Home » നമ്മുടെ കോഴിക്കോട് » ചെമ്പനോട കര്‍ഷക ആത്മഹത്യ: ഉദ്യോഗസ്ഥന്‍ ഉത്തരവാദിയെന്നതിന് തെളിവില്ലെന്ന് റിപ്പോര്‍ട്ട്; ‘ആത്മഹത്യയ്ക്ക് കുടുംബപ്രശ്‌നങ്ങളും കാരണമായി’

ചെമ്പനോട കര്‍ഷക ആത്മഹത്യ: ഉദ്യോഗസ്ഥന്‍ ഉത്തരവാദിയെന്നതിന് തെളിവില്ലെന്ന് റിപ്പോര്‍ട്ട്; ‘ആത്മഹത്യയ്ക്ക് കുടുംബപ്രശ്‌നങ്ങളും കാരണമായി’

കോഴിക്കോട്: ചെമ്പനോട വില്ലേജ് ഓഫിസിലെ കര്‍ഷക ആത്മഹത്യയില്‍ ഉദ്യോഗസ്ഥന്‍ നേരിട്ട് ഉത്തരവാദിയെന്നതിന് തെളിവില്ലെന്ന് റവന്യൂ അഡീന്മഷണല്‍ സെക്രട്ടറിയുടെ റിപ്പോര്‍ട്ട്. ജോയിയുടെ കരം സ്വീകരിക്കുന്നത് സംബന്ധിച്ച പ്രശ്‌നം പരിഹരിക്കുന്നതില്‍ തഹസീല്‍ദാര്‍ക്കും വില്ലേജ് ഓഫിസര്‍ക്കും വീഴ്ചപറ്റി. കര്‍ഷകനോട് ഉദ്യോഗസ്ഥര്‍ കൈക്കൂലി ആവശ്യപ്പെട്ടതിന് തെളിവില്ലെന്നും കഴിഞ്ഞദിവസം റവന്യൂമന്ത്രിക്ക് കൈമാറിയ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. ജോയ് ആത്മഹത്യ ചെയ്തിട്ട് ഇന്ന് ഒരുമാസം തികയുകയാണ്.

കര്‍ഷകന്‍ ജോയി ആത്മഹത്യ ചെയ്തതില്‍ പ്രേരണാക്കുറ്റം ചുമത്തിയാണ് വില്ലേജ് അസിസ്റ്റന്റ് സിലീഷ് തോമസിനെ അറസ്റ്റ് ചെയ്തത്. വില്ലേജ് ഓഫിസര്‍ സണ്ണിയെയും സിലീഷീനെയും റവന്യൂവകുപ്പ് സസ്‌പെന്‍ഡ് ചെയ്തു. തുടര്‍ന്നാണ് വിശദമായ അന്വേഷണത്തിനായി റവന്യൂമന്ത്രി ഇ.ചന്ദ്രശേഖരന്‍ റവന്യൂ അഡീഷണല്‍ സെക്രട്ടറി പി.എച്ച്.കുര്യനെ ചുമതലപ്പെടുത്തിയത്.

ആത്മഹത്യയ്ക്ക് ഉദ്യോഗസ്ഥന്‍ നേരിട്ട് ഉത്തരവാദിയല്ല. കൈക്കൂലി ആവശ്യപ്പെട്ടതിനോ വാങ്ങിയതിനോ തെളിവില്ല. എന്നാല്‍ ജോയിയുടെ ഭൂമിയ്ക്ക് കരമടയ്ക്കുന്നതുമായി ബന്ധപ്പെട്ട വിഷയത്തില്‍ ഉദ്യോഗസ്ഥര്‍ക്ക് ജാഗ്രതക്കുറവുണ്ടായി. തഹസീല്‍ദാരുടെ മുന്നിലുണ്ടായിരുന്ന പ്രശ്‌നം പരിഹരിക്കാന്‍ വില്ലേജ് ഓഫിസഫറുടെ ഭാഗത്ത് നിന്ന് കാര്യമായ നീക്കമുണ്ടായില്ല.

ഇതാണ് അനിഷ്ട സംഭവങ്ങള്‍ക്കിടയാക്കിയതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ജോയിയുടെ ആത്മഹത്യയ്ക്ക് കുടുംബപ്രശ്‌നങ്ങളും കാരണമായെന്നും സഹോദരനുമായി ചില തര്‍ക്കങ്ങള്‍ നിലനില്‍ക്കുന്നുണ്ടെന്നും റിപ്പോര്‍ട്ടിലുണ്ട്. സിലീഷ് തോമസിന് കഴിഞ്ഞദിവസമാണ് ഹൈക്കോടതി ജാമ്യം അനുവദിച്ചത്. കഴിഞ്ഞമാസം 21 ന് രാത്രിയിലാണ് സ്വന്തമായുള്ള ഭൂമിയ്ക്ക് കരമടയ്ക്കാന്‍ വൈകുന്നതിലുള്ള മനോവിഷമത്തില്‍ കര്‍ഷകന്‍ ജോയി ചെമ്പനോട വില്ലേജ് ഓഫിസില്‍ തൂങ്ങിമരിച്ചത്.

Leave a Reply