Home » ആരോഗ്യം » നഴ്‌സുമാരുടെ സമരം ഒത്തുതീർപ്പായി; കുറഞ്ഞശമ്പളം 20,000 രൂപ

നഴ്‌സുമാരുടെ സമരം ഒത്തുതീർപ്പായി; കുറഞ്ഞശമ്പളം 20,000 രൂപ

സ്വകാര്യ ആശുപത്രികളിലെ നഴ്‌സുമാര്‍ മൂന്നാഴ്ചയായി നടത്തിവന്ന സമരം, മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തില്‍ നടന്ന ചര്‍ച്ചയില്‍ ഒത്തുതീര്‍ന്നു. ഇതനുസരിച്ച് 50 കിടക്ക വരെയുളള ആശുപത്രികളിലെ നഴ്‌സുമാരുടെ ശമ്പളം 20,000 രൂപയായിരിക്കും. 50 കിടക്കകള്‍ക്കുമീതേ വരുന്ന ആശുപത്രികളിലെ നഴ്‌സുമാരുടെ ശമ്പളം പുനര്‍നിര്‍ണയിക്കാന്‍ നാലംഗ ഉദ്യോഗസ്ഥ സമിതിയെ നിയോഗിക്കാനും തീരുമാനിച്ചു. നഴ്‌സുമാരുടെ പരിശീലന കാലാവധി, പരിശീലന കാലത്തെ സ്‌റ്റൈപന്‍ഡ് എന്നീ കാര്യങ്ങളും ഈ സമിതി പരിശോധിക്കും. ഒരു മാസത്തിനകം സമിതി റിപ്പോര്‍ട്ട് സമര്‍പ്പിക്കണം. തൊഴില്‍, ആരോഗ്യം, നിയമം വകുപ്പുകളുടെ സെക്രട്ടറിമാരും ലേബര്‍ കമ്മിഷണറുമാണ് സമിതിയിലെ അംഗങ്ങള്‍.സമിതി ഒരു മാസത്തിനുള്ളില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കുമെന്നും മുഖ്യമന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.

നഴ്‌സുമാരുടെയും ആശുപത്രി മാനേജ്‌മെന്റുകളുടെയും സംഘടനാ പ്രതിനിധികള്‍ മുഖ്യമന്ത്രിയുടെ സാന്നിധ്യത്തില്‍ നടത്തിയ ചര്‍ച്ചയിലാണ് സമരം ഒത്തുതീര്‍ന്നത്. നഴ്‌സുമാരുടെ സംഘടനാ പ്രതിനിധികള്‍, മിനിമം വേജസ് കമ്മിറ്റിയില്‍ പ്രാതിനിധ്യമുളള ട്രേഡ് യൂണിയന്‍ പ്രതിനിധികള്‍, സ്വകാര്യ ആശുപത്രികളുടെ പ്രതിനിധികള്‍ എന്നിവരുമായി വെവ്വേറെ ഉഭയകക്ഷി ചര്‍ച്ച നടത്തിയ ശേഷമാണ് മുഖ്യമന്ത്രി എല്ലാവരെയും ഒന്നിച്ച് വിളിച്ചു ചേര്‍ത്തത്. യോഗത്തില്‍ മുഖ്യമന്ത്രി മുന്നോട്ടുവെച്ച നിര്‍ദ്ദേശങ്ങള്‍ എല്ലാവരും പൂര്‍ണ്ണമായി അംഗീകരിച്ചു.

മുഖ്യമന്ത്രിയുമായി നടത്തിയ ചര്‍ച്ചയുടെ പശ്ചാത്തലത്തില്‍ സമരം പിന്‍വലിക്കാന്‍ തീരുമാനിച്ചതായി നഴ്‌സുമാരുടെ സംഘടനയായ യുഎന്‍എ അറിയിച്ചു. സമരം വിജയകരമായി പര്യവസാനിച്ചതായും സംഘടനാ പ്രതിനിധികള്‍ അവകാശപ്പെട്ടു.

ഉദ്യോഗസ്ഥ സമിതിയുടെ ശുപാര്‍ശ ലഭിച്ചുകഴിഞ്ഞാല്‍ അത് മിനിമം വേജസ് കമ്മിറ്റി മുമ്പാകെ സമര്‍പ്പിക്കുമെന്നും അത് അംഗീകരിക്കണമെന്ന് സമിതിയോട് സര്‍ക്കാര്‍ അഭ്യര്‍ത്ഥിക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു. സമരം നടത്തിയതിന്റെ പേരില്‍ ഒരു തരത്തിലുളള പ്രതികാര നടപടിയും ഉണ്ടാവരുതെന്ന് മുഖ്യമന്ത്രി മാനേജ്‌മെന്റുകളോട് നിര്‍ദ്ദേശിച്ചു.

സുപ്രീംകോടതി നിര്‍ദ്ദേശിച്ച കുറഞ്ഞ ശമ്പളത്തില്‍നിന്ന് കേരളത്തിന് ഒരുതരത്തിലും പിറകോട്ടുപോകാന്‍ സാധ്യമല്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. എല്ലാമേഖലയിലും ഇതര സംസ്ഥാനങ്ങളെ അപേക്ഷിച്ച് മെച്ചപ്പെട്ട വേതനമുളള സംസ്ഥാനമാണ് കേരളം. ഇവിടുത്തെ മെച്ചപ്പെട്ട ജീവിതനിലവാരം വേതനവ്യവസ്ഥയുമായി ബന്ധപ്പെട്ടതാണ്. ഉയര്‍ന്ന വിദ്യാഭ്യാസ യോഗ്യതയുളള നഴ്‌സുമാര്‍ക്ക് മെച്ചപ്പെട്ട വേതനത്തിന് അര്‍ഹതയുണ്ടെന്ന് വാര്‍ത്താ സമ്മേളനത്തില്‍ മുഖ്യമന്ത്രി വ്യക്തമാക്കി.