Home » ഇൻ ഫോക്കസ് » മതിലുകൾ പൊളിയണം. വാതിലുകൾ തുറക്കപ്പെടണം: അനിൽ കുമാർ തിരുവോത്ത്

മതിലുകൾ പൊളിയണം. വാതിലുകൾ തുറക്കപ്പെടണം: അനിൽ കുമാർ തിരുവോത്ത്

“പൊതുവിടം”രാഷ്ട്രീയ ഇടമാണ്. വെറുതെ മുഖം നോക്കിയിരുന്ന് പരദൂഷണം പറയുന്ന ഇടമല്ല. ഉറങ്ങാത്ത നഗരം എന്ന ഒരു പെരുമ ഉണ്ടായിരുന്നു കോഴിക്കോടിന്, പണ്ട്. ഇന്ന് ഒരു സർക്കാർ അക്കാദമിയുടെ മുറ്റത്ത് ഏഴുമണിക്ക് ശേഷം നിൽക്കുന്ന, ഇരിക്കുന്ന ഒരാൾ സാമൂഹ്യവിരുദ്ധനാണ്. അവർ പെരുമാറുന്നു എന്ന കാരണം പറഞ്ഞാണ് കാണുന്നേടത്തൊക്കെ മതിലുകൾ പൊക്കുന്നത്.Social gathering സാധ്യമാകുന്ന ഇടത്തൊക്കെ വിലക്കുകളോ മതിലുകളോ ഉയർത്തുന്നത്, ജനം സംഘടിക്കുന്നതും ആശയവിനിമയം നടത്തുന്നതും ഭയപ്പെടുന്നവരാണ്.ഇത് ഹനുമാൻ സേനയുടെ രൂപമാർജ്ജിച്ച്,അട്ടഹസിച്ച് വരുന്നത് മറൈൻഡ്രൈവിൽ നാം കണ്ടതാണ്. അവർക്കറിയാം ഇത്തരം പൊതു ഇടങ്ങളിലെ സ്വതന്ത്രമായ ചർച്ചയിൽ ഉരുത്തിരിയുന്ന ആശയങ്ങൾ നാളെ കേരളത്തിൽ നടപ്പാവുമെന്ന്. അവർ ഉയർത്തിയ കാരാഗാരങ്ങളെ വെല്ലുവിളിക്കുമെന്ന്. ഉണർച്ചകളെ തളർത്താനാഗ്രഹിക്കുന്ന ഭരണകൂട ഭീതികൾ എന്നും ചെയ്ത് പോന്നിട്ടുള്ള ഈ പണി ഇടതു/ വലതു പക്ഷഭേദങ്ങളില്ലാതെ തുടർന്നുപോരുന്നതാണ് ഇപ്പോൾ നാം കാണുന്നത്. ആർട്ട് ഗാലറി പരിസരമായാലും അൻസാരി പാർക്ക് ആയാലും മാനാഞ്ചിറ മൈതാനമായാലും മുതലക്കുളമായാലും കോഴിക്കോടിന് നഷ്ടമാകുന്ന പൊതുവിടങ്ങൾ അരിച്ചരിച്ചെത്തുന്ന ഫാസിസത്തിന്റെ പ്രത്യക്ഷങ്ങളാണ്. കാലം മുന്നോട്ട് പോകണമെങ്കിൽ,പൊതുജന സംസ്കാരം, വ്യവസ്ഥാവിരുദ്ധ മുന്നേറ്റങ്ങൾ സജീവമായി നിലനിൽക്കണമെങ്കിൽ തളംകെട്ടി നിൽക്കുന്ന പൊതുവിടങ്ങൾ തുറസ്സാക്കപ്പെടണം.കോഴിക്കോട്ടെ കലാ-സാംസ്കാരിക പ്രവർത്തകർ ശ്രമിക്കുന്നത് അതിനായാണ്;പൊതുവിടങ്ങൾ തിരിച്ചു പിടിക്കാനായി.
മതിലുകൾ പൊളിയണം. വാതിലുകൾ തുറക്കപ്പെടണം

Leave a Reply