര്‍ക്കിങ് പൂര്‍ണമായും നിരോധിക്കണം തുടങ്ങിയ നിര്‍ദേശങ്ങള്‍ കരടില്‍ ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്.
ഫീസ് നല്‍കിയുള്ള പാര്‍ക്കിങ് സൗകര്യം ഏര്‍പ്പെടുത്തേണ്ട സ്ഥലങ്ങളും നിര്‍ദേശിച്ചിട്ടുണ്ട്.ചീഫ് ടൗണ്‍ പ്ലാനറുടെ അംഗീകാരം ലഭിച്ചാല്‍ നയം സബന്ധിച്ച് കോര്‍പറേഷന്റെ നേതൃത്വത്തില്‍ ചര്‍ച്ചകള്‍ സംഘടിപ്പിക്കും. തുടര്‍ന്ന് ഇതുസംബന്ധിച്ചു പൊതുജനങ്ങളുടെ അഭിപ്രായങ്ങളും നിര്‍ദേശങ്ങളും പരാതികളും പരിഗണിച്ചശേഷമായിരിക്കും അന്തിമ നയത്തിനുരൂപം നല്‍കുകയെന്ന് റീജനല്‍ ടൗണ്‍ പ്ലാനര്‍ കെ.വി. അബ്ദുല്‍ മാലിക് അറിയിച്ചു. ട്രാഫിക് പൊലീസ്, നാറ്റ്പാക് എന്നിവരുടെ സഹകരണത്തോടെയാണു നയം രൂപീകരിച്ചിരിക്കുന്നത്.
